കെ.സി. വാവച്ചന്
കാട്ടൂര്‍ ആര്യാട് തെക്ക് കാട്ടുങ്കല്‍ വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. 1938-ലെ ഒരു മാസത്തോളം നീണ്ടുനിന്ന പൊതുപണിമുടക്കത്തിൽ ചുവപ്പു വോളന്റിയർ സംഘത്തിൽ അംഗമായിരുന്നു. ഫാക്ടറി പിക്കറ്റിംഗിലും പങ്കെടുത്തു. ഒക്ടോബർ 24-ന് ബോംബെ കമ്പനിയിൽ രാത്രി ചരക്ക് ഇറക്കാൻ ശ്രമിച്ചപ്പോൾ ക്യാപ്റ്റൻ ഇ. ഗോവിന്ദന്റെ നിർദ്ദേശപ്രകാരം 54 വോളന്റിയർമാർ കമ്പനി പടിക്കൽ പിക്കറ്റ് ചെയ്തു. രാത്രി 10 മണിക്ക് വൈദ്യനാഥൻ അയ്യരുടെ നേതൃത്വത്തിൽ പൊലീസ് ക്രൂരമായി ലാത്തിചാർജ്ജ് ചെയ്തു. അടിയേറ്റുനിലത്തുവീണ വോളന്റിയർമാരെ പൊലീസ് സ്റ്റേഷനിൽകൊണ്ടുപോയി മർദ്ദിച്ചു. പിറ്റേന്നു നടത്തിയ പ്രതിഷേധ ഘോഷയാത്രയെ ശവക്കോട്ട പാലത്തിനടുത്തുവച്ച് ഇൻസ്പെക്ടർ ചന്ദ്രശേഖരൻനായർ പിരിച്ചുവിടാൻ നടത്തിയശ്രമം വെടിവയ്പ്പിൽ കലാശിച്ചു. 3 പേർ കൊല്ലപ്പെട്ടു. 1946-ലെ സമരക്കാലത്ത് വാവച്ചൻ മംഗലം ഫാക്ടറി കമ്മിറ്റിയുടെ കൺവീനർ ആയിരുന്നു. അറസ്റ്റ് വാറണ്ട് ഉണ്ടായതിനുതുടർന്ന് 18 മാസം ഒളിവിൽ കഴിഞ്ഞു. തിരിച്ചുവന്നപ്പോൾ ജോലി നഷ്ടപ്പെട്ടു. പിന്നീട് ഡാറാസ്മെയിലിൽ ജോലി തരപ്പെടുത്തി.

