വി.എൽ. തോമസ്
1940-കളിൽ തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ഓഫീസ് വളപ്പിൽ ശനിയാഴ്ചതോറും ആനുകൂലിക ലോകസംഭവങ്ങളെക്കുറിച്ച് യൂണിയൻ ക്ലാസ് നടത്തുമായിരുന്നു. ഫാക്ടറി കമ്മിറ്റി അംഗങ്ങളാണ് ഈ യോഗത്തിൽ പങ്കെടുക്കുക. യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗമായ വി.എസ്. തോമസ് ആയിരുന്നു അധ്യാപകൻ. ആലപ്പുഴ തൊഴിലാളികളുടെ പൊതുരാഷ്ട്രീയവിജ്ഞാന ചക്രവാളം വിപുലപ്പെടുത്തുന്നതിന് ഈ ക്ലാസുകൾ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1938-ലെ പൊതുപണിമുടക്കുകാലത്ത് പൊലീസ് യൂണിയൻ ഓഫീസ് റെയ്ഡ് ചെയ്തു. തോമസ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പുന്നപ്രവയലാർ സമരകാലത്ത് സംഘടിപ്പിക്കപ്പെട്ട തൊഴിലാളി ക്യാമ്പുകളിൽ കാഞ്ഞിരംചിറ ക്യാമ്പിന്റെ ചുമതല തോമസിനായിരുന്നു. തീരുമാനമനുസരിച്ച് വാരിക്കുന്തങ്ങളുമായി പ്രകടനം കാഞ്ഞിരംചിറയിൽ നിന്നും ശവക്കോട്ടപ്പാലത്തിനു സമീപത്ത് എത്തിയെങ്കിലും പുന്നപ്ര വെടിവയ്പ്പിനെത്തുടർന്ന് പ്രകടനവും ക്യാമ്പും പിരിച്ചുവിടപ്പെട്ടു. പുന്നപ്ര വെടിവയ്പ്പിനുശേഷം ജയിലിൽ അടയ്ക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തകരെ ജയിലിൽ ക്രൂരമായി മർദ്ദിക്കുന്നതിനെതിരെ ആലപ്പുഴ കളപ്പുര മൈതാനത്തുനിന്നും ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷന്റെ മുന്നിലേക്കു നടത്തിയ പന്തംകൊളുത്തി പ്രകടനത്തിന്റെ നേതൃത്വത്തിലും ആസൂത്രണത്തിലും തോമസ് ഉണ്ടായിരുന്നു. സ്റ്റേഷനു മുന്നിലെത്തിയ പ്രകടനം സ്റ്റേഷൻ ആക്രമിച്ചേക്കുമെന്ന ഭയത്താൽ പൊലീസ് വെടിവച്ചു. തോമസിനൊപ്പമുണ്ടായിരുന്ന ജനാർദ്ദനൻ വെടിയേറ്റു മരിച്ചു.
മുനിസിപ്പൽ ശുചീകരണ തൊഴിലാളികളുടെ നേതാവായിരുന്നു. തമിഴ്നാട്ടിൽ നിന്നും കരുവാറ്റ മുതലായ പ്രദേശങ്ങളിൽ നിന്നും കങ്കാണിമാർ കൊണ്ടുവന്നു താമസിപ്പിച്ച ദളിത് വിഭാഗത്തിൽപ്പെട്ട അടിമത്തൊഴിലാളികൾ ആയിരുന്നു ആലപ്പുഴയിലെ ആദ്യ തോട്ടി തൊഴിലാളികൾ. ആലപ്പുഴ ജില്ലയിലെ തോട്ടിപ്പണിക്കാരെ സംഘടിപ്പിച്ചു. 1930-കളുടെ അവസാനം സുഗതൻ സാർ മുൻകൈയെടുത്ത് ആലപ്പുഴയിൽ തോട്ടികളുടെ സമരം സംഘടിപ്പിച്ചു. തോട്ടി തൊഴിലാളികൾക്ക് മുനിസിപ്പൽ ഓഫീസിൽ കയറി ശമ്പളം വാങ്ങാനുള്ള അവകാശം ഉണ്ടാക്കിയെടുത്തത് തോമസിന്റെ നേതൃത്വത്തിലുള്ള ഇടപെടൽമൂലമാണ്. മുനിസിപ്പൽ തൊഴിലാളി ഫെഡറേഷൻ സംസ്ഥാനാടിസ്ഥാനത്തിൽ രൂപീകരിക്കുന്നതിനു നേതൃത്വം നൽകി. സ്ഥാപക ജനറൽ സെക്രട്ടറി വി.എൽ. തോമസും പ്രസിഡന്റ് എം.എം. ലോറൻസുമായിരുന്നു. എം.ടി. ചന്ദ്രസേനന്റെ ജ്വലിക്കുന്ന അധ്യായം എന്ന പുസ്തകത്തിൽ ഇതേക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. തൊഴിലാളി പത്രത്തിൽ തോട്ടികളുടെ ദുരവസ്ഥയെക്കുറിച്ചുള്ള ലേഖനവും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
1918 സെപംതംബർ 14-ന് ജനിച്ചു. 1997 മെയ് 10-ന് അന്തരിച്ചു

