കെ.കെ. കരുണാകരൻ
വട്ടയാൽ കാക്കിരിയിൽ വീട്ടിൽ കുഞ്ഞച്ചന്റെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളിയായിരുന്നു. സ്വതന്ത്ര്യസമര സേനാനി കെ.കെ. ശ്രീധരന്റെ അനുജനായിരുന്നു. പട്ടാളത്തിൽപോയ ജ്യേഷ്ഠനേക്കാൾ നേരത്തെ കമ്മ്യൂണിസ്റ്റ് പാർടി അംഗമായി. ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് എത്തിച്ചേർന്നജാഥയിലെ അംഗമായിരുന്നു കരുണാകരൻ. ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു. കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു. വെടിവയ്പ്പിനെ കമിഴ്ന്നു കിടന്നു നിരങ്ങി മുന്നോട്ടു നീങ്ങുന്നതിനിടയിൽ തല ഉയർത്തിയ സമയത്താണു കരുണാകരനു വെടിയേറ്റത്. രക്തസാക്ഷിയായ ആദ്യത്തെ പോരാളികളിൽ ഒരാളായിരുന്നു കരുണാകരൻ. മൃതദേഹം പട്ടാളം വലിയ ചുടുകാടിൽ കൂട്ടിയിട്ടു പെട്രോൾ ഒഴിച്ചു സംസ്കരിക്കുകയാണു ചെയ്തത്.