എം.എൻ. രവീന്ദ്രൻ
ആലപ്പുഴയിലെ സി.വൈ.റ്റി കയർ ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു. പൊതുപണിമുടക്കിന്റെ ദിവസം എ.കെ. വേലായുധന്റെ അധ്യക്ഷതയിൽ യോഗം ചേർന്നപ്പോൾ റിപ്പോർട്ട് എടുക്കാൻവന്ന പൊലീസുകാരനെ എല്ലാവരുംകൂടി മർദ്ദിച്ചു. ഒക്ടോബർ 24-ന് പ്രകടനത്തിൽ തുമ്പോളി കലുങ്ക് വെട്ടിപ്പൊളിക്കുകയും ടെലിഫോൺ കമ്പികൾ മുറിക്കുകയും ചെയ്തു. ശവക്കോട്ട പാലത്തിനു വടക്കുവശം വഴി കടപ്പുറത്തുചെന്നു ജാഥ പിരിച്ചുവിട്ടു. കാട്ടൂർ സമരസേനാനികളെ സഹായിക്കാൻവേണ്ടി ഒരു ജാഥ പോയെങ്കിലും കലവൂർ എത്തിയപ്പോഴേക്കും പട്ടാളം കാട്ടൂർ വിട്ടുപോയിരുന്നു. ഈ ജാഥകളിലൊക്കെ പങ്കെടുത്തിരുന്നു. തമ്പകച്ചുവട് കലുങ്ക് പൊളിച്ച കേസിൽ പ്രതിയായി. ആലപ്പുഴ മട്ടാഞ്ചേരി ഗോപാലൻ വക്കീലിന്റെ വീട്ടിൽ 13 മാസം ഒളിവിൽ കഴിഞ്ഞു. രവീന്ദ്രന്റെ ജ്യേഷ്ഠൻ വക്കീലിന്റെ ഗുമസ്തനായിരുന്നു.

