പി.ജി. പത്മനാഭൻ
പി.ജി. പത്മനാഭൻ പുന്നപ്ര-വയലാർ സമരത്തിന്റെ അഞ്ചംഗ കേന്ദ്ര ആക്ഷൻ കൗൺസിലിൽ ഒരാളായി സമരത്തെ നയിച്ചു. ആലപ്പുഴ തൊഴിലാളി പ്രസ്ഥാനത്തിന്റെ നിർണ്ണായക വഴിത്തിരുവുകളിലെല്ലാംപി.ജി. പങ്കാളിയായിരുന്നു.
1932-33 കാലത്ത് കുട്ടനാട് തലവടിയിൽ നിന്നും ആലപ്പുഴയിലേക്ക് തൊഴിൽ അന്വേഷിച്ചു വന്നതാണ്. പുന്നശ്ശേരി വീട്ടിൽ കൃഷ്ണൻ ആയിരുന്നു അച്ഛൻ. അമ്മയുടെ പേര് അച്ചാരം അമ്മ. ആലപ്പി കമ്പനിയിൽ ഉണ്ടചുറ്റലിൽ തുടങ്ങി പായനെയ്ത്തുകാരനായി. പിന്നീട് ഒരു ആംഗ്ലോ-ഇന്ത്യൻ കമ്പനിയായ ഡിക്രൂസിലേക്കു മാറി.
താമസം ‘കുട്ടി മാനേജരുടെ’ ഹോട്ടലിലായിരുന്നു. കെ.വി. പത്രോസ്, പി.കെ. പത്മനാഭൻ തുടങ്ങിയവരുടെ കേന്ദ്രമായിരുന്നു ഈ ഹോട്ടൽ. ഇവരിൽ നിന്നാണ് രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. 1922-ൽ ആരംഭിച്ച തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ മിതവാദപരമായ സമീപനങ്ങളിൽ അസംതൃപ്തരായിരുന്നു ഇവർ. ആഗോള മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ എങ്ങും കൂലിവെട്ടിക്കുറച്ചുകൊണ്ടിരിക്കുകയായിരുന്നു. തൊഴിലാളികളുടെ ജീവിതനില ഓരോ ദിവസം കഴിയുന്തോറും മോശമായിക്കൊണ്ടിരുന്നു.
ഈ സ്ഥിതിവിശേഷം തുടരാൻ പാടില്ലായെന്ന ശക്തമായ അഭിപ്രായമായിരുന്നു കെ.വി. പത്രോസിനും പി.ജി. പത്മനാഭനെയും പോലുള്ള ചെറുപ്പക്കാരായ തൊഴിലാളികൾക്കും. പി.ജി. പത്മനാഭന്റെ വാക്കുകളിൽ: “വെള്ളക്കടലാസിൽ ചുവന്ന മഷികൊണ്ട് കലാസുന്ദരമായി കഠാര വരയ്ക്കും. എന്നിട്ട് അതിനുതാഴെ ‘ഈ കഠാരകൊണ്ട് നിങ്ങളെ കുത്തിക്കൊല്ലുമെന്ന്’ എഴുതിയും പ്രമുഖരായ പല മുതലാളിമാർക്കും അയച്ചു കൊടുത്തിട്ടുണ്ട്. ഇങ്ങനെയുള്ള കത്തുകൾ കണ്ട് മുതലാളിമാരും ഭരണാധികാരികളും പേടിച്ചു വിരണ്ടുപോവുകയും ആലപ്പുഴയിൽ ആവിർഭവിച്ചിരിക്കുന്ന ഭീകരപ്രവർത്തങ്ങൾ – അങ്ങനെയാണ് അവർ അതിനെ വ്യാഖ്യാനിച്ചത് – വമ്പിച്ച പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിലൊന്നും ലേബർ അസോസിയേഷന് ഒരു ഉത്തരമില്ലായെന്നു പ്രസംഗിക്കുന്നതിനും പ്രസ്താവനകൾ അച്ചടിച്ച് ഇറക്കുന്നതിനും അന്നത്തെ തൊഴിലാളി നേതാക്കൾ നിർബന്ധിതരായി തീർന്നു.”
ഇത്തരം ഭീഷണികളിൽ പലപ്പോഴും പ്രവർത്തനം ഒതുങ്ങി നിന്നില്ല. എസ്എൻഡിപി യോഗത്തിന്റെ പൊതുയോഗങ്ങളിൽപോയി യോഗം തുടങ്ങുന്നതിനുമുമ്പു വഞ്ചീശ്വമംഗളത്തിനു പകരം ഈശ്വരപ്രാർത്ഥന നടത്തുക, രാജഭക്തി പ്രമേയം പാസ്സാക്കുമ്പോൾ എഴുന്നേൽക്കാതിരിക്കുക തുടങ്ങിയവയ്ക്കായി ചെറുപ്പക്കാർക്കു പരിശീലനം നൽകി നടപ്പാക്കുന്നതിനു ഇവർ മുൻകൈയെടുത്തു. ഖദർ ഉടുത്ത് ഫാക്ടറി പണിക്കു പോവുക. തൊഴിലാളികളെ മർദ്ദിക്കുകയും മറ്റും ചെയ്യുന്ന മൂപ്പൻമാർക്ക് ഇരുട്ടടി കൊടുക്കുക. തുടങ്ങിയ പ്രവൃത്തികളിലും ഏർപ്പെട്ടു. ആംഗ്ലോ-ഇന്ത്യൻ സായിപ്പ് പിന്റോയ്ക്കു വരെ അടികിട്ടി. ഭഗത് സിംഗിന്റെ നേതൃത്വത്തിലുള്ള ഭീകരപ്രസ്ഥാനം യുവതലമുറയെ ആവേശംകൊള്ളിച്ചിരുന്നു.
ഇത്തരം വിധ്വംസക പരിപാടികളിൽ നിന്ന് ആലപ്പുഴയിലെ പി.ജി ഉൾപ്പെടെയുള്ള ചെറുപ്പക്കാരെ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് എത്തിച്ചത് പി. കൃഷ്ണപിള്ള ആയിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ പി.ജി. പത്മനാഭൻ ആയിരുന്നു പണിമുടക്ക് കമ്മിറ്റി സെക്രട്ടറി. പണിമുടക്ക് തുടങ്ങി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജയിൽമോചിതരായ നേതാക്കൾ ആർ. സുഗതനും വി.കെ. പുരുഷോത്തമനും പണിമുടക്കം പിൻവലിച്ചപ്പോൾ അതിനെ പിജിയുടെ നേതൃത്വത്തിൽ സ്ട്രൈക്ക് കമ്മിറ്റി എതിർത്തു.
പി. കൃഷ്ണപിള്ളയും ഇതേ അഭിപ്രായക്കാരനായിരുന്നു. സമരം ശക്തിപ്പെടുത്തുന്നതിനുവേണ്ടി നേതാക്കൾ തന്നെ നേതൃത്വം നൽകുന്ന പിക്കറ്റിംഗ് പരിപാടി വില്യംഗുഡേക്കർ കമ്പനി പടിക്കൽ തുടങ്ങി. ഭീകരമർദ്ദനത്തോടെയാണ് പൊലീസ് പിക്കറ്റിംഗിനെ നേിട്ടത്. ഇതു തൊഴിലാളികളുടെ മനോഭാവത്തിൽ മാറ്റംവരുത്തി. എല്ലാ ഫാക്ടറികളിലും പിക്കറ്റിംഗിനു തൊഴിലാളികൾ മുന്നോട്ടവന്നു. പണിമുടക്ക് സമ്പൂർണ്ണമായി തുടർന്നു.
എന്നാൽ പണിമുടക്ക് 25-ാം ദിവസം ആയപ്പോൾ യൂണിയൻ നേതാക്കൾ സ്ട്രൈക്ക് കമ്മിറ്റിയുടെ അംഗീകാരം ഇല്ലാതെ ചില ചെറിയ സാമ്പത്തിക നേട്ടങ്ങളുടെ വ്യവസ്ഥയെ അംഗീകരിച്ചുകൊണ്ടു പണിമുടക്ക് പിൻവലിച്ചു. പിജിയുടെ കൂട്ടരും തങ്ങളുടെ പഴയ നിലപാടിൽ തന്നെ ഉറച്ചു നിന്നു. എന്നാൽ പി. കൃഷ്ണപിള്ള ഈ ഘട്ടത്തിൽ നിലപാടു മാറ്റി. നേട്ടം എത്ര ചെറുതാണെങ്കിലും അത് അംഗീകരിച്ച് ഭിന്നിപ്പ് ഒഴിവാക്കണം. അതിനു പണിമുടക്ക് പിൻവലിക്കണം എന്നതായി നിലപാട്. എകെജിയും കൃഷ്ണപിള്ളയും രാത്രി മുഴുവൻ വാദിച്ച് പുലർച്ചെയാണ് പുതിയ നിലപാട് അംഗീകരിപ്പിച്ചത്.
1938-ലെ പണിമുടക്ക് ഒരു വഴിത്തിരിവായി. സ്റ്റേറ്റ് കോൺഗ്രസ് നേതൃത്വം രാഷ്ട്രീയമായി തുറന്നുകാട്ടപ്പെട്ടു. ജാതി സംഘടനകളുടെ മേൽക്കോയ്മ തൊഴിലാളി ഐക്യത്തിൽ തകർന്നു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ ആശയപരമായ മേധാവിത്വം സ്ഥാപിക്കപ്പെട്ടു.
1940-ൽ പി.ജി. പത്മനാഭൻ കെസിഎംസിയിലെ പായ നെയ്ത്ത് തൊഴിലാളിയായിരുന്നു. അറസ്റ്റു ചെയ്യപ്പെട്ട സുഗതൻ സാറിനു പകരം തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ ആക്ടിംഗ് ജനറൽ സെക്രട്ടറിയായി പേര് നിർദ്ദേശിക്കപ്പെട്ടപ്പോൾ താൻ അമ്പരന്നുപോയി എന്നാണ് പി.ജി. പത്മനാഭൻ രേഖപ്പെടുത്തിയിട്ടുള്ളത്. പി. കൃഷ്ണപിള്ളയാണ് ആത്മവിശ്വാസം നൽകിയത്. നിങ്ങളെപ്പോലെ ഞാനും ആലപ്പുഴയിലെ ഒരു കയർ തൊഴിലാളിയായിരുന്നുവെന്ന് സഖാവ് ഓർമ്മിപ്പിച്ചു.പുന്നപ്ര-വയലാർ സമരത്തെത്തുടർന്ന് ഒളിവിൽപ്പോയി.
പി.ജി. നിരവധി യൂണിയനുകളുടെ നേതാവായിരുന്നു. സിപിഐ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ, മാരാരിക്കുളം പാർടി സെക്രട്ടറി ഈ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. —————-ന് അന്തരിച്ചു.