എൻ.പി. തണ്ടാർ
വയലാർ സമരത്തിന്റെ സമുന്നതനേതാക്കളിൽ ഒരാളായിരുന്നു എൻ.പി. തണ്ടാർ. പിന്നീട് നിയമസഭാ അംഗവും സിപിഐ(എം) നേതാവുമായി.
വയലാർ പള്ളിശേരിൽ മാർത്താണ്ഡൻ വേലുപ്പണിക്കരുടെയും കാർത്ത്യായനിയുടെയും പത്ത് മക്കളിൽ മൂന്നാമനായി1919-ൽ ജനിച്ചു. വയലാർ രാമവർമ്മ സ്കൂൾ, ചേർത്തല ഗവൺമെന്റ് സ്കൂൾ, തുറവൂർ ടിഡി ഹൈസ്കുൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ടി.ഡി ഹൈസ്കൂളിൽ പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് കോൺഗ്രസ് പാർടിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്.
1938-ൽ മഹാത്മാഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു വിദ്യാർത്ഥികൾ നടത്തിയ സമരത്തിനു നേതൃത്വം നൽകിയതിന്റെ പേരിൽ അന്നു പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന തണ്ടാരെ സ്കൂളിൽ നിന്നു പുറത്താക്കി.കുറച്ചുകാലം കൊച്ചിയിൽ പോർട്ടിൽ ടാലി ക്ലാർക്കായി ജോലി ചെയ്തു. പോർട്ടിൽ ജോലിയിലിരിക്കെയാണ് സി.കെ. കുമാരപ്പണിക്കരുമായി പരിചയപ്പെട്ടത്. ഇതു സജീവരാഷ്ട്രീയ പ്രവർത്തനത്തിനു നിമിത്തമായി. 1938-ലെ പൊതുപണിമുടക്കം കോൺഗ്രസ് പ്രവർത്തകനായിരുന്ന തണ്ടാരെ കമ്മ്യൂണിസ്റ്റ് പാർടിയുമായി ബന്ധപ്പെടുത്തി. 1943-ൽ കമ്മ്യൂണിസ്റ്റ് പാർടിയുടെ ഔദ്യോഗിക അംഗമായി ചേർന്നു.
വയലാർ സമരവുമായി ബന്ധപ്പെട്ടു ചേർത്തലയിൽ വയലാർ, മേനാശേരി, വരികാട്, ഒളതല എന്നിവിടങ്ങളിൽ നാല് ക്യാമ്പുകൾ ഉണ്ടായിരുന്നു. അതിൽ ഒളതല ക്യാമ്പിന്റെ ക്യാപ്റ്റനായിരുന്നു തണ്ടാർ. സി.കെ. പുരുഷോത്തമൻ ആയിരുന്നു സഹായി. പുന്നപ്ര വെടിവയ്പ്പിനുശേഷം പട്ടാളക്കാരുടെ ആയുധശേഷി തിരിച്ചറിഞ്ഞ കുമാരപ്പണിക്കർ വയലാർ ക്യാമ്പ് പിരിച്ചുവിടണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചു. എന്നാൽ ഇതു തൊഴിലാളികളുടെ മനോവീര്യവും പ്രതിരോധശേഷിയും തകർക്കുമെന്ന അഭിപ്രായമായിരുന്നു കെ.സി. വേലായുധന്. തണ്ടാരും ഈ നിലപാടിനോടൊപ്പമായിരുന്നു. തൊഴിലാളികൾക്കും ഈ അഭിപ്രായമായിരുന്നു. പോരാത്തതിനു കേന്ദ്രത്തിൽ നിന്നും നിർദ്ദേശവും ലഭിച്ചിരുന്നില്ല.
പൊലീസ് വെടിവയ്പ്പിൽ ഏറ്റവും കുറവു മരണം ഒളതല ക്യാമ്പിൽ ആയിരുന്നു. ഇതിനു കാരണം ക്യാമ്പിനുചുറ്റും കുഴിച്ചിരുന്ന കിടങ്ങുകളാണ്. പട്ടാളക്കാർ ക്യാമ്പ് ആക്രമിച്ചപ്പോൾ ക്യാമ്പിന്റെ നടുക്ക് ഉണ്ടായിരുന്ന വലിയൊരു മാവിന്റെ മറവിൽ തണ്ടാർ എഴുന്നേറ്റു നിന്നുകൊണ്ട് തണ്ടാർ ഗർജിച്ചു:“ആരും എഴുന്നേൽക്കരുത്” എല്ലാവരും കിടങ്ങിൽ തന്നെ വെടിവയ്പ്പ് സമയം മുഴുവൻ കഴിച്ചുകൂട്ടി. പിന്നീട് സംഭവിച്ചത് തണ്ടാരുടെ വാക്കുകളിൽ തന്നെ വിവരിക്കട്ടെ:
“ഒരു മണി മുതൽ അഞ്ച് മണി വരെ പട്ടാളം വെടിവച്ചു. ആരും പരിഭ്രാന്തിയിൽ എഴുന്നേൽക്കുകയുണ്ടായില്ല. ഞങ്ങൾ നേരത്തെ വെട്ടിയ കിടങ്ങുകളിലും ഉണങ്ങിവരണ്ടു കിടങ്ങുപോലെ കിടന്ന തോടുകളിലും ഒളിച്ചിരുന്നു. വെടിപൊട്ടിയ ഭീകര പരിസ്ഥിതിയിലും ആരും എഴുന്നേൽക്കുകയോ ഓടുകയോ ചെയ്യുന്നില്ലായെന്നുകണ്ട് സംഭീതരായ പട്ടാളക്കാർ നാലുമണിക്കൂർ നേരത്തെ വെടിവയ്പ്പിനുശേഷം പിന്തിരിഞ്ഞ് ഓടാൻ തുടങ്ങി. കാരണം അവരുടെ വെടിക്കോപ്പ് തീർന്നിരുന്നു. നമ്മുടെ സഖാക്കൾ അവരെ പിന്തുടർന്നു. അവരുടെ പുറകേ ഓടിയെത്തിയ ഒരു സഖാവ് കൈയിലിരുന്ന വാരിക്കുന്തംകൊണ്ട് പട്ടാളക്കാരനെ കുത്തി. പക്ഷേ, അയാൾ തിരിച്ചു ബയണറ്റ് ചാർജ്ജ് ചെയ്തു. പരിക്കേറ്റ സഖാവ് മരിച്ചു. പരിക്കേറ്റ പട്ടാളക്കാരനെയും എടുത്തുകൊണ്ട് പട്ടാളം പിൻവാങ്ങി. അപ്പോൾ സമയം ഏതാണ്ട് സന്ധ്യയായിക്കഴിഞ്ഞു.”
രാത്രി പത്ത് മണിയോടുകൂടി മുൻകൂട്ടി നിശ്ചയിച്ചപ്രകാരം ഒളതലയിൽ നിന്നും തണ്ടാരും സി.കെ. പുരുഷോത്തമനും കളവങ്കോടം മങ്കന്തേകാട്ടിൽ എത്തിച്ചേർന്നു. പണിക്കരടക്കം പ്രധാന നേതാക്കൾ അവിടെ ഉണ്ടായിരുന്നു. തണ്ടാരുടെ കണക്കു പ്രകാരം മേനാശ്ശേരിയിൽ 84 സഖാക്കൾ മരിച്ചു. വയലാറിൽ കുളത്തിലിട്ടു മാത്രം 72 സഖാക്കളെ വെടിവച്ചുകൊന്നു. ഒളതലയിൽ 15-ലേറെ മരണമുണ്ടായിട്ടില്ല. നേതൃയോഗം ക്യാമ്പുകൾ പിരിച്ചുവിട്ട് നേതാക്കൾ ഒളിവിൽ പോകുന്നതിനു തീരുമാനമെടുത്തു.
തണ്ടാർ കടപ്പുറം വഴി നടന്ന് ബ്രട്ടീഷ് കൊച്ചിയിലെത്തി. വൈപ്പിൻ വഴി പൊന്നാനിയിലും അവിടെ നിന്ന് കോഴിക്കോട് ദേശാഭിമാനിയിൽ എത്തിച്ചേർന്നു. സി.കെ. കുമാരപ്പണിക്കരോടൊപ്പം വള്ളുവനാട് താലൂക്കിൽ ചളവറയിൽ ഐസിപി നമ്പൂതിരിയുടെ സംരക്ഷണയിൽ തണ്ടാർ ഒളിവിൽ കഴിഞ്ഞു. തൃശൂരിലും ഷൊർണൂരിലും എംആർബിയുടെ സംരക്ഷണത്തിലായിരുന്നു കഴിഞ്ഞത്. മുകുന്ദൻവാര്യാർ എന്ന പേരിൽ ഒളപ്പമണ്ണ മനയിൽ കാര്യസ്ഥനായി കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാർടി നിരോധിക്കപ്പെട്ട ഈ കാലഘട്ടത്തിലും ഒളിവിലിരുന്നുകൊണ്ട് പാർടി പ്രവർത്തനത്തിൽ മുഴുകി.
1948-ൽ ഒരു സ്നേഹിതന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ ഒറ്റുകാരനാൽ പിടിക്കപ്പെട്ടു. തുടർന്ന് 1948 മുതൽ 52 വരെ ആലപ്പുഴ സബ് ജയിലിൽ തടവിലായിരുന്നു. ഈ കാലയളവിൽ പൊലീസിന്റെ ഭീകരമർദ്ദനം ഏൽക്കേണ്ടിവന്നു.
1954-ൽ തുറവൂർ പഞ്ചായത്ത് മെമ്പറായി. 1967 മുതൽ പഞ്ചായത്ത് പ്രസിഡന്റായി. 1967 ചേർത്തല നിയോജകമണ്ഡലത്തിൽനിന്നു നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1965-ലും 70-ലും ചേർത്തലയിൽ നിന്നുതന്നെ അസംബ്ലിയിലേക്കു മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1991-ൽ ജില്ലാ കൗൺസിൽ രൂപീകരിച്ചപ്പോൾ വയലാർ ഡിവിഷനെ പ്രതിനിധീകരിച്ച് ജില്ലാ കൗൺസിൽ അംഗമായി. ഭാര്യ: ലില്ലി ടീച്ചർ. മക്കൾ: ബൈജു, ജ്യോത്സന, ജ്യോതിസ് ബെൻ. 1994 ഒക്ടോബർ 14-ന് അന്തരിച്ചു.