എം.കെ. രാഘവൻ
വയലാർ സ്വദേശിയായ കണ്ടച്ചന്റെയും കൊച്ചുപാറുവിന്റെയും മകനായി 1927-ൽ ജനിച്ചു.കയർ ഫാക്ടറിതൊഴിലാളിയായി ജീവിതം ആരംഭിച്ചു.ചേർത്തല വേളോർവട്ടത്തെ കയർ ഫാക്ടറിയിലായിരുന്നു ജോലി. അതുകൊണ്ട് വയലാർ ക്യാമ്പിലെ അംഗമായി. കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളും വെടിയേറ്റു മരിച്ചു. രാഘവൻ പായൽനിറഞ്ഞ ചതുപ്പിലൂടെ ഒളിഞ്ഞും തെളിഞ്ഞും രക്ഷപ്പെട്ടു. ചെട്ടിക്കാട് ഒളിവിൽ ചെത്തു തൊഴിലാളിയായി ജീവിച്ചുവരവേ സത്യൻ ഇൻസ്പെക്ടർ പിടികൂടി ഭീകരമായി മർദ്ദിച്ചു. ജീവിതാവസാനം വരെ സത്യന്റെ സിനിമാ പോസ്റ്റർ എവിടെ കണ്ടാലും കീറിക്കളയുമായിരുന്നു. രാഘവന്റെ വിളിപ്പേര് “വയലാർ” എന്നായിരുന്നു. എന്തുകൊണ്ടോ മരണംവരെ പെൻഷൻ ലഭ്യമായില്ല. ആദ്യം സിപിഐ(എം) തീരുമാന പ്രകാരം പെൻഷന് അപേക്ഷിച്ചില്ല. പാർടി തീരുമാനം മാറിയപ്പോൾ രേഖകൾ സമർപ്പിച്ചു. 2001-ൽ ഉപദേശകസമിതി അംഗീകരിച്ചു. പക്ഷേ, ചുവപ്പുനാടയിൽ കുരുങ്ങി പെൻഷൻ അനുവദിക്കപ്പെടാതിരുന്നതു വലിയ വാർത്തയായിരുന്നു. 2008 ജൂലൈ 20-ന് അന്തരിച്ചു. ഭാര്യ: പങ്കജാക്ഷി. മക്കൾ: ശിവദാസ്, സുജാത, പത്മസേനൻ.