ആർ. സുഗതൻ
ആലപ്പുഴ തൊഴിലാളി പ്രസ്ഥാനത്തിലെ ഏറ്റവും പ്രശസ്തനായ നേതാവായിരുന്നു ആർ. സുഗതൻ. അനൗപചാരികമായ സംഭാഷണവും പെരുമാറ്റവും ലളിതവും നിസ്വാർത്ഥവും സമർപ്പിതവുമായ ജീവിതവുംമൂലം “സുഗതൻ സാർ” ഏവർക്കും പ്രിയപ്പെട്ട ഒരാളായിരുന്നു.
ആലപ്പുഴ ആലിശ്ശേരിയിൽ 1902-ൽ ജനിച്ചു. കുട്ടിക്കാലത്തുതന്നെ മരപ്പണിക്കാരനായ അച്ഛനും അമ്മയും മരിച്ചു. മലയാളം ഹയർ (ഏഴാം ക്ലാസ്) പാസായപ്പോൾ വോൾകാർട്ട് ബ്രദേഴ്സിൽ തൊഴിലാളിയായി. 1921 മുതൽ 15 വർഷക്കാലം കാഞ്ഞിരംചിറയിൽ കണ്ടയാശാന്റെ കുടുംബ സ്കൂളിൽ അധ്യാപകനായി. ശ്രീധരവാധ്യാർ എന്നാണു വിളിച്ചിരുന്നത്.
സ്കൂൾ ജോലി കഴിഞ്ഞാൽ എസ്എൻഡിപി പ്രവർത്തനങ്ങളിൽ വ്യാപൃതനായി. അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരായ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടു. യുക്തിവാദിയായി. ഇടക്കാലത്ത് ബുദ്ധിസത്തിലും ആകർഷകനായി. അക്കാലത്താണ് പേര് ശ്രീധരനിൽ നിന്നും സുഗതൻ എന്നാക്കി മാറ്റിയത്. അതോടെ ശ്രീധരവാധ്യാർ സുഗതൻ സാർ ആയി.
തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിക്കൊണ്ടിരുന്ന നിശാപാഠശാലയിൽ ക്ലാസ് എടുക്കുവാൻ തുടങ്ങിയതോടെയാണ് ട്രേഡ് യൂണിയനുകളുമായുള്ള ബന്ധം ആരംഭിക്കുന്നത്. 1930-ൽ ലേബേഴ്സ് പരസ്പര സഹായ സഹകരണ സംഘത്തിന്റെ സെക്രട്ടറിയായി. 1935-ൽ കോഴിക്കോട് നടന്ന തൊഴിലാളി സമ്മേളനത്തിൽ ലേബർ അസോസിയേഷനെ പ്രതിനിധീകരിച്ചു. 1936-ൽ അസോസിയേഷന്റെ സെക്രട്ടറിയായി. അക്കൊല്ലം ഒരു ഫാക്ടറിയിൽ പണിമുടക്ക് സംഘടിപ്പിച്ചതിന് അറസ്റ്റിലായി.
സ്റ്റേറ്റ് കോൺഗ്രസിലും ഉത്തരവാദിത്വഭരണ പ്രക്ഷോഭത്തിലും അസോസിയേഷന്റെ ഭാരവാഹികൾ വളരെ സജീവമായിരുന്നു. 1938 മാർച്ച് മാസത്തിൽ പൊതുപണിമുടക്കത്തിനു യൂണിയൻ ജനറൽബോഡി യോഗം ആഹ്വാനം ചെയ്തു. കിടങ്ങാംപറമ്പിൽ നിയമം ലംഘിച്ചുകൊണ്ടു ചേർന്ന സ്റ്റേറ്റ് കോൺഗ്രസ് പൊതുസമ്മേളനത്തെത്തുടർന്ന് ആർ. സുഗതൻ, പി.കെ. കുഞ്ഞ്, പി.എൻ. കൃഷ്ണപിള്ള, വി.കെ. പുരുഷോത്തമൻ, സി.കെ. വേലായുധൻ എന്നിവർ അറസ്റ്റ് ചെയ്യപ്പെട്ടു. സ്റ്റേഷനുമുന്നിൽ തടിച്ചുകൂടിയ തൊഴിലാളികൾക്കു നേരെ നടന്ന പൊലീസ് അതിക്രമത്തിൽ ബാവ എന്ന തൊഴിലാളി രക്തസാക്ഷിയായി.
ആഗസ്റ്റ് 26-ന് സ്റ്റേറ്റ് കോൺഗ്രസ് പ്രത്യക്ഷസമരം ആരംഭിച്ചു. കണിച്ചുകുളങ്ങരയടക്കം 12 സ്ഥലങ്ങളിൽ വെടിവയ്പ്പ് നടന്നു. മലബാറിൽ നിന്നും പി. കൃഷ്ണപിള്ളയോടൊപ്പം ആലപ്പുഴയിൽ എത്തിയ ഒരു ചെറുസംഘം സി.എസ്.പി പ്രവർത്തകർ പണിമുടക്കിനു തൊഴിലാളികളെ സജ്ജരാക്കി. ഒക്ടോബർ 21-ന് പണിമുടക്ക് ആരംഭിച്ചു.
ഒക്ടോബർ 23-ന് ദിവാൻ രാഷ്ട്രീയതടവുകാരെ വിട്ടയച്ച് സ്റ്റേറ്റ് കോൺഗ്രസുകാരുമായി ഒത്തുതീർപ്പിലെത്തി. ജയിൽമോചിതരായിവന്ന ആർ. സുഗതനടക്കം ചില നേതാക്കൾ പണിമുടക്ക് പിൻവലിക്കണമെന്ന അഭിപ്രായക്കാർ ആയിരുന്നു. അങ്ങനെ സുഗതന്റെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മിറ്റിയും ചെറുപ്പക്കാരായ ഇടതുപക്ഷ തൊഴിലാളി നേതാക്കളുടെയും പണിമുടക്ക് കമ്മിറ്റിയും തമ്മിൽ സംഘർഷം ഉടലെടുത്തു. സമരംശക്തമായിതന്നെ തുടർന്നു. എന്നാൽ സമരം ഒത്തുതീർക്കുന്നതിനുള്ള രഹസ്യ ചർച്ചകൾ തുടരുന്നുണ്ടായിരുന്നു. ചില ഭാഗീക ഒത്തുതീർപ്പു നേട്ടങ്ങൾ ഉയർത്തിക്കാണിച്ച് നവംബർ 14-ന് മാനേജിംഗ് കമ്മിറ്റി നേതാക്കൾ പണിമുടക്കം പിൻവലിച്ചു.
തൊഴിലാളികൾ ക്ഷുഭിതരായി. എന്നാൽ എകെജിയും പി. കൃഷ്ണപിള്ളയും ശ്രീകണ്ഠൻനായരും മുൻകൈയെടുത്ത് ഭിന്നിപ്പ് ഒഴിവാക്കി. സമരം പിൻവലിക്കപ്പെട്ടു. വി.കെ. വേലായുധനും പി.കെ. കുഞ്ഞും പി.എൻ. കൃഷ്ണപിള്ളയും പോലുള്ളവർ തൊഴിലാളി പ്രസ്ഥാനത്തിൽ നിന്നും അകന്നു. പൊതുപണിമുടക്കത്തിന്റെ അനുഭവം ആലപ്പുഴ തൊഴിലാളിവർഗത്തിന്റെ വീക്ഷണത്തിൽ വരുത്തിയ പരിവർത്തനത്തെ തിരിച്ചറിഞ്ഞ സി.കെ. വേലായുധനെയും ആർ. സുഗതനെയും പോലുള്ളവർക്കു മറ്റൊന്ന് ആലോചിക്കേണ്ടിവന്നില്ല. 1939-ലെ മെയ് ദിനത്തിൽ സുഗതൻ പ്രഖ്യാപിച്ചു.
“കോട്ടകൊത്തളം പീരങ്കി
തൊട്ടുമുട്ടാളർക്കുള്ള കോപ്പുകൾ
നമ്മളൊക്കെയൊരുമിച്ചൊന്നേറ്റ്
അനങ്ങുമെങ്കിൽ തകർന്നുപോം”[മെയ് ദിനം 1939]
ഈ കവിത പ്രഖ്യാപനത്തിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ടു. 3 കൊല്ലത്തെ കഠിനതടവിനു ശിക്ഷിക്കപ്പെട്ടു.
ശിക്ഷ കഴിഞ്ഞ് പുറത്തുവന്ന സുഗതൻ അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി. തൃശ്ശൂരിൽ ചേർന്ന അഖില കേരള ടിയുസിയുടെ സമ്മേളനം വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.
1946-ൽ പുന്നപ്ര-വയലാർ സമരത്തിന്റെ തയ്യാറെടുപ്പുകൾ ആരംഭിച്ചതോടെ ആർ. സുഗതൻ അറസ്റ്റ് ചെയ്യപ്പെട്ടു. 1950-ലാണ് ജയിൽമോചിതനായത്. ശങ്കരനാരായണൻ തമ്പി അധ്യക്ഷനായുള്ള പുന്നപ്ര-വയലാർ സമര റിലീഫ് കമ്മിറ്റിയുടെ സെക്രട്ടറിയായി. പട്ടം താണുപിള്ള സർക്കാർ വീണ്ടും ജയിലിലടച്ചു. 1952-ലെ തെരഞ്ഞെടുപ്പിൽ ജയിലിൽ കിടന്നുകൊണ്ട് മത്സരിച്ചു വിജയിച്ചു. തുടർന്ന് 1965 വരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും എംഎൽഎ ആയി വിജയിച്ചു. കേരള സ്റ്റേറ്റ് ടിയുസിയുടെ പ്രസിഡന്റായി. ട്രേഡ് യൂണിയൻ നേതാവെന്ന നിലയിൽ കേരളം മുഴുവൻ നിറഞ്ഞുനിന്നു പ്രവർത്തിച്ചു. കണ്ടശാംകടവ് ചകിരി സമരം അടക്കം എവിടെയൊക്കെ അസംഘടിത മേഖലയിൽ സമരങ്ങൾ ഉണ്ടായിരുന്നോ അവിടെയെല്ലാം സുഗതൻ സാറിന്റെ സാന്നിദ്ധ്യം ഉറപ്പായിരുന്നു.
തെരഞ്ഞെടുത്ത കവിതകൾ, പ്രോളിറ്റേറിയൻ കവിതകൾ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1969-ൽ ജനകീയ സാഹിത്യ വിചാരം എന്ന ലേഖന സമാഹാരവും പുറത്തിറങ്ങി. ആരോഗ്യം ക്ഷയിച്ച സുഗതൻ സാർ സിപിഐ ആസ്ഥാനത്താണ് അവസാന നാളുകളിൽ താമസിച്ചത്. സോവിയേറ്റ് യൂണിയനിലും ചികിത്സയ്ക്കായി അയക്കുണ്ടായി. 1970 സെപ്തംബർ 14-ന് അന്തരിച്ചു.