കുട്ടൻ ഇട്ടൻ പോളേച്ചിറ
പറവൂരിൽ പൊളേച്ചിറ വീട്ടിലെ കുട്ടൻ (കിട്ടൻ) കർഷകത്തൊഴിലാളി ആയിരുന്നു. എം.കെ. സുകുമാരനോടൊപ്പം ഒരു അംഗരക്ഷകനെപ്പോലെ ട്രേഡ് കൗൺസിലുകൾതോറും സഞ്ചരിച്ചിരുന്നു. അസാമാന്യ ധൈര്യശാലിയായിരുന്നു.പുന്നപ്രയിൽ ആരംഭിച്ച പൊലീസ് ക്യാമ്പ് ബലപ്രയോഗത്തിലൂടെ പിരിച്ചുവിടുവിച്ച് തോക്കുകൾ പിടിച്ചെടുക്കാൻ ആക്ഷൻകൗൺസിൽ തീരുമാനിച്ചു. രാജാവിന്റെ ജന്മദിനമായ ഒക്ടോബർ 23-ന് സായുധരായ തൊഴിലാളികൾ മൂന്നുപ്രകടനങ്ങളായി ക്യാമ്പ് വളയുന്നതിനു പരിപാടിയിട്ടു.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. നേതാക്കൾ ഇൻസ്പെക്ടർ നാടാരുമായി വാഗ്വാദം നടത്തുന്നതിനിടയിൽ വെടിപൊട്ടി. കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു. പൊലീസുകാർ ക്യാമ്പ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനുള്ളിലേക്കുപിൻവലിഞ്ഞു. വെടിയുണ്ട തീർന്നൂവെന്നുകരുതി തൊഴിലാലികൾ കെട്ടിടത്തെ ആക്രമിച്ചു. കുട്ടൻ ഒരു പൊലീസുകാരനെ ഓടിച്ച് കെട്ടിടത്തിനുള്ളിലേക്കു കയറി. പിന്നെ കുട്ടൻ തിരിച്ചുവന്നില്ല. അപ്ലോൺ അറോജിന്റെ വീട്ടിനുള്ളിൽവച്ചു കൊലചെയ്യപ്പെട്ടു.