സി.കെ. ഭാസ്കരൻ
വയലാറിലെ സമരത്തെ നയിച്ചിരുന്ന 11 പേരുള്ള ആക്ഷൻ കമ്മിറ്റിയിലെ കൺവീനർ ആയിരുന്നു സി.കെ. ഭാസ്കരൻ. സി.കെ. കുമാരപണിക്കർ, സി.ജി. സദാശിവൻ, കെ.ആർ. സുകുമാരൻ, എസ്. തമ്പി, കെ.എൻ. കേശവൻ, കെ. മാധവൻ, എ.കെ. പരമൻ, എ. ശ്രീധരൻ, ഒ.എം. അബു, പി. ഗോപാലൻ എന്നിവരായിരുന്നുമറ്റ് അംഗങ്ങൾ.
പട്ടണക്കാട് ചക്കാലയിൽ കൃഷ്ണന്റെയും കാളിയുടെയും മകനായി 1919-ൽ ജനനം.നാലാംക്ലാസ് വിദ്യാഭ്യാസം. കയർ തൊഴിലാളി. സ്വന്തം പരിശ്രമത്താൽ സാമാന്യം നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കഴിവുനേടി. ചേർത്തല കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ ജനറൽ സെക്രട്ടറിയായി.
1938-ലെ പണിമുടക്കിന്റെ തയ്യാറെടുപ്പും പുരോഗതിയും ചേർത്തലയിലെ തൊഴിലാളികളുടെ മനോഭാവത്തിലും വലിയ മാറ്റംവരുത്തി. ആലപ്പുഴയിലെന്നപോലെ ചേർത്തലയിലും കയർ തൊഴിലാളികളാണ് ഇതരവിഭാഗം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനു മുന്നോട്ടുവന്നത്. ഇതിനെല്ലാം നേതൃത്വപരമായപങ്ക് സി.കെ. ഭാസ്കരന് ഉണ്ടായിരുന്നു.
വയലാർ, കളവംകോടം, വരികാട്, ഒളതല, മേനാശ്ശേരി ക്യാമ്പുകളുടെ മൊത്തത്തിലുള്ള ഓഫീസ് ചുമതലകൾ നിർവ്വഹിച്ചിരുന്നത് ഭാസ്കരൻ ആയിരുന്നു. ക്യാമ്പുകളുടെ രേഖകളെല്ലാം ഒളിവിലെ വീട്ടിൽ കൊണ്ടുവരികയും അവിടെവച്ച് പരിശോധിക്കുകയുമായിരുന്നു പതിവ്. കൂടാതെ ക്യാമ്പുകൾ സന്ദർശിക്കുകയും ചെയ്യുമായിരുന്നു. സമരത്തിനു മുമ്പുള്ള ദിവസങ്ങളിൽ സമീപപ്രദേശങ്ങളിൽ നിന്നെല്ലാം ഒട്ടേറെ പാവങ്ങൾ ക്യാമ്പുകളിൽ സുരക്ഷിതത്വംതേടി എത്തിയിരുന്നു. അതുകൊണ്ട് രേഖകൾ കൃത്യമായി തയ്യാറാക്കുന്നതു ശ്രമകരമായിരുന്നു. തന്റെ ഒളിവ് ഓഫീസിൽ നിന്നും കളവംകോടം ക്യാമ്പിലേക്കു പോകുന്ന വഴിയാണ് വെടിവയ്പ്പുണ്ടായത്. ക്യാമ്പ് പിരിച്ചുവിടുന്നതിനു വേണ്ടിയുള്ള പത്രോസിന്റെ കത്ത് രാത്രി 10 മണി കഴിഞ്ഞാണു തനിക്കും പണിക്കർക്കും ലഭിച്ചതെന്ന് ഭാസ്കരൻ ഓർക്കുന്നു.
ഒക്ടോബർ 27-ലെ വയലാർ വെടിവയ്പ്പിനെതുടർന്ന് വൈക്കം വഴി കൊച്ചിയിലും മലബാറിലും ഒളിവിൽ പോയി. 1948 സെപ്തംബറിൽ ചങ്ങനാശ്ശേരിയിൽവച്ച് ഭാസ്കരനെ അറസ്റ്റ് ചെയ്തു. തുടർന്ന് മൂന്ന് വർഷവും മൂന്ന് മാസവും വിചാരണത്തടവുകാരനായി ചേർത്തല പൊലീസ് ലോക്കപ്പിലും ആലപ്പുഴ സബ് ജയിലിലുമായി കിടന്നു. അതിക്രൂരമായ മർദ്ദനങ്ങൾക്ക് ഇരയായി.പിഇ-6/124 നമ്പർ കേസിലും നാലുകെട്ടിങ്കൽ രാമൻ കൊലക്കേസിലും പ്രതിയായിരുന്നു.
സജീവരാഷ്ട്രീയ പ്രവർത്തനത്തിൽ തുടർന്നെങ്കിലും ക്രൂരമായ പൊലീസ് മർദ്ദനം രോഗിയാക്കിത്തീർത്തു. 1969-ൽ ചികിത്സയ്ക്കായി അദ്ദേഹത്തെ മോസ്കോയിൽ അയക്കുകയുണ്ടായി. വയലാർ പഞ്ചായത്ത് മെമ്പറായിരുന്നു. കൊട്ടാരക്കര താലൂക്കിൽ രണ്ടേക്കർ വനഭൂമി പതിച്ചു ലഭിച്ചു. ഭാര്യ ഭാസുരാംഗി ആദ്യകാല മഹിളാസംഘം പ്രവർത്തകയും പാർടി അംഗവുമായിരുന്നു. 1996 ഒക്ടോബർ 29-ന് അന്തരിച്ചു. മക്കൾ: സലിമ, ജയ്ത.