അഗസ്തീഞ്ഞു അന്ത്രയോസ്
പുന്നപ്ര കരിയാട്ട് വീട്ടിൽ അഗസ്തീഞ്ഞുവിന്റെ മകനായി 1917-ൽ ജനിച്ചു. യൂണിയൻ പ്രവർത്തകനായിരുന്നു. കള്ളക്കേസിൽ പിടിക്കപ്പെട്ട് പൊലീസ് ലോക്കപ്പിൽ ഭീകരമർദ്ദനം അനുഭവിച്ചിരുന്ന സഹപ്രവർത്തകരായ നാല് തൊഴിലാളികളെ വിടുതൽ ചെയ്യിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ മുതലാളിമാരുടെ ഓഫീസ് വളഞ്ഞു. ഓഫീസും കൂടങ്ങളും തീയിട്ടു. ചില വീടുകൾ തകർക്കപ്പെട്ടു. പുന്നപ്ര പൊലീസ് ക്യാമ്പ് ആരംഭിച്ചു. പ്രതികളെതേടി മത്സ്യത്തൊഴിലാളികളുടെ സങ്കേതങ്ങൾ റെയ്ഡ് ചെയ്യുകയും മർദ്ദിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്യുന്നതു പതിവായി. ഭയചകിതരായ തൊഴിലാളികൾ കുരിശുപള്ളിക്കടുത്ത യൂണിയൻ ഓഫീസിൽ അഭയം തേടി. പ്രദേശത്തെ വിവിധ വീടുകളിലായി അഭയം തേടിയിരുന്ന തൊഴിലാളികളെ ഒന്നിച്ചുചേർത്ത് യൂണിയൻ ഓഫീസിലും പരിസരത്തുമായി താമസിപ്പിച്ചു. അങ്ങനെ ഒക്ടോബർ 14-ന് പുന്നപ്ര പ്രദേശത്തെ ആദ്യ ക്യാമ്പ് രൂപംകൊണ്ടു. കൂടം തീവയ്പ്പിനെത്തുടർന്ന് പിഇ.5/122 നമ്പർ കേസിൽ അന്ത്രയോസ് 12-ാം പ്രതിയായി. പൊലീസ് അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ചു. മൂന്നേകാൽവർഷം കഠിനതടവിനു ശിക്ഷിച്ചു.