ശങ്കരൻ കുട്ടപ്പൻ
പുന്നപ്ര ആലുംകാട് വീട്ടിൽ ശങ്കരന്റെ മകനായി. തെങ്ങുകയറ്റ തൊഴിലാളി.48/22 നമ്പർ കേസിൽ 2-ാം പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ പ്രത്യേകം സജ്ജീകരിച്ച കോടതിയിലായിരുന്നു വിചാരണ. കുട്ടപ്പനെ മരണംവരെ തൂക്കിലേറ്റുവാൻ കോടതി വിധിച്ചു. അരശർക്കടവിൽ പൊള്ളയിൽ കുടുംബക്കാരുടെ പ്രധാന തെങ്ങുകയറ്റ തൊഴിലാളിയായ കൊച്ചുകോന്തിയുടെ മകളുടെ ഭർത്താവായിരുന്നു കുട്ടപ്പൻ. ഭാര്യ പാപ്പിയും മക്കളായ രവീന്ദ്രൻ, സരോജനി എന്നിവർക്കൊപ്പം കോന്തിയുടെ വീട്ടിലായിരുന്നു കുട്ടപ്പൻ താമസിച്ചിരുന്നത്. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തിരുന്നില്ല. ഇൻസ്പെക്ടർ നാടാരെ വധിച്ചത് തെങ്ങുകയറ്റ തൊഴിലാളിയാണെന്ന വിവരം മാത്രമാണ് പൊലീസിനു ലഭിച്ചിരുന്നത്. യഥാർത്ഥ പ്രതിയെ കിട്ടാതെ വന്നപ്പോൾ പൊലീസ് കുട്ടപ്പനെ കള്ളക്കേസിൽ കുടുക്കിയതാണ്. വധശിക്ഷ പിന്നീട് ജീവപര്യന്തമായി കുറച്ചെങ്കിലും 1955 വരെ ഏതാണ്ട് ഒൻപത് വർഷക്കാലം കുട്ടപ്പൻ നരകയാതന അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്താൽ ക്ഷയരോഗബാധിതനായിട്ടാണു ജയിൽ മോചിതനായത്. പുന്നപ്രയിലുള്ള സ്ഥലവും മറ്റും വിറ്റ് താമസം മാറി.

