കെ.കെ. കുഞ്ഞൻ
തിരുവിതാംകൂർ കയർഫാക്ടറി വർക്കേഴ്സ് യൂണിയന്റെ ദീർഘകാല സെക്രട്ടറിയും പുന്നപ്ര-വയലാർ സമരത്തിന്റെ അഞ്ചംഗ കേന്ദ്ര ആക്ഷൻ കൗൺസിൽ അംഗവുമായിരുന്നു കെ.കെ. കുഞ്ഞാൻ.
അച്ഛൻ എഴുപുന്ന കീക്കര പണിക്കർ കൊപ്ര വ്യാപാരിയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ആസ്പിൻവാൾ കമ്പനിയിൽ തടുക്ക് തയ്യൽ തൊഴിലാളിയായി. തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ പ്രവർത്തകനായി.
മിതവാദപരമായ ആവശ്യങ്ങളിൽ ഒതുങ്ങി പ്രവർത്തിച്ചിരുന്ന ഈ സംഘടനയെ ഒരു വിപ്ലവ ട്രേഡ് യൂണിയനായി രൂപാന്തരപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച നേതാവായിരുന്നു കെ.കെ. കുഞ്ഞൻ. തൊഴിലാളികൾ മുൻകൈയെടുത്തു നടത്തിയ ഒറ്റപ്പെട്ട സമരങ്ങളിൽനിന്നു വ്യത്യസ്തമായി ലേബർ അസോസിയേഷൻ തീരുമാനമെടുത്ത് ഒരു പണിമുടക്ക് സംഘടിക്കുന്നത് 1933-ൽ പി. കേശവദേവ് സെക്രട്ടറിയായിരിക്കുമ്പോഴാണ്. കേശവദേവിനെപ്പോലെ തീവ്രനിലപാടുകാരനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നതിനു മുൻകൈയെടുത്തത് കെ.കെ. കുഞ്ഞൻ, പി.ജി. പത്മനാഭൻ എന്നിങ്ങനെ ഒരുപറ്റം ചെറുപ്പക്കാരായ തൊഴിലാളികളായിരുന്നു. 1935-ലെ ജാഥാ നിരോധനത്തെ തുടർന്ന് അസോസിയേഷൻ ആഹ്വാനം ചെയ്യാതെ തന്നെ തൊഴിലാളികൾ ഒന്നടങ്കം ആദ്യമായി പണിമുടക്കി.
തൊഴിലാളികളിൽ വർഗബോധവും സംഘടനാതാല്പര്യവും വളർന്നതിന്റെ പിന്നിൽ പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ രൂപംകൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇതിനായി പി. കൃഷ്ണപിള്ള ആദ്യം ബന്ധപ്പെട്ടിരുന്ന പ്രവർത്തകരിൽ ഒരാളായിരുന്നു കെ.കെ. കുഞ്ഞൻ. 1936-ൽ സി.എസ്.പിയുടെ ആദ്യഘടകത്തിൽ കെ.കെ. കുഞ്ഞനും അംഗമായിരുന്നു. ഈ ഗ്രൂപ്പാണ് തുടർന്നുള്ള പാർടി ഘടകങ്ങൾ സംഘടിപ്പിക്കാനും രാഷ്ട്രീയവിദ്യാഭ്യാസത്തിനും മുൻകൈയെടുത്തത്.
1936-ലെ ലേബർ അസോസിയേഷൻ 13-ാമതു സമ്മേളനത്തിൽവച്ച് ആദ്യമായി അരിവാളും ചുറ്റികയുമുള്ള ചെങ്കൊടി ഉയർത്തി. 1938-ലെ പണിമുടക്കിന്റെ ചാലകശക്തി പി. കൃഷ്ണപിള്ളയും സി.എസ്.പി അംഗങ്ങളുമായിരുന്നു. 25 ദിവസം നീണ്ട പണിമുടക്കത്തിന്റെ ഗതിവിഗതികൾ ആലപ്പുഴ തൊഴിലാളി പ്രസ്ഥാനത്തെ അടിമുടി രാഷ്ട്രീയവല്കരിച്ചു.
തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ കാലത്തുതന്നെ കെ.കെ. കുഞ്ഞൻ യൂണിൻ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു. പുതിയ ട്രേഡ് യൂണിയൻ ആക്ടിനു കീഴിൽ തിരുവിതാംകൂർ ലേബർ അസോസിയേഷൻ തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ഒന്നാമതു യൂണിയനായി രജിസ്റ്റർ ചെയ്യപ്പെട്ടു. ഇതോടെ കെ.കെ. കുഞ്ഞൻ യൂണിയന്റെ അനിഷേധ്യ നേതാക്കളിൽ ഒരാളായി. 1994———ലെ വാർഷികത്തിൽവച്ച് കെ.കെ. കുഞ്ഞൻ യൂണിയന്റെ ജനറൽ സെക്രട്ടറിയായി. അനാരോഗ്യംമൂലം മരണത്തിനു രണ്ട് വർഷംമുമ്പ് സ്ഥാനം ഒഴിയുന്നതുവരെ ഈ ചുമതല വഹിച്ചു.
കെകെ എന്നായിരുന്നു വിളിപ്പേര്. ഓഫീസ് കാര്യങ്ങളിലും ട്രേഡ് യൂണിയൻ ചിട്ടകളിലും കർക്കശക്കാരനായിരുന്നു. എല്ലാ ഫാക്ടറികളിലും ഫാക്ടറി കമ്മിറ്റികളും ഡിപ്പാർട്ട്മെന്റ് കമ്മിറ്റികളും ഓരോ ഫാക്ടറിക്കും യൂണിയൻ ഓഫീസിൽ പ്രത്യേകം ഫയലുകൾ, കൃത്യമായ മിനിറ്റ്സുകൾ, കണക്ക് പുസ്തകം ഇവയൊക്കെ തിരുവിതാംകൂർ കയർ വർക്കേഴ്സ് ട്രേഡ് യൂണിയൻ സമാനതകളില്ലാത്ത മാതൃകയായി. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ എട്ടാമത് വാർഷികത്തിനു സെക്രട്ടറിയായ കെ.കെ. കുഞ്ഞൻ അവതരിപ്പിച്ച റിപ്പോർട്ട് ആലപ്പുഴ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ സമഗ്രമായ ഒരു ചരിത്ര വിവരണമായി ഇന്നും നിലനിൽക്കുന്നു.
ജനകീയ യുദ്ധലൈൻ പാർടി ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നതിനു പോയിരുന്നവരിൽ പ്രമുഖൻ കെ.കെ. കുഞ്ഞൻ ആയിരുന്നു. ഒരുവശത്ത് ജനകീയ യുദ്ധലൈൻ പ്രകാരം ഉല്പാദനത്തിനു വിഘ്നം വരില്ലെന്ന് ഉറപ്പുവരുത്തുക, മറുവശത്ത് ക്ഷാമത്തിന്റെയും വിലക്കയറ്റത്തിന്റെയും നാളിൽ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കക്കുക. അസാമാന്യ മെയ് വഴക്കത്തോടെ ആലപ്പുഴ ട്രേഡ് യൂണിയൻ നേതൃത്വം ഈ സ്ഥിതിവിശേഷം കൈകാര്യം ചെയ്തു. നിയന്ത്രിതമായ സമ്മർദ്ദക പ്രക്ഷോഭവും അതോടൊപ്പം ജാപ്പ് വിരുദ്ധ പ്രചാരവേലയും വാർ സപ്ലൈസിനു മുടക്കംവരില്ലെന്ന് ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങളും സംയോജിപ്പിച്ചുകൊണ്ടായിരുന്നു പ്രവർത്തനം. തന്മൂലം ട്രേഡ് യൂണിയൻ അംഗത്വം അതിവേഗം വളർന്നു. ഫാക്ടറി കമ്മിറ്റികൾ സുശക്തമായി. സ്ത്രീ തൊഴിലാളികൾ സംഘടിതരായി. മറ്റു മേഖലകളിലേക്കും യൂണിയൻ പ്രവർത്തനം വ്യാപിച്ചു. തൊഴിലാളികൾ വിപ്ലവബോധമുള്ളവരായി വളർന്നു.
ഇതിന്റെ അനന്തരഫലമായിരുന്നു 1946-ൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്കുള്ള തൊഴിലാളി വർഗത്തിന്റെ വളർച്ച. പുന്നപ്ര-വയലാർ സമരത്തിന്റെ കേന്ദ്ര ആക്ഷൻ കമ്മിറ്റിയിൽ ഒരംഗമായിരുന്നു കെ.കെ. കുഞ്ഞൻ. ആര്യാട് രഹസ്യ കേന്ദ്രത്തിലാണ് കമ്മിറ്റി പ്രവർത്തിച്ചിരുന്നത്.
ഒക്ടോബർ 24-27 തീയതികളിലെ വെടിവയ്പ്പിനുശേഷം ഒക്ടോബർ 31-നു പണിമുടക്ക് പിൻവലിക്കപ്പെട്ടു. യൂണിയൻ പ്രസിഡന്റ് ടി.വി. തോമസ് അറസ്റ്റ് ചെയ്യപ്പെട്ടു. സെക്രട്ടറി കെ.കെ. കുഞ്ഞൻ ഒളിവിൽപ്പോയി. യൂണിയൻ ഓഫീസും അനുബന്ധ സ്ഥാപനങ്ങളും പട്ടാളം കൈയേറി. ദീർഘനാളത്തെ ഒളിവുജീവിതത്തിനുശേഷം കെ.കെ. കുഞ്ഞൻ അറസ്റ്റ് ചെയ്യപ്പെട്ടു സെൻട്രൽ ജയിലിലായി. ഒളിവും ജയിൽവാസവും 7 വർഷക്കാലം നീണ്ടു.
1964-നുശേഷം സിപിഐയിൽ തുടർന്നു. അവസാനം വരെ കെ.കെ. കുഞ്ഞന്റെ മുഖ്യപ്രവർത്തനവേദി ട്രേഡ് യൂണിയൻ തന്നെയായിരുന്നു. 1991 ജൂലൈ 15-ന് അന്തരിച്ചു. ഭാര്യ: മന്ദാകിനി. മക്കൾ: മോഹൻദാസ്, ഐഷ, ജലജ, നിഷ.
Pranamam 🙏🙏🙏🙏