ദാമോദരൻ പുത്തൻപറമ്പിൽ
എക്സ് സർവ്വീസുകാരനായ പുത്തൻപറമ്പിൽ ദാമോദരൻ ഒക്ടോബർ 23-ന് തിരുവമ്പാടിയിൽവച്ച് പട്ടാളത്തിന്റെ വെടിയേറ്റു രക്തസാക്ഷിയായി. വാടയ്ക്കൽ – വട്ടയാൽ – കുതിരപ്പന്തി പ്രദേശത്ത് എക്സ് സർവ്വീസ് മാൻമാർക്ക് ഒരു സംഘടനയും കമ്മിറ്റിയും ഉണ്ടായിരുന്നു. തലേന്ന് പി.കെ. ചന്ദ്രാനന്ദനാണ് എക്സ് സർവ്വീസുകാരുടെ യോഗം വിളിച്ചുചേർത്ത് പിറ്റേന്നത്തെ ജാഥ ആസൂത്രണം ചെയ്തു. ഒക്ടോബർ 23-ന് കൊല്ലം – ആലപ്പുഴ റോഡിലൂടെ പട്ടാളവേഷം ധരിച്ച് മാർച്ച് ചെയ്ത് ആലപ്പുഴ ലത്തീൻ പള്ളി വഴി തെക്കോട്ടു വട്ടയാൽ സ്കൂളിനു സമീപംവന്ന് പിരിയാനായിരുന്നു തീരുമാനം. “ഞങ്ങളെ തല്ലിയാൽ ഞങ്ങളും തല്ലും” എന്ന ബാനർ പിടിച്ചായിരുന്നു ജാഥ.തിരുവമ്പാടിയിൽവച്ച് ഡി.എസ്.പി വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിൽവന്ന പട്ടാളവണ്ടി തടഞ്ഞു. പ്രകടനം പിരിച്ചുവിടാൻ ഡി.എസ്.പി ആജ്ഞാപിച്ചപ്പോൾ സെക്രട്ടറി സുഗതനാണു മറുപടി പറഞ്ഞത്. “ഞങ്ങൾ പിരിഞ്ഞു പോകാൻ ഉദ്ദേശിക്കുന്നില്ല. അങ്ങോട്ടു പോകാൻ ഉദ്ദേശിക്കുന്നവരാണു ഞങ്ങൾ”. വെടിവയ്പ്പിൽ മുൻനിരയിലുണ്ടായിരുന്ന ദാമോദരനു വെടിയേറ്റു രക്തസാക്ഷിയായി.