വി.കെ. ഭാസ്കരൻ
കയർ തൊഴിലാളി ആയിരുന്ന വി.കെ. ഭാസ്കരൻ ലേബർ അസോസിയേഷൻ കാലംമുതൽ യൂണിയൻ പ്രവർത്തകനായിരുന്നു. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ പ്രവർത്തകനെന്നനിലയിൽ അസംഘടിതരായിരുന്ന മറ്റു തൊഴിലാളി വിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിൽ വ്യാപൃതനായി. മത്സ്യത്തൊഴിലാളി യൂണിയൻ, പോർട്ട് വർക്കേഴ്സ് യൂണിയൻ, റബർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ എന്നീ സംഘടനകളുടെ സംഘാടകനും ജനറൽ സെക്രട്ടറിയുമായിരുന്നു.
മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും സജീവമായി പ്രവർത്തിച്ചു. കൂടം തീവയ്പ്പ് കേസ്, നാടാർ കൊലക്കേസ് തുടങ്ങിയവയിൽ ഭാസ്കരൻ പ്രതിയായി. മത്സ്യത്തൊഴിലാളികളെ ഭയപ്പെടുത്താൻ കടപ്പുറത്തുകൂടി മാർച്ച് ചെയ്ത ഡിഎസ്.പി വൈദ്യനാഥ അയ്യരെ ചെറുത്തു മടക്കി അയച്ച സംഭവത്തിൽ നേതൃത്വപരമായ പങ്കുണ്ടായിരുന്നു.
കോയമ്പത്തൂരടക്കം ഒളിവിൽപോയ ഭാസ്കരൻ 1949-ൽ തിരിച്ചുവന്നു. കുട്ടനാട് പാർടി കമ്മിറ്റി സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു. വർഗീസ് വൈദ്യൻ, എസ്.കെ. ദാസ്, ചെറുകരക്കാരൻ ശങ്കർ എന്നിവരായിരുന്നു അംഗങ്ങൾ. മൂന്നാഴ്ച കഴിഞ്ഞപ്പോൾ പൊലീസ് തെരച്ചിലിൽ പിടിക്കപ്പെട്ടു. ബോട്ടിൽ കയറ്റിയതുമുതലുള്ള മർദ്ദനം ആലപ്പുഴ ലോക്കപ്പുവരെ തുടർന്നു.
സ്റ്റേഷനിലെ ഏറ്റവും വലിയ മർദ്ദകവീരൻ കല്ലെടുപ്പ് മെയ്തീൻകുഞ്ഞ് ആയിരുന്നു. ഒരടിക്ക് ചെവിക്കല്ല് പൊട്ടിയിരിക്കും. കൈവെള്ളയിൽ രക്തമിരിക്കും. കൈയുയർത്തിക്കാണിച്ച് തന്റെ വൈഭവത്തിൽ ഊറ്റംകൊള്ളും. ലോക്കപ്പിൽ ഭാസ്കരനെ കൊണ്ടുചെന്നത് രാത്രി രണ്ടുമണി കഴിഞ്ഞാണ്. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മെയ്തീൻകുഞ്ഞ് കല്ലെടുപ്പ് അടി നടത്തിയില്ല. അത്രയ്ക്ക് പരവശനായിരുന്നു വി.കെ. ഭാസ്കരൻ. മുഖത്തിന്റെ വലതുഭാഗം മുഴുവൻ നീരുവന്ന് കണ്ണും മൂക്കിന്റെ ഒരു ഭാഗവും മൂടിപ്പോയിരുന്നു. 1949 ജൂൺ ആദ്യം മുതൽ ഡിസംബർ അവസാനം വരെ സൗത്ത് പൊലീസ് സ്റ്റേഷൻ ലോക്കപ്പിലായായിരുന്നു. ലോക്കപ്പ് അനുഭവങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട്. ആശാൻ കവിതകൾ ചൊല്ലാനും പൂരിപ്പിക്കാനുമുള്ള തന്റെ വാസന എങ്ങനെയാണ് ഒരു സഹൃദയനായ പൊലീസുകാരനെ സ്വാധീനിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.
ശിക്ഷിക്കപ്പെട്ടതിനുശേഷം 1954 വരെയുള്ള കാലം തിരുവനന്തപുരം സെൻട്രൽ ജയിലിലായിരുന്നു. പട്ടം താണുപിള്ള കേസുകൾ പിൻവലിച്ചപ്പോഴാണ് പുറത്തുവന്നത്.ക്രൂരമായ പൊലീസ് മർദ്ദനം സഖാവിനെ നിത്യരോഗിയാക്കി മാറ്റി.
1955-ൽ സ്വാതന്ത്ര്യസമരസേനാനി കെ. മീനാക്ഷിയെ വിവാഹംചെയ്തു. 1958 ആയപ്പോൾ ഭാസ്കരന്റെ രോഗം മൂർച്ഛിച്ചു. ആശുപത്രി ചികിത്സയിൽ ഭേദപ്പെട്ടു. 1967 വരെ ഇങ്ങനെ ഇടവിട്ട് രോഗിയാകുമ്പോൾ ചികിത്സയിലും അല്ലാത്തപ്പോൾ പൊതുരംഗത്തുമായി കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 1967 ഫെബ്രുവരി 3-ന് അന്തരിച്ചു. ഇഎംഎസ് അടക്കമുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തിൽ വലിയ ചുടുകാട്ടിലാണ് സംസ്കാരം നടന്നത്. മക്കൾ: ജീവൻകുമാർ, ഷൈലകുമാർ.