എ.എൻ. മാധവൻ
പുന്നപ്ര വെളിയിൽ വീട്ടിൽ അയ്യന്റെ മകനായി 1929-ൽ
ജനിച്ചു. ആസ്പിൻവാൾ കമ്പനിയിൽ
തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ്
ആക്രമണത്തിന്റെ ഭാഗമായി ആലിശ്ശേരി, ബീച്ച്,
വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ
കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം
എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി
പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത്
എത്തിച്ചേർന്ന ജാഥയിലെ അംഗമായിരുന്നു മാധവൻ.
വെടിവയ്പ്പിനിടയിൽ പൊലീസുകാർ വീടിനുള്ളിലേക്കു
പിന്തിരിഞ്ഞപ്പോൾ തെക്കോട്ടു മാറി തെങ്ങിൻതടത്തിൽ
കിടന്നു. വെടിവയ്പ്പ് പുനരാരംഭിച്ചപ്പോൾ തടത്തിൽ
വെടിയുണ്ടകൾകൊണ്ടു ചിതറിയ മണ്ണുകൊണ്ടു ശരീരം
മൂടി. പടിഞ്ഞാറേ തോട്ടിലേക്കു ചാടിവീണ് തെങ്ങിന്റെ
മറപറ്റി കടപ്പുറത്തേക്കോടി. പരിക്കേറ്റു കിടന്നിരുന്ന
കുഞ്ഞുകുഞ്ഞിനെ സുരക്ഷിതസ്ഥലത്ത് എത്തിച്ചശേഷം
വാർഡിലേക്കു പോയി. വാർഡിൽതന്നെ ഒളിച്ചു
താമസിച്ചു. രണ്ടുമാസത്തിനുശേഷം പൊലീസ് വീട് വളഞ്ഞ്
അറസ്റ്റ് ചെയ്തു. 48/22 നമ്പർ കേസിൽ 42-ാം പ്രതിയായി.
നാലുമാസം ലോക്കപ്പിലും പിന്നീട് ശിക്ഷിക്കപ്പെട്ട്
രണ്ടുവർഷം സെൻട്രൽ ജയിലിലും കിടന്നു. ജയിൽ
ലഹളക്കേസിൽ പ്രതിയായി. തുടന്ന് ആറുമാസംകൂടി
ജയിലിൽ കഴിയേണ്ടിവന്നു. 1964-നുശേഷം സിപിഐ(എം)ൽ
പ്രവർത്തിച്ചു.