ആലപ്പുഴ തൊഴിലാളി വർഗ്ഗവും പുന്നപ്ര-വയലാർ സമരവും
രണ്ടായിരത്തിൽപ്പരം പുന്നപ്ര-വയലാർ സമരസേനാനികളുടെ ജീവചരിത്ര ചുരുക്കെഴുത്തുകളുടെ ശേഖരം നമ്മെ അമ്പരപ്പിക്കും. ഇവരിൽ കൈവിരലുകളിൽ എണ്ണാവുന്ന ചുരുക്കം ചിലരൊഴികെ ബാക്കിയെല്ലാവരും സാധാരണക്കാരായ കയർ തൊഴിലാളികളോ കൃഷിപ്പണിക്കാരോ മറ്റു കൂലിപ്പണിക്കാരോ ആണ്. അവരുടെ ഉയർന്ന രാഷ്ട്രീയബോധവും ത്യാഗസന്നദ്ധതയും ധൈര്യവും നമ്മെ പിടിച്ചിരുത്തും. ഇവരാരും ഒറ്റപ്പെട്ട സാഹസിക വ്യക്തികളായിട്ടല്ല, തൊഴിലെടുക്കുന്നവരുടെ വർഗകൂട്ടായ്മയുടെ അടിസ്ഥാനത്തിലാണു സമരത്തിൽ പങ്കെടുത്തത്. ആയിരക്കണക്കിനുപേർ അവർണ്ണനീയ പീഡനങ്ങൾക്കിരയായി. ഒളിവിൽ പോയി. തടവിലായി. 500-ലധികം രക്തസാക്ഷികളായി.
ശ്രദ്ധേയമായ ഒരു സവിശേഷത ഇവരുടെ നേതാക്കളിൽ മഹാഭൂരിപക്ഷവും അവരിൽ നിന്നുതന്നെ വളർന്നു വന്നവരാണെന്നതാണ്. റ്റി.വി. തോമസ്, കുമാരപണിക്കർ, കരുണാകരപണിക്കർ, പി.ടി. പുന്നൂസ്, വർഗീസ് വൈദ്യൻ എന്നിവരെപ്പോലുള്ളവരെ ഒഴിച്ചുനിർത്തിയാൽ ബാക്കി നേതാക്കളെല്ലാം പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള സാധാരണ തൊഴിലാളികളായിരുന്നു.
ടെന്റ് തയ്യൽക്കാരനായിരുന്ന വി.എസ്. അച്യുതാനന്ദനും, തടുക്കുകെട്ടുകാരനായ എസ്. കുമാരനും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അമരക്കാരായി വളർന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായി. എസ്. കുമാരൻ മാത്രമല്ല, അദ്ദേഹത്തെ പോലെ കയർ തൊഴിലാളികളായിരുന്ന പി.എ. സോളമനും ഒ.ജെ. ജോസഫും പാർലമെന്റ് അംഗങ്ങളായി. പി.കെ. ചന്ദ്രാനന്ദൻ, സി.ജി. സദാശിവൻ, എൻ.പി. തണ്ടാർ, എസ്. ദാമോദരൻ, ആർ. സുഗതൻ എന്നിവർ നിയമസഭാ അംഗങ്ങളായി. തടുക്കു ചുറ്റുകാരനായ എം.റ്റി. ചന്ദ്രസേനനും വി.കെ. അച്യതനും പി.കെ. പത്മനാഭനും കയർ വ്യവസായികൾക്കിടയിൽപ്പോലും അംഗീകാരം ഉണ്ടായിരുന്ന വ്യവസായ വിദഗ്ധരായിരുന്നു. കെ.കെ. കുഞ്ഞൻ വി.എൻ. തോമസ് തുടങ്ങിയവർ സംസ്ഥാനം മുഴുവൻ അറിയപ്പെടുന്ന ട്രേഡ് യൂണിയൻ നേതാക്കളായി.
ഇത്തരമൊരു തൊഴിലാളിവർഗം രൂപംകൊണ്ടത് എങ്ങനെ? കാൽനൂറ്റാണ്ടുകാലത്തെ ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ ചരിത്രത്തിലേ ഈചോദ്യത്തിന് ഉത്തരം കണ്ടെത്താനാവൂ. ജാതി അവശതകൾക്കെതിരെയുള്ള സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തെയും ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രസ്ഥാനത്തേയും തൊഴിലാളി പ്രസ്ഥാനവുമായി കൂട്ടിയിണക്കിയതിന്റെ കഥയാണത്. സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി തൊഴിലാളിപ്രസ്ഥാനം ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്കു പുന്നപ്ര-വയലാർ സമരത്തിലൂടെ ഉയരുകയായിരുന്നു. ഇതിനു സൂത്രധാരകത്വം വഹിച്ചത് കോൺഗ്രസ് സോഷ്യലിസ്റ്റുകാരും അവരിൽ നിന്നും രൂപംകൊണ്ട കമ്മ്യൂണിസ്റ്റുകാരുമായിരുന്നു.
മുകളിൽ സൂചിപ്പിച്ച വിപ്ലവബോധത്തിലേക്കുള്ള ജൈവവളർച്ച മനസിലാകാത്തവർക്കാണു പുന്നപ്ര-വയലാർ സമരത്തെ വിശദീകരിക്കാൻ “ഉപ്പും മുതിരയും” അല്ലെങ്കിൽ “13.5 സെന്റ്” ആഖ്യാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നത്. ഇവിടെയാണ് പുന്നപ്ര-വയലാർ സമരത്തിന്റെ ചരിത്രപശ്ചാത്തലം പ്രസക്തമാകുന്നത്.
അതാണ് പുന്നപ്ര-വയലാർ സമരസേനാനികളുടെ ഡയറക്ടറിയുടെ ഒന്നാം വാല്യത്തിന്റെ ആമുഖമായി നൽകുന്നത്. രണ്ടാം വാല്യത്തിൽ സമരത്തിന്റെ വിവിധ ഘട്ടങ്ങളും സമരാനന്തര സംഭവവികാസങ്ങളും നൽകുന്നതാണ്. ഡയറക്ടറിയുടെ ആമുഖം എന്ന നിലയിൽ സ്വാഭാവികമായി ചുരുക്കിയ പ്രതിപാദനമെ സാധ്യമാകൂ. ഈ മുഖവുരകളുടെ അടിസ്ഥാനത്തിൽ സമഗ്രവും വിശകലനാത്മകവുമായ ഒരു ഗ്രന്ഥം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് അറിയിച്ചുകൊള്ളട്ടെ.
ഈ ആമുഖ അവതരണങ്ങളിൽ മറ്റുരേഖകളിൽ നിന്നും പുസ്തകങ്ങളിൽ നിന്നുമുള്ള റഫറൻസുകൾ ഒഴിവാക്കുകയാണ്. എന്നാൽ ഡയറക്ടറിയിലുള്ള ചരിത്രപുരുഷന്മാരെ പ്രസക്തമായ ഭാഗങ്ങളിൽ അവരുടെ ഡയറക്ടറിയിലെ ക്രമ നമ്പർ റഫറൻസ് നൽകുന്നുണ്ട്. ഈയൊരു രീതി രണ്ടാം വാല്യത്തിന്റെ ആമുഖത്തിൽ കൂടുതൽ വിപുലമായി ഉപയോഗപ്പെടുത്തുന്നതാണ്.
II
വ്യവസായ വളർച്ചയും തൊഴിലാളി വർഗത്തിന്റെ ആവിർഭാവവും
ആലപ്പുഴ വിജനമായ ഒരു ചതുപ്പുപ്രദേശമായിരുന്നു. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഡച്ച് ആധിപത്യത്തിൽ നിന്നും സ്വതന്ത്രമായ ഒരു തുറമുഖ പട്ടണം നിർമ്മിക്കുന്നതിനുള്ള തിരുവിതാംകൂറിന്റെ തീരുമാനമാണ് ആലപ്പുഴ തുറമുഖത്തിനു രൂപം നൽകിയത്. തുറമുഖത്തെ കായൽ ജലഗതാഗത പാതയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള കമേഴ്സ്യൽ കനാലും ദിവാൻ രാജാകേശവദാസ് പണിയിപ്പിച്ചു. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ് വാടക്കനാൽ നിർമ്മിച്ചത്. കനാലിന്റെ ഇരുകരകളിലുമായി വർത്തക പ്രമാണിമാരുടെയും വ്യവസായികളുടെയും ആസ്ഥാനങ്ങൾ ഭരണകൂടം പ്രോത്സാഹിപ്പിച്ചു. ആദ്യം ഗുജറാത്തി, കൊങ്ങിണി, മുസ്ലിം, ജൂത കച്ചവടക്കാർ ആയിരുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും യൂറോപ്യൻ കമ്പനികളുടെയും ആസ്ഥാനമായി ആലപ്പുഴ.
1859-ലാണ് ആദ്യത്തെ കയർ ഫാക്ടറി ആലപ്പുഴ കടപ്പുറത്ത് ജെയിംസ് ഡാറ സ്ഥാപിക്കുന്നത്. കാൽനൂറ്റാണ്ടിനു മുമ്പുതന്നെ ഇംഗ്ലണ്ടിലും അമേരിക്കയിലും കയർ വ്യവസായം പുഷ്ടിപ്രാപിച്ചു തുടങ്ങിയിരുന്നു. ജെയിംസ് ഡാറ തന്നെ ന്യുയോർക്കിലെ അച്ഛന്റെ ഫാക്ടറിയിലെ ജീവനക്കാരനായിട്ടായിരുന്നു തുടങ്ങിയത്. താരതമ്യേന വില കുറഞ്ഞ പരവതാനിയെന്ന നിലയിൽ പാശ്ചാത്യ രാജ്യങ്ങളിൽ കയർ ഉല്പന്നങ്ങൾക്കു പ്രിയം വർദ്ധിച്ചതോടെ ആലപ്പുഴയിലെ വ്യവസായവും പതുക്കെ വളരാൻ തുടങ്ങി. 1908-ൽ 1300 ടൺ ആയിരുന്നു ആലപ്പുഴയിൽ നിന്നുള്ള കയറ്റുമതി. 1912-ൽ ഇത് 6000 ടണ്ണായി ഉയർന്നു. യുദ്ധകാലത്തു കയറ്റുമതി കുറഞ്ഞെങ്കിലും പിന്നീട് വളർച്ച അതിവേഗത്തിലായി. 1922-ൽ 10,000 ടൺ ആയി.
1930-കളിലെ സാമ്പത്തിക മാന്ദ്യകാലത്തു ജനങ്ങളുടെ വരുമാനം ഇടിഞ്ഞപ്പോൾ ചെലവു കുറഞ്ഞ കയർ പരവതാനികളുടെ ആവശ്യക്കാരുടെ എണ്ണം പെരുകി. 1937 ആയപ്പോഴേക്കും കയറ്റുമതി 25,000 ടൺ ആയി.
വ്യവസായമാവട്ടെ കൂടുതൽ കൂടുതൽ ആലപ്പുഴയിൽ കേന്ദ്രീകരിക്കുവാനും തുടങ്ങി. തുറമുഖ സൗകര്യം, കയർ പിരി മേഖലകളുമായുള്ള സുഗമമായ ജലഗതാഗത ബന്ധം, കയർ യാണിനുമേൽ തിരുവിതാംകൂർ സർക്കാർ ഏർപ്പെടുത്തിയ ചുങ്കം തുടങ്ങിയവയൊക്കെ ഇതിനു കാരണമായി.
വില്യം ഗുഡേക്കർ, മധുര കമ്പനി, ഡാറാ സ്മെയിൽ, പിയേഴ്സ് ലെസ്ലി, ആസ്പിൻ വാൾ, ബോംബെ കമ്പനി എന്നീ ആറ് കമ്പനികളിലായി 1921-ൽ 2200 തൊഴിലാളികളാണു ജോലിയെടുത്തിരുന്നതെങ്കിൽ 1939 അവരുടെ എണ്ണം 6800 ആയി ഉയർന്നു. കയറ്റുമതിയിൽ മേധാവിത്വം യൂറോപ്യൻകാർക്കായിരുന്നു. ഇവരോടൊപ്പം കെ.സി. കരുണാകരൻ, ജനാർദ്ദനപിള്ള, പിച്ചു അയ്യർ, എ.വി. തോമസ്, അബുസേട്ട്, അഡിമ തുടങ്ങി നാടൻ കമ്പനികളും വളർന്നുവന്നു. പ്രമുഖ 12 നാടൻ കമ്പനികളിൽ തൊഴിലെടുത്തിരുന്നവരുടെ എണ്ണം 1921-ൽ 626 ആയിരുന്നത് 1930-ൽ 5300 ആയി വളർന്നു. ഇതിനു പുറമേ നേരിട്ടു കയറ്റുമതിക്കാർ അല്ലാത്ത നാടൻ ഫാക്ടറികളും നാട്ടിൻപുറങ്ങളിൽ സ്ഥാപിക്കപ്പെട്ടു. നാട്ടിൻപുറത്തു കൂലിയും ഉല്പാദനച്ചെലവും താഴ്ന്നതായിരുന്നു. 1938-ൽ ആലപ്പുഴ പട്ടണത്തിൽ 100 തറിയിലേറെ ഉണ്ടായിരുന്ന 41 കയറ്റുമതിക്കാരുടെ സ്ഥാനത്ത് നാട്ടിൻപുറത്തു 40 തറികൾ ശരാശരിയുള്ള 250 ഓളം ചെറുകിട ഫാക്ടറികളും ഉണ്ടായിരുന്നു.
യൂറോപ്യൻ മുതലാളിമാരുടെ സംഘടനയായിരുന്നു തിരുവിതാംകൂർ ചേംബർ. ഈ ആഢ്യസഭയിൽ ഇന്ത്യാക്കാരനായി കെ.സി. കരുണാകരനു മാത്രമേ പ്രവേശനം ഉണ്ടായിരുന്നുളളൂ. ഇന്ത്യൻ മുതലാളിമാരുടെ സംഘടന ആലപ്പി ചേംബർ ആയിരുന്നു. ചെറുകിട നാടൻ മുതലാളിമാരുടേത് അസോസിയേറ്റഡ് കോട്ടേജ് ഇൻഡസ്ട്രീസ് ആൻഡ് ഷിപ്പേഴ്സ് യൂണിയനും. ഇവരെല്ലാം തമ്മിൽ ശക്തമായ കച്ചവട കിടമത്സരവും ചേരിതിരിവും ആയിരുന്നു.
ഈ മുതലാളിമാരുടെ കീഴിൽ പണിചെയ്തിരുന്ന തൊഴിലാളികളുടെ സാമൂഹ്യ ഉത്ഭവം എന്ത്? മുതലാളിമാരെപ്പോലെതന്നെ വ്യവസായ കൂലിവേലക്കാരും ഒരു പുതിയ വർഗമായിരുന്നു. ആദ്യം തൊഴിലാളികൾ ആലപ്പുഴയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നാണു റിക്രൂട്ട് ചെയ്യപ്പെട്ടത്. പിന്നീട് 30-കളിലെ സാമ്പത്തിക തകർച്ചയുടെ കാലമായപ്പോഴേക്കും തിരുവിതാംകൂറിലെ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ അഭയ കേന്ദ്രമായി തീർന്നു ആലപ്പുഴ. പി. കൃഷ്ണപിള്ള [1] പോലും വൈക്കത്തുനിന്നും ആലപ്പുഴ ജോലിക്കാണ് ആദ്യം വന്നത്. ആദ്യകാല നേതാക്കളായ കൊല്ലം ജോസഫും കെ.സി. ഗോവിന്ദനും കൊല്ലക്കാരായിരുന്നു.
1921-ലെ സെൻസസ് പ്രകാരം 5101 ഫാക്ടറി തൊഴിലാളികളാണ് ആലപ്പുഴയിൽ ഉണ്ടായിരുന്നത്. 1931-ൽ അവരുടെ എണ്ണം 7132 ആയിരുന്നു. 1939 ആയപ്പോഴേക്കും തൊഴിലാളികളുടെ എണ്ണം 30,000-ത്തിലേറെയായി.
തൊഴിലാളികളിൽ എല്ലാ ജാതിമതസ്ഥരും ഉണ്ടായിരുന്നു. എങ്കിലും 75 ശതമാനത്തിലേറെ ഈഴവ സമുദായത്തിൽ നിന്നായിരുന്നു. പിന്നെ ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങൾ പട്ടികജാതിക്കാർ എന്നിവർക്കായിരുന്നു പ്രാധാന്യം.
ഇതുവരെ പറഞ്ഞതു കയർ ഫാക്ടറി തൊഴിലാളികളെ സംബന്ധിച്ചായിരുന്നു. ഇതിനുപുറമേ ആലപ്പുഴ പട്ടണത്തിലെ മറ്റൊരു പ്രധാന തൊഴിലാളി വിഭാഗമായിരുന്നു കന്നിട്ട ഓയിൽമിൽ തൊഴിലാളികൾ. മലഞ്ചരക്കുകൾ ഒന്നാക്കി കയറ്റുമതി യോഗ്യമാക്കുന്ന കളങ്ങളിൽ ജോലി ചെയ്യുന്നവർ മറ്റൊരു വിഭാഗമായിരുന്നു. പുറം കടലിൽ കിടക്കുന്ന കപ്പലുകളിൽ നിന്നു ചിലങ്കകൾ വഴി ചരക്കുകൾ കടൽപ്പാലത്തിൽ എത്തിക്കുകയും അവിടെനിന്നും ഗോഡൗണിൽ എത്തിക്കുകയും ചെയ്യുന്ന തുറമുഖ തൊഴിലാളികൾ ഏതാണ്ട് 1000-ത്തോളം പേർ വരുമായിരുന്നു. മറ്റൊരു പ്രബലവിഭാഗമായിരുന്നു ആലപ്പുഴയിലേക്കു പുറത്തുനിന്നുള്ള ചരക്കുകൾ എത്തിക്കുകയും കൊണ്ടുപോവുകയും ചെയ്യുന്ന വള്ളം തൊഴിലാളികൾ. ഇവരെല്ലാവരും ചേർന്നാൽ മറ്റൊരു 10,000 തൊഴിലാളികൾ വരുമായിരുന്നു. ഇതായിരുന്നു 30-കളുടെ അവസാനകാലത്തെ സ്ഥിതി.
III
യൂണിയൻ സാരോപദേശ സംഘത്തിൽ നിന്ന് സമരോത്സുകത്തിലേക്ക്
1922-ലാണ് തിരുവിതാംകൂർ ലേബർ അസോസിയേഷൻ രൂപീകൃതമായത്. അപ്പുസേട്ടിന്റെ എംപയർ വർക്സിലെ മൂപ്പനായിരുന്ന വാടപ്പുറം ബാവയാണിതിനു മുൻകൈ എടുത്തത്. നാടൻ കമ്പനികളിലെ പല മൂപ്പന്മാരും ലേബർ അസോസിയേഷന്റെ ഭരണസമിതിയിൽ അംഗങ്ങളായിരുന്നു. അവരുടെ സ്വാധീനശക്തിയും നിർബന്ധവുമാണ് തൊഴിലാളികളെ അസോസിയേഷനിൽ അംഗങ്ങളാക്കിയത്.
വാടപ്പുറം ബാവയുടെ പ്രചോദനം ശ്രീനാരായണ ചിന്തകളായിരുന്നു. പ്രഥമ അംഗത്വവിതരണ പ്രസ്താവനയിൽ സംഘത്തിന്റെ ദൗത്യമായി പറഞ്ഞത് ഇപ്രകാരമാണ്: “ദാരിദ്ര്യത്തിൽ പ്രഭുവേപ്പോലെയും അജ്ഞതയിൽ അധ്യാപകനെപ്പോലെയും കാഴ്ചപ്പാടിൽ പുത്രകളാദികളെപ്പോലെയും” തൊഴിലാളികളെ രക്ഷിക്കുകയായിരുന്നു സംഘടനയുടെ ഉദ്ദേശം. ആദ്യകാല രേഖകളിൽ ഒരിടത്തും മുതലാളി-തൊഴിലാളി വൈരുദ്ധ്യത്തെക്കുറിച്ചുള്ള പരാമർശനം കാണാൻ കഴിയില്ല. അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന തൊഴിലാളി വാരികയിൽ സാരോപദേശങ്ങളായിരുന്നു കൂടുതൽ.
അപ്പുസേട്ടിനെപോലുള്ള നാടൻ മുതലാളിമാർ ലേബർ അസോസിയേഷന്റെ രൂപീകരണത്തെ എതിർത്തുമില്ല. കാരണം ഈനൂറ്റാണ്ടിന്റെ ആരംഭത്തിൽ വ്യവസായം വേഗതയിൽ വളരാൻ തുടങ്ങിയപ്പോൾ ആവശ്യത്തിനു പരിചയസമ്പന്നരായ തൊഴിലാളികൾ ഇല്ലാതിരുന്നത് ഒരു പ്രധാന പ്രശ്നമായിരുന്നു. ഉയർന്നകൂലിയും അഡ്വാൻസും മറ്റും നല്കി തൊഴിലാളികളെ ആകർഷിക്കുക പതിവായിരുന്നു. തൊഴിൽശാലയിലെ അച്ചടക്കവും തൊഴിൽസ്ഥിരതയും പരിപാലിക്കുന്നതിന് ഒരു ഉപാധിയായി തൊഴിലാളി യൂണിയനെ നാടൻ മുതലാളിമാർ കണ്ടു.
എന്നാൽ 20-കളുടെ അവസാനമായപ്പോഴേക്കും ഈ സ്ഥിതിവിശേഷം മാറി. തൊഴിലാളികൾ ആവശ്യത്തിലധികമായി. വ്യവസായം നാട്ടിൻപുറങ്ങളിലേക്കും വ്യാപിച്ചുതുടങ്ങി. കയറ്റുമതി വർദ്ധിച്ചുകൊണ്ടിരുന്ന കാലമായിരുന്നിട്ടും രൂക്ഷമായ കച്ചവടമത്സരംമൂലം വിലകൾകുറയ്ക്കേണ്ടിവന്നു. കൂലിയും കുറയ്ക്കപ്പെട്ടു. 1925-നും 1937-നും ഇടയ്ക്കു ചില ഇനം കൂലികൾ 75 ശതമാവും കുറവുണ്ടായി. മൂപ്പൻമാരുടെ ചൂഷണവും ഏറി. ചുരുക്കത്തിൽ 1930 ലേബർ അസോസിയേഷന്റെ വാർഷികത്തിൽ അദ്ധ്യക്ഷൻ രാമവർമ്മ തമ്പാൻ ചൂണ്ടിക്കാണിച്ചതുപോലെ “കുറച്ചുകൂലി കൊടുത്തു നിറച്ചുവേല വാങ്ങാൻ ശ്രമിക്കുന്ന മുതലാളിമാരും” “കുറച്ചുവേല ചെയ്തു നിറച്ചുകൂലി വാങ്ങാൻ ശ്രമിക്കുന്ന തൊഴിലാളികളും” എന്ന രണ്ടു ചേരികളുണ്ടായി.
യൂണിയന്റെ വിലക്കുകൾ വകവയ്ക്കാതെ തൊഴിലാളികൾ മുൻകൈയെടുത്തു തൊഴിൽസമരങ്ങൾ സംഘടിപ്പിച്ചുതുടങ്ങി. മനസില്ലാമനസോടെ യൂണിയൻ ഈ സമരങ്ങളെ നയിക്കാൻ നിർബന്ധിതമായി. യാഥാസ്ഥിതികരായ ഭാരവാഹികൾ ഒന്നൊന്നായി ഭാരവാഹിസ്ഥാനത്തു നിന്നു മാറ്റപ്പെട്ടു. 15 വർഷത്തെ ലേബർ അസോസിയേഷന്റെ ചരിത്രത്തിൽ 14 പ്രാവശ്യം സെക്രട്ടറിമാർ മാറേണ്ടിവന്നു എന്നതു ശ്രദ്ധേയമാണ്. യൂണിയൻ സ്ഥാപകനായ പി.കെ. ബാവ തന്നെ എംപയർ കയർ ഫാക്ടറിയിൽ സ്വീകരിച്ച സമരവിരുദ്ധ നിലപാടുമൂലം യൂണിയൻ നേതൃത്വത്തിൽ നിന്നും നീക്കം ചെയ്യപ്പെട്ടു.
ഈ കാലയളവിലെ സ്ഥാനമാറ്റങ്ങളും യൂണിയനുള്ളിലെ സംഘർഷങ്ങളും പരിശോധിക്കുന്ന ഒരാൾക്കു കാണാൻ കഴിയുന്നത് അണികളുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങി രൂപംകൊള്ളുന്ന പുതിയ നേതൃത്വത്തെയാണ്. തങ്ങളുടെ പരിപാടികൾക്കും നേതാക്കൾക്കും രൂപം നൽകുന്നതിലുള്ള ബഹുജനങ്ങളുടെ സർഗ്ഗാത്മകമായ പങ്കിനെയാണ്.
(പി.ജെ. പത്മനാഭനും കെ.വി. പത്രോസിനെയും പോലുള്ള ചെറുപ്പക്കാർ കഠാര ചിത്രങ്ങളും ഭീഷണിയുമായി മുതലാളിമാർക്കു രഹസ്യ കത്തുകൾ അയക്കാൻ തുടങ്ങി. ഈ കത്തുകൾ ഭീകരവാദത്തെക്കുറിച്ചു വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചു)
പി. കേശവദേവ് യൂണിയന്റെ 1932-ലെ വാർഷികത്തിൽ ഒരു മുദ്രാവാക്യം ഉയർത്തി: “സഖാക്കളേ നമുക്കിനി പോക്രികളാകുക”. സാരോപദേശ പ്രസംഗങ്ങൾ കേട്ടുമടുത്തിരുന്ന തൊഴിലാളികൾ പുതിയ മുദ്രാവാക്യത്തിൽ ആകൃഷ്ടരായി. അടുത്ത സമ്മേളനത്തിനുമുമ്പ് അദ്ദേഹത്തെ സെക്രട്ടറിയായി മത്സരിക്കാൻ സമ്മതിപ്പിക്കുന്നതിന് ഒരുകൂട്ടം ചെറുസംഘം തൊഴിലാളികൾ അദ്ദേഹത്തെ വീട്ടിൽ ചെന്നു കണ്ടു.
തൊഴിലാളികൾ തങ്ങളുടെ നേതാക്കളെ തിരഞ്ഞു കണ്ടുപിടിക്കുകയായിരുന്നു. ഇങ്ങനെ പുതുതായി വന്നവരിൽ പലർക്കും ആലപ്പുഴയിലെ മൂർച്ചയേറിവന്ന സംഘർഷങ്ങൾക്കു മുന്നിൽ പിടിച്ചു നില്ക്കാനായില്ല. ക്രമേണ തൊഴിലാളികളുടെ ഇടയിൽ നിന്നുതന്നെ നീണ്ട സമരാനുഭവങ്ങളിലൂടെ ഒരു നേതൃത്വം ഉയർന്നുവന്നു. പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി പ്രവർത്തകരുടെ ഇടപെടൽ ഈ നേതൃമാറ്റത്തിനു നിർണ്ണായകമായി.
1935-ൽ കോഴിക്കോട് നടന്ന അഖിലകേരള തൊഴിലാളി സമ്മേളനത്തിൽ തിരുവിതാംകൂർ ലേബർ അസോസിയേഷൻ പ്രതിനിധിയായി ആർ. സുഗതൻ പങ്കെടുത്തതോടെയാണ് ഈബന്ധം സജീവമാകുന്നത്. ഏതാണ്ട് ഒരു ദശകം മുമ്പ് താൻ തൊഴിലാളിയായി ജീവിതം തുടങ്ങിയ പട്ടണത്തിൽ ഇക്കാലത്ത് പി. കൃഷ്ണപിള്ള തിരിച്ചെത്തിയത് മലബാറിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ പ്രവർത്തകനായിട്ടാണ്.
തൊഴിലാളികളുടെ ദൈന്യാവസ്ഥയെക്കുറിച്ചു രാജാവിനു മെമ്മോറാണ്ടം നല്കാൻ കാൽനടയായി പോകാൻ ശ്രമിച്ച യൂണിയൻ നിവേദക സംഘത്തെ അറസ്റ്റ് ചെയ്യുകയും ജാഥയെ നിരോധിക്കുകയും ചെയ്ത കാലമായിരുന്നു അന്ന്. നിരോധനവും അറസ്റ്റും തൊഴിലാളികളിൽ സൃഷ്ടിച്ച പ്രതിഷേധത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയും പങ്കാളിയായി. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച പ്രതിഷധ പ്രസ്താവനയിലൂടെ അവസാനം പി. കൃഷ്ണപിള്ള ചൂണ്ടിക്കാണിച്ചു.
“തൊഴിലാളികളുടെ അധപതിച്ച സ്ഥിതിക്കൊരു വ്യത്യാസമുണ്ടാകാൻ ഇനി ഏകമാർഗ്ഗം പൊതുപണിമുടക്കം മാത്രമാകുന്നു. ഒരു കമ്പനിയിൽ മാത്രം പണിമുടക്കു ചെയ്തു നോക്കിയിട്ടും സർക്കാരിൽ ശരണം പ്രാപിക്കാൻ ശ്രമിച്ചിട്ടും പരാജയം മാത്രമാണ് ഉണ്ടായിട്ടുള്ളത്. അതിനാൽ ഇനി അപേക്ഷകളും ഹർജികളും നിവേദനങ്ങളും എല്ലാം ഉപേക്ഷിച്ച് ന്യായവാദം ചെയ്തും പ്രക്ഷോഭം കൂട്ടിയും വേണ്ടിവന്നാൽ ഒരു പൊതുപണിമുടക്ക് ചെയ്തും കാര്യസാധ്യത്തിനുവേണ്ടി ശ്രമിക്കേണ്ടിയിരിക്കുന്നു.”
പൊതുപണിമുടക്കിന്റെ പ്രശ്നം ആദ്യമായി ഉയർത്തപ്പെടുന്നത് ഈ പ്രസ്താവനയിലൂടെയാണ്. ഇതിനകം ആലപ്പുഴയിൽ രൂപീകൃതമായ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി യൂണിറ്റുകൾ പൊതുപണിമുടക്കത്തിനായി പ്രചാരവേലയും ആരംഭിച്ചു. അവസാനം 1938 മാർച്ചിൽ യൂണിയൻ പൊതുപണിമുടക്കിനു തീരുമാനമെടുത്തു. സർക്കാരിന്റെ പ്രതികരണം നിഷ്പിതമായിരുന്നു. യൂണിയൻ നേതാക്കളായ ആർ. സുഗതൻ, പി.എൻ. കൃഷ്ണപിള്ള തുടങ്ങിയവരെ അറസ്റ്റ് ചെയ്തു. ഇതിൽ പ്രതിഷേധിച്ചു പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയ തൊഴിലാളികളെ ലാത്തിച്ചാർജ്ജ് ചെയ്തു. ഗരുഡൻ ബാവ എന്ന തൊഴിലാളി രക്തസാക്ഷിയായി.
IV
ശ്രീനാരായണ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളും ആലപ്പുഴയിലെ തൊഴിലാളികളും
ആലപ്പുഴ തൊഴിലാളി സമരരംഗത്ത് ഇറങ്ങുന്നത് ഈഴവ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളിലൂടെയാണ്. തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ ഉത്ഭവം തന്നെ വ്യവസായമേഖലയിലെ വർഗവൈരുദ്ധ്യങ്ങളേക്കാൾ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ വേണം മനസിലാക്കാൻ എന്നു മുൻപ് സൂചിപ്പിച്ചുവല്ലോ. സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിലെ വിവിധ ചിന്താസരണികൾ തൊഴിലാളി പ്രസ്ഥാനത്തെ ഗാഡമായി സ്വാധീനിച്ചിട്ടുണ്ട്. ഈ സരണികളെല്ലാം ശ്രീനാരായണ ചിന്തകളിൽ നിന്നു പ്രചോദനമുൾക്കൊണ്ടും വ്യാഖ്യാനിച്ചുമാണ് വളർന്നുവന്നത്. ദാർശനികമായി ശ്രീനാരായണൻ ശാങ്കര അദ്വൈതിയായിരുന്നെങ്കിലും പ്രയോഗത്തിൽ മായാപ്രപഞ്ചത്തിലെ ജാതിഘടനയെയും മൂല്യങ്ങളെയും മാറ്റാമെന്നു മാത്രമല്ല മാറ്റുകയാണു ധർമ്മം എന്ന് ഉത്ഘോഷിച്ചു. ഇതായിരുന്നു ശ്രീനാരായണ ധർമ്മം. ഈ ധർമ്മപരിപാലനത്തിനായുള്ള സംഘടന 1927-ൽ ആലപ്പുഴയിൽവച്ച് ടി.കെ. മാധവന്റെ ഉത്സാഹത്തിൽ നടന്ന സമ്മേളനത്തിൽ അംഗത്വ ഫീസ് കുറച്ച് ഒരു ജനകീയ സംഘടനയായതോടെ സാധാരണക്കാരും തൊഴിലാളികളും അതിലെ അംഗങ്ങളും പ്രവർത്തകരുമായി മാറി. ജാതി വിവേചനത്തെ കായികമായി നേരിട്ടിരുന്ന ചേർത്തലയിലെ സംക്രാന്തിപത്തുകാർ, കരപ്പുറം യുവജന സേവാസംഘം തുടങ്ങിയ പ്രാദേശിക പ്രസ്ഥാനങ്ങൾ ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ കുടക്കീഴിലായി. യോഗത്തിന്റെ ബോർഡിലേക്കു തൊഴിലാളികളുടെ പ്രതിനിധികളായി ഒന്നോ രണ്ടോ പേരെ തെരഞ്ഞെടുക്കുന്നതും പതിവായി.
സവർണ്ണ ജാതി മേധാവിത്വത്തിനെതിരായ പ്രക്ഷോഭത്തിൽ മൂന്നു ധാരകൾ പൊതുവിൽ കാണാൻ കഴിയും. ആദ്യത്തേത്, പ്രത്യക്ഷ രാഷ്ട്രീയത്തിൽ ഇടപെടാതെ സാമൂഹ്യപരിഷ്കരണത്തിനായി പ്രവർത്തിക്കുകയും വേണ്ടിവന്നാൽ സർക്കാരിനോടും ബ്രട്ടീഷ് ഭരണത്തോടും സഹകരിക്കുന്നവരാണ്. ഇത്തരമൊരു ബ്രട്ടീഷ് സഹകരണനയം രാജാറാം മോഹൻറോയ് പോലുള്ളവരിൽ തുടങ്ങുന്ന ശക്തമായ നവോത്ഥാന ധാരയാണെന്നത് ഓർമ്മിപ്പിക്കട്ടെ. സാമൂഹ്യ വിപ്ലവത്തിന്റെ ശുക്രനക്ഷത്രമായി വിശേഷിപ്പിക്കപ്പെട്ട കുമാരനാശാൻ ആണ് ഒരുപക്ഷേ ഈ ധാരയുടെ ഏറ്റവും അറിയപ്പെടുന്ന പ്രതിനിധി. പന്തിഭോജനം, മദ്യവർജനം, മതപരിഷ്കരണം, മതപരിവർത്തനം, മതനിരാസം തുടങ്ങിയ ഒട്ടേറെ ചിന്താ പദ്ധതികൾക്ക് ഉറവിടമായിരുന്നു ഈ ധാര. ഇവയിലെല്ലാം ആലപ്പുഴ തൊഴിലാളികളും സജീവമായിരുന്നു. ബുദ്ധമിഷന്റെ പ്രവർത്തകനായിരുന്നു ആർ. സുഗതൻ. മതപരിവർത്തന വിവാദങ്ങൾ സമുദായ ലഹളക്കുപോലും വഴിതെളിച്ചു.
എസ്എൻഡിപി യോഗം ക്രമേണ രാഷ്ട്രീയ നിലപാടുകളും സമരോത്സുക പരിപാടികളും സ്വീകരിച്ചു തുടങ്ങി. ജാതിവിരുദ്ധ പ്രക്ഷോഭങ്ങളെ ദേശീയപ്രസ്ഥാനവുമായി കോർത്തിണക്കാൻ ശ്രമിച്ച ഒരുപറ്റം നേതാക്കൾ ഉയർന്നുവന്നു. ഈ പാരമ്പര്യത്തിന്റെ ഏറ്റവും പ്രമുഖ വക്താവാണ് ടി.കെ. മാധവനും സി. കേശവനും. ടി.കെ. മാധവനാണ് കോൺഗ്രസിനെക്കൊണ്ടു വൈക്കം സത്യാഗ്രഹത്തിന് അംഗീകാരം നേടിയതിലും സംഘടിപ്പിച്ചതിലും പ്രധാനി. വൈക്കം സത്യാഗ്രഹം ആലപ്പുഴ തൊഴിലാളികളെ ഗാഡമായി സ്വാധീനിക്കുകയും ഒട്ടേറെപേർ കരപ്പുറത്തുനിന്നും പങ്കെടുക്കുകയും ചെയ്തു.
ഈഴവരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള രാഷ്ട്രീയ പ്രക്ഷോഭങ്ങൾ നിവർത്തന പ്രസ്ഥാനത്തിലൂടെ രൂപംകൈകൊണ്ടു. നിവർത്തനത്തിന്റെ വിജയത്തോടെ സമുദായത്തെയാകെ ഉത്തരവാദിത്ത പ്രക്ഷോഭത്തിനായുള്ള ദേശീയവാദികളോടൊപ്പം അണിനിരത്തുന്നതിലും സ്റ്റേറ്റ് കോൺഗ്രസിനു രൂപം നൽകുന്നതിലും സി. കേശവൻ വലിയപങ്കുവഹിച്ചു.
മൂന്നാമത്തെ ധാരയെ ജാതിവിരുദ്ധ പ്രക്ഷോഭങ്ങളെ തൊഴിലാളികളെയും സാധാരണക്കാരെയും കൂട്ടിയിണക്കാൻ ശ്രമിച്ച സഹോദരൻ അയ്യപ്പനെയും ആർ. സുഗതനെയും പോലുള്ളവർ പ്രതിനിധീകരിക്കുന്നു. തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ ഉത്ഭവവും ആദ്യകാല വളർച്ചയും ഇതിൽപ്പെടുന്നു.
എന്നാൽ ദേശീയപ്രസ്ഥാനമായാലും തൊഴിലാളി യൂണിയനായാലും എല്ലാ ജാതി-മതസ്ഥരും ഉൾക്കൊള്ളുന്നവയാണ്. ഇത് പുതിയ സംഘർഷങ്ങൾക്കു വഴി തെളിയിച്ചു. ആലപ്പുഴയിൽ നിലവിൽവന്ന സമവായം ഇതായിരുന്നു: എല്ലാ ജാതിമതസ്ഥരം ഉൾക്കൊള്ളുന്ന യൂണിയനുള്ളിൽ സാമുദായിക പരിഗണനകൾ ഒഴിവാക്കണം, തൊഴിലാളികളുടെ കൂലി, സേവന വ്യവസ്ഥകൾ തുടങ്ങിയവ പൊതു ആവശ്യങ്ങളെ ആസ്പദമാക്കിയാണ് യൂണിയൻ പ്രവർത്തിക്കുക. ഫാക്ടറിക്കു പുറത്തു നാട്ടിൽ തൊഴിലാളികൾ സാമുദായിക സംഘടനകളിൽ സജീവമായി പ്രവർത്തിക്കും. ഇങ്ങനെ ഒരർത്ഥത്തിൽ ഒരു ഇരട്ടജീവിതമായിരുന്നു തൊഴിലാളികളുടേത്.
ഈ സ്ഥിതി സന്തുലനത്തിൽ ഒരു മാറ്റം വരുത്തുന്നതിനു ലേബർ അസോസിയേഷന്റെ 1937-ലെ 12-ാം വാർഷിക സമ്മേളനത്തിൽ തിരുവനന്തപുരത്തു നിന്നുവന്ന സൗഹാർദ്ദ പ്രതിനിധി പൊന്നറ ശ്രീധരൻ അവതരിപ്പിച്ച പ്രമേശം വലിയ കോലാഹലം സൃഷ്ടിച്ചു. തൊഴിലാളികൾ സാമുദായിക സംഘടനകളിൽ പ്രവർത്തിക്കാൻ പാടില്ല എന്നതായിരുന്നു പൊന്നറയുടെ പ്രമേയത്തിന്റെ സാരം. അവസാനം ആർ. സുഗതൻ അവതരിപ്പിച്ചു സമ്മേളനം അംഗീകരിച്ച പ്രമേയം നിലവിലുണ്ടായിരുന്ന സ്ഥിതിയെ അംഗീകരിക്കുന്നതായിരുന്നു. യൂണിയനുള്ളിൽ സാമുദായിക പരിഗണനകൾ പാടില്ല. പുറത്താകാം. തൊഴിലാളി ജീവിതത്തിലെ ഈ ഇരട്ടമുഖം അവസാനിപ്പിച്ച് ഫാക്ടറിക്കുള്ളിലെ ആവശ്യങ്ങൾക്കുവേണ്ടി എല്ലാ തൊഴിലാളികളും ഒരുമിച്ചു നില്ക്കുന്നതുപോലെ ജാതിവിരുദ്ധ സമരത്തിലും ജാതി-മത ഭേദമില്ലാതെ എല്ലാ തൊഴിലാളികളും അണിനിരക്കണമെന്ന നിലപാടിലേക്കെത്താൻ ആലപ്പുഴ തൊഴിലാളിക്ക് 1938-ലെ പൊതുപണിമുടക്കിന്റെ അനുഭവവുംകൂടെ വേണ്ടിവന്നു. അതിലേക്കു കടക്കുംമുമ്പ് ആലപ്പുഴ തൊഴിലാളികളെ ഗാഡമായി സ്വാധീനിച്ചിരുന്ന ദേശീയപ്രസ്ഥാനത്തെക്കുറിച്ചു പൊതുവായി ചില കാര്യങ്ങൾ വിശദീകരിക്കേണ്ടതുണ്ട്.
V
തൊഴിലാളികൾ ദേശീയപ്രസ്ഥാനത്തിൽ
തിരുവിതാംകൂറിൽ ഉദയംകൊണ്ടിരുന്ന ദേശീയതയുടെ തുടക്കമായിരുന്നു 1891-ലെ മലയാളി മെമ്മോറിയൽ. മേലുദ്യോഗസ്ഥതലം മുതൽ കുത്തകയാക്കിയിരുന്ന പരദേശി ബ്രാഹ്മണർക്കെതിരായി മലയാളികളുടെ മെമ്മോറിയൽ ആയിരുന്നു അത്. എന്നാൽ ഇതിന്റെ നേട്ടം സവർണ്ണർക്കു മാത്രമേയിരുന്നു. ഇതു ഈഴവ മെമ്മോറിയലിലേക്കു നയിച്ചു. ഈ പശ്ചാത്തലത്തിലാണു പൗരാവകാശ ലീഗ് രംഗപ്രവേശനം ചെയ്യുന്നത്. സർക്കാർ ഉദ്യോഗങ്ങൾ അവർണ്ണർക്കുകൂടി തുറന്നു കൊടുക്കപ്പെട്ടു.
പൗരവാവകാശ പ്രസ്ഥാനത്തിന്റെ അടുത്ത ഉയർന്ന ഘട്ടമായിരുന്നു 1923-ലെ വൈക്കം സത്യാഗ്രഹമെന്നു പറയാം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഖിലേന്ത്യാ സമ്മേളനത്തിൽ ടി.കെ. മാധവൻ അവതരിപ്പിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അമ്പല റോഡിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനായുള്ള സമരം. അഥവാ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനമായിരുന്നു സമരത്തിനു നേതൃത്വം. ഈ സമരം ആലപ്പുഴ തൊഴിലാളികളെ ഏറെ സ്വാധീനിച്ചു. 1923-ൽ തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ ഒന്നാമതു വാർഷികയോഗം ആഘോഷപൂർവ്വം നടന്നുകൊണ്ടിരിക്കുന്ന വേളയിലാണ് വൈക്കത്തു കെ.പി. കേശവമേനോനെയും ടി.കെ. മാധവനെയും അറസ്റ്റ് ചെയ്ത വർത്ത അറിയുന്നത്. തത്കാലം യോഗനടപടികൾ നിർത്തിവച്ച് 50 വോളന്റിയർമാരെ തെരഞ്ഞെടുത്തു. ഖദർധാരികളായി ഈ വോളന്റിയർമാർ പിറ്റേ ദിവസം വൈക്കത്തുപോയി സത്യാഗ്രഹത്തിൽ പങ്കുകൊണ്ടു.
എന്നാൽ വൈക്കം സത്യാഗ്രഹത്തിനു ശേഷമുള്ള ദശാബ്ദക്കാലം പൊതുദേശീയ പ്രസ്ഥാനത്തിനു പകരം പിന്നോക്ക സമുദായങ്ങളുടെ സംഘടനകളുടെ നേതൃത്വത്തിൽ രൂപംകൊണ്ട സംയുക്ത രാഷ്ട്രീയസഭയുടെ നേതൃത്വത്തിൽ ആനുപാതിക പ്രതിനിധ്യത്തിനായുള്ള നിവർത്തന പ്രസ്ഥാനത്തിന്റെ കാലമായിത്തീർന്നു. ഈ സ്ഥിതിവിശേഷത്തിന് ഒരു മുഖ്യകാരണം നാട്ടുരാജ്യങ്ങളിൽ കോൺഗ്രസ് സംഘടന വേണ്ടെന്ന ഗാന്ധിയൻ നിലപാടായിരുന്നു. എങ്കിലും സവർണ്ണ മേധാവിത്വത്തിനെതിരെ സാമൂഹ്യതുല്യതയ്ക്കുവേണ്ടിയുള്ള പ്രസ്ഥാനമെന്ന നിലയിൽ നിവർത്തനപ്രസ്ഥാനം പുരോഗമനപരമായ രാഷ്ട്രീയ ചലനമായിരുന്നു. ആലപ്പുഴ തൊഴിലാളികൾ നിവർത്തനപ്രസ്ഥാനത്തിൽ സജീവമായിരുന്നു.
ദേശീയപ്രസ്ഥാനം ഉയർത്തിയ മദ്യവർജ്ജനം, അയിത്തോച്ഛാടനം തുടങ്ങിയ കർമ്മപരിപാടികൾ തിരുവിതാംകൂറിലും അലയടിച്ചു. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ കർമ്മപരിപാടികളിൽ ഇവ പ്രധാന ഇങ്ങനങ്ങളായിരുന്നുവല്ലോ. ഇവയോടൊപ്പം വിദേശവസ്ത്ര ബഹിഷ്കരണവും കടന്നുവന്നു. ആലപ്പുഴ വിദേശ വസ്ത്രാലയ പിക്കറ്റിംഗിലൂടെയാണു വിദ്യർത്ഥിയായിരുന്ന ജോൺകുട്ടിയുടെ രാഷ്ട്രീയ പ്രവേശനം .
1930-ൽ പൊന്നറ ശ്രീധരന്റെ നേതൃത്വത്തിൽ പയ്യന്നൂർക്കുപോയ ജാഥയ്ക്കു തൊഴിലാളികൾ സ്വീകരണം നല്കുകയും ഒരു പണക്കിഴി സമ്മാനിക്കുകയും ചെയ്തു. കോൺഗ്രസ് നേതാക്കൾ പലരും ലേബർ അസോസിയേഷന്റെ വാർഷികങ്ങളിലും യോഗങ്ങളിലും വിശിഷ്ടാതിഥികളായിരുന്നു. 1913-ൽ ജവഹർലാൽ നെഹ്റുവും കുടുംബവും ആലപ്പുഴയിൽ വന്നപ്പോൾ കിടങ്ങാംപറമ്പ് മൈതാനത്ത് അസോസിയേഷൻ സ്വീകരണം നല്കി.
1938-ലെ ഹരിപുരം കോൺഗ്രസ് സമ്മേളനം നാട്ടുരാജ്യങ്ങളുടെ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാൻ തീരുമാനിച്ചു. തിരുവിതാംകൂറിലാകട്ടെ നിവർത്തനപ്രസ്ഥാനം മുഖ്യലക്ഷ്യങ്ങൾ നേടുകയും ചെയ്തിരുന്നു. സംയുക്ത രാഷ്ട്രീയസഭ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് ആയി രൂപാന്തരപ്പെട്ടു. പഴയ സാമുദായിക ചേരിതിരിവുകളുടെ ശക്തമായ സ്വാധീനം പുതിയ സംഘടനയിലും പ്രതിഫലിച്ചെങ്കിലും എല്ലാ വിഭാഗങ്ങളുമടങ്ങുന്ന ദേശീയപ്രസ്ഥാനമായിരുന്നു സ്റ്റേറ്റ് കോൺഗ്രസ്.
സ്റ്റേറ്റ് കോൺഗ്രസിലെ ഉല്പതിഷ്ണു വിഭാഗമായിരുന്നു യൂത്ത് ലീഗ്. യൂത്ത് ലീഗാവട്ടെ എൻ.സി. ശേഖർ, കുരുക്കൾ, പൊന്നറ ശ്രീധർ തുടങ്ങിയവർ രൂപീകരിച്ച കമ്മ്യൂണിസ്റ്റ് ലീഗിന്റെ തുടർച്ചയായി രൂപംകൊണ്ടതുമായിരുന്നു.
ദിവാൻ ഭരണം അവസാനിപ്പിച്ച് ഉത്തരവാദിത്തഭരണം സ്ഥാപിക്കണമെന്നതായിരുന്നു സ്റ്റേറ്റ് കോൺഗ്രസിന്റെ മുദ്രാവാക്യം. ഇത് ആവശ്യപ്പെട്ട് രാജാവിനു മെമ്മോറാണ്ടവും സമർപ്പിച്ചു. അതോടെ ദിവാൻ സ്റ്റേറ്റ് കോൺഗ്രസിനെതിരെ മർദ്ദനം അഴിച്ചുവിട്ടു. ഈയൊരു സാഹചര്യത്തിലാണ് 1938 ആഗസ്റ്റ് 26-ന് ഉത്തരവാദിത്തഭരണത്തിനുവേണ്ടി പ്രക്ഷോഭം ആരംഭിച്ചത്. നിരോധനാജ്ഞകൾ ലംഘിച്ചു നടത്തിയ യോഗങ്ങൾക്കെതിരെ ലാത്തിച്ചാർജ്ജും വെടിവയ്പ്പുകളും പതിവായി. നെയ്യാറ്റിൻകര, കൊല്ലം തുടങ്ങിയ 12 കേന്ദ്രങ്ങളിൽ വെടിവയ്പ്പു നടന്നു.
ആലപ്പുഴയും ഒരു സമരകേന്ദ്രമായിരുന്നു. കണിച്ചുകുളങ്ങരയിൽ വെടിവയ്പ്പ് നടന്നു. സ്റ്റേറ്റ് കോൺഗ്രസ് നിരോധിക്കപ്പെട്ടു. തൊഴിലാളികൾ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിനു പിന്തണയുമായി ഇറങ്ങി.
സ്റ്റേറ്റ് കോൺഗ്രസ് ഘോഷയാത്രയായി രാജാവിനെകണ്ട് പുതിയ നിവേദനം സമർപ്പിക്കാൻ തീരുമാനിച്ചു. രാജാവിന്റെ ജന്മദിനമായ ഒക്ടോബർ 23-ന് തിരുവനന്തപുരത്ത് ഘോഷയാത്ര ശ്രീമതി. അക്കാമ്മ ചെറിയാനാണു നയിച്ചത്. ജാഥയുടെ മുന്നിൽ ആലപ്പുഴയിലെ 25 തൊഴിലാളി റെഡ് വോളന്റിയർമാർ ചിട്ടയായി പാട്ടുപാടി മാർച്ച് ചെയ്തിരുന്നു.
“അടങ്ങുകില്ലിനി ഞങ്ങൾ
അടിയിറച്ചുനിന്നു പൊരുതും ഞങ്ങൾ
ഭരണമേ നിന്റെ നിറം
ശരിക്കിതാ ഞങ്ങൾ കണ്ടു
മരണത്തിൽ ഭയം
ഞങ്ങൾക്കില്ലിനിമേൽ”
മർദ്ദനംകൊണ്ടു സമരത്തെ തോല്പിക്കാനാവില്ലായെന്നു തിരിച്ചറിഞ്ഞ ദിവാൻ ഭിന്നിപ്പിച്ചു തകർക്കാൻ തീരുമാനിച്ചു. രാജാവിന്റെ ജന്മദിനം പ്രമാണിച്ചു സ്റ്റേറ്റ് കോൺഗ്രസ് തടവുകാരെ വിട്ടയച്ചു. നേതാക്കൾ സമരം പിൻവലിച്ചു. യൂത്ത് ലീഗുകാർ ഉത്തരവാദിത്തഭരണത്തിനായുള്ള പ്രക്ഷോഭം തുടരണമെന്നു ശക്തിയായി ആവശ്യപ്പെട്ടെങ്കിലും നേതൃത്വം ജയിൽ വിമോചിതർക്കുള്ള സ്വീകരണ പരിപാടികളിൽ പ്രക്ഷോഭത്തെ ഒതുക്കി. അങ്ങനെ കടുത്ത ഇച്ഛാഭംഗത്തിനിരയായ യൂത്ത് ലീഗുകാരുടെ മുന്നിൽ ഒരു ദ്രുവനക്ഷത്രം പോലെ ആലപ്പുഴ തെളിഞ്ഞുനിന്നു. ആലപ്പുഴ തൊഴിലാളികൾ സമരത്തിൽ ഉറച്ചുനിന്നു. ഒക്ടോബർ 21-ന് ഉത്തരവാദിത്തഭരണത്തിനും തങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്കുംവേണ്ടി തുടങ്ങിയ സമരത്തിൽ അവർ ഉറച്ചുനിന്നു.
VI
1938-ലെ പൊതുപണിമുടക്കം
1938 മാർച്ചിൽ ലേബർ അസോസിയേഷന്റെ ജനറൽബോഡിയോഗം പൊതുപണിമുടക്കിനു തയ്യാറെടുക്കാൻ ആഹ്വാനം ചെയ്തു. എന്നാൽ ആർ. സുഗതൻ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചതിനെത്തുടർന്നു പണിമുടക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ചിട്ടയായി നടന്നിരുന്നില്ല. അതേസമയം അറസ്റ്റിൽ പ്രതിഷേധിച്ച തൊഴിലാളികൾക്കുനേരെ അഴിച്ചുവിട്ട മർദ്ദനവും ബാവയുടെ രക്തസാക്ഷിത്വവും തൊഴിലാളികൾക്കിടയിൽ സർക്കാർ വിരോധവും സ്റ്റേറ്റ് കോൺഗ്രസിനോട് അനുഭാവവും വർദ്ധിപ്പിച്ചു.
സ്റ്റേറ്റ് കോൺഗ്രസ് സമരത്തെ സഹായിക്കുന്നതിനു സി.എസ്.പിയുടെ നേതൃത്വത്തിലുള്ള കെപിസിസി കൊച്ചി ആസ്ഥാനമാക്കി ഒരു സഹായകമ്മിറ്റി രൂപീകരിച്ചു. ആലപ്പുഴയ്ക്കു പി. കൃഷ്ണപിള്ളയടക്കം ഒരുസംഘം ഉശിരൻ പ്രവർത്തകരും നിയോഗിക്കപ്പെട്ടു. ഇവർ അതിവേഗം ഒരു പണിമുടക്കു സംഘടനയ്ക്കു രൂപം നൽകി. പി.ജി. പത്മനാഭന്റെ നേതൃത്വത്തിൽ ഉശിരന്മാരുടെ ഒരു പണിമുടക്കു കമ്മിറ്റി, എല്ലാ ഫാക്ടറികളിലും ഫാക്ടറി കമ്മിറ്റികൾ, 300 പേരുടെ ഒരു വോളന്റിയർ സംഘത്തിനും രൂപം നൽകി. അതിവിപുലമായ രാഷ്ട്രീയ വിദ്യാഭ്യാസ ക്യാമ്പയിനും സംഘടിപ്പിച്ചു. ഇവയെല്ലാം തൊഴിലാളികളിൽ ആത്മവിശ്വാസവും രാഷ്ട്രീയബോധവും സൃഷ്ടിച്ചു. ഒക്ടോബർ 17-ന് സൈമൺ ആശാന്റെ അധ്യക്ഷതയിൽ ചേർന്ന മഹാസമ്മേളനത്തിൽവച്ച് പൊതുപണിമുടക്കം പ്രഖ്യാപിച്ചപ്പോൾ ഏറ്റവും വലിയ കരഘോഷം ലഭിച്ചതു പരിപൂർണ്ണ ഉത്തരവാദിത്തഭരണമെന്ന ആവശ്യത്തിനായിരുന്നുവെന്ന് പി. കൃഷ്ണപിള്ള രേഖപ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബർ 21-ന് പണിമുടക്കം ആരംഭിച്ചു. തിരുവനന്തപുരത്തുനടന്ന സ്റ്റേറ്റ് കോൺഗ്രസ് ഘോഷയാത്രയോട് എടുത്ത സമീപനത്തിൽനിന്നു വ്യത്യസ്തമായി ഒക്ടോബർ 23-ന് ആലപ്പുഴയിൽ നടന്ന ഘോഷയാത്ര കഴിഞ്ഞു മടങ്ങിപ്പോയ തൊഴിലാളികളെ പട്ടാളം ഭീകരമായി മർദ്ദിച്ചു. 24-നു റൗഡികളെ തൊഴിലാളികൾ വാരിക്കുന്തവുമായി നേരിട്ടു. പട്ടാള നീക്കത്തിനു മാർഗതടസം സൃഷ്ടിച്ച വെടിവയ്പ്പിൽ ഒരു തൊഴിലാളി കൊല്ലപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിൽ ആലപ്പുഴ പട്ടാളത്തിന്റെയും റൗഡികളുടെയും നരനായാട്ടായിരുന്നു. ഭയം പണിമുടക്കത്തിൽ ചോർച്ച സൃഷ്ടിച്ചു.
ഈയൊരു സാഹചര്യം നേരിടുന്നതിനു പി. കൃഷ്ണപിള്ളയുടെ നിർദ്ദേശപ്രകാരം ഉശിരൻ സി.എസ്.പി പ്രവർത്തകരുടെ നേതൃത്വത്തിൽ ഫാക്ടറി പിക്കറ്റിംഗ് ആരംഭിച്ചു. അവർ ഭീകരമർദ്ദനത്തിന് ഇരകളായി. പ്രതിഷേധവികാരം പണിമുടക്കിനെ വീണ്ടും സംപൂർണ്ണമാക്കി.
പക്ഷേ, പുതിയൊരു തർക്കം യൂണിയനുള്ളിൽ ആരംഭിച്ചു. ജയിൽ വിമോചിതരായി ആലപ്പുഴയിൽ എത്തിയ യൂണിയൻ നേതാക്കൾ സ്റ്റേറ്റ് കോൺഗ്രസ് സമരം പിൻവലിച്ചതിന്റെ അടിസ്ഥാനത്തിൽ പണിമുടക്കവും പിൻവലിക്കണമെന്ന പക്ഷക്കാരായിരുന്നു. സ്ട്രൈക്ക് കമ്മിറ്റി ഇതിനെതിരും. പി. കൃഷ്ണപിള്ളയും സഖാക്കളും പണിമുടക്ക് തുടരണമെന്ന പക്ഷക്കാരായിരുന്നു. പണിമുടക്കം തുടർന്നു.
പക്ഷേ, സ്ട്രൈക്ക് കമ്മിറ്റിയെ അറിയിക്കാതെ മാനേജിംഗ് കമ്മിറ്റി നേതാക്കളിൽ ചില സന്ധിസംഭാഷണങ്ങൾ തുടരുന്നുണ്ടായിരുന്നു. ഒരണ അധിക കൂലിയും കയർ വ്യവസായത്തിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കാമെന്ന ഉറപ്പിലും സമരം പിൻവലിക്കാൻ ഈ നേതാക്കൾ പ്രസ്താവനയിറക്കി.
സ്ട്രൈക്ക് കമ്മിറ്റി ഒന്നടങ്കം ഈ പ്രസ്താവനയെ എതിർത്തു. എന്നാൽ പി. കൃഷ്ണപിള്ളയും എകെജിയും ഐക്യംനിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തിലൂന്നിക്കൊണ്ട് നിർബന്ധപൂർവ്വം സ്ട്രൈക്ക് കമ്മിറ്റിയെക്കൊണ്ട് പണിമുടക്കം പിൻവലിപ്പിക്കുന്നതിനു തീരുമാനം എടുപ്പിച്ചു.
ഈ പണിമുടക്കം ആലപ്പുഴ തൊഴിലാളികൾക്കു വലിയൊരു രാഷ്ട്രീയ പാഠശാലയായി പരിണമിച്ചു. സ്റ്റേറ്റ് കോൺഗ്രസിന്റെ ഒത്തുതീർപ്പു രാഷ്ട്രീയത്തേയും മുതലാളി പക്ഷപാതിത്വത്തെയും അവർ തിരിച്ചറിഞ്ഞു. പഴയ മാനേജിംഗ് കമ്മിറ്റി നേതാക്കൾ പുറംതള്ളപ്പെട്ടു. ആർ. സുഗതനെ പോലുള്ളവർ ആ കെട്ടസമരകാലത്തെടുത്ത നിലപാടുകൾ തിരസ്കരിച്ച് ഇടത്തോട്ടു നീങ്ങി. മെയ് ദിനത്തിനു സുഗതൻ എഴുതിയ കവിതയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. സി.എസ്.പി പ്രവർത്തകരായ യുവതൊഴിലാളികൾ നേതൃത്വത്തിലേക്ക് ഉയർന്നു.
അതുപോലെതന്നെ തൊഴിലാളികൾ എസ്എൻഡിപി അടക്കമുള്ള സാമുദായിക സംഘടനകളെ തള്ളിപ്പറഞ്ഞു. ആലപ്പുഴയിലെ വൻകിട കമ്പനികളെപ്പോലെ പ്രാധാന്യമർഹിക്കുന്ന ഇടത്തരം-ചെറുകിട കമ്പനികൾ കയർ വ്യവസായത്തിൽ വളർന്നു വന്നിരുന്നല്ലോ. ഇവരിൽ ഭൂരിപക്ഷം പേരും ഈഴവ സമുദായത്തിൽപ്പെട്ടവർ ആയിരുന്നെങ്കിലും തങ്ങളുടെ സ്വന്തം സമുദായത്തിൽപ്പെട്ട തൊഴിലാളികളോടൊപ്പമായിരുന്നില്ല. മറ്റു സമുദായക്കാരായ മുതലാളിമാർക്കൊപ്പമായിരുന്നു അവർ. സമുദായ സംഘടനയാകട്ടെ നിഷ്പക്ഷത നടിച്ചു. 1939 ആയപ്പോഴേക്കും സ്റ്റേറ്റ് കോൺഗ്രസുമായുള്ള എല്ലാ ബന്ധവും എസ്എൻഡിപി വിച്ഛേദിച്ചു. ദിവാന്റെ കുഴലൂത്തുകാരായി. തൊഴിലാളികൾ തൊഴിലാളിവർഗ വീക്ഷണത്തിൽ പ്രശ്നങ്ങളെ വിലയിരുത്താനും ഏറ്റെടുക്കുവാനും തുടങ്ങി.
എല്ലാറ്റിലുമുപരി ഇടതുപക്ഷ രാഷ്ട്രീയ നിലപാട് ആലപ്പുഴ തൊഴിലാളികളുടെ മുഖമുദ്രയായി തീർന്നു. തുടർന്നുവന്ന വർഷങ്ങളിൽ ഈ വിപ്ലവബോധം കൂടുതൽ ദൃഡമാവുകയും നാട്ടിൻപുറങ്ങളിലെ ജനങ്ങളിലേക്കു സംക്രമിക്കുകയും ചെയ്തു. ഈ പരിവർത്തനത്തിന്റെ കഥയാണ് അടുത്തതായി പരിശോധിക്കുന്നത്.
VII
രണ്ടാംലോക മഹായുദ്ധവും പുതിയ ട്രേഡ് യൂണിയൻ നയവും
രണ്ടാംലോക മഹായുദ്ധത്തെ തുടർന്നു കയർ കയറ്റുമതി സ്തംഭിച്ചു. യുദ്ധാവശ്യങ്ങൾക്കുള്ള ഓർഡർ ആശ്വാസം നൽകിയെങ്കിലും മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ 20-30 ശതമാനം കുറവായിരുന്നു ഉല്പാദനം. യുദ്ധ ഓർഡറുകൾ തിടുക്കത്തിൽ പൂർത്തീകരിക്കാൻ ഒട്ടേറെ താൽക്കാലിക ജോലിക്കാരെ നിയമിക്കേണ്ടിവന്നു. വൻകിട ഫാക്ടറികളിൽ സ്ഥിരം ജോലിക്കാരുടെ ഇരട്ടിവരുമായിരുന്നു താൽക്കാലിക തൊഴിലാളികൾ. നാട്ടിൻപുറത്തു കൂണുപോലെ ചെറുകിട ഫാക്ടറികൾ വളരാനും തുടങ്ങി. 1936-ൽ 249 ഗ്രാമീണ ഫാക്ടറികൾ ഉണ്ടായിരുന്നസ്ഥാനത്ത് 1946 ആയപ്പോഴേക്കും അവയുടെ എണ്ണം 474 ആയി വർദ്ധിച്ചു. ഇതു പരമ്പരാഗത തൊഴിലാളികളുടെ തൊഴിലിനെയും വരുമാനത്തെയും പ്രതികൂലമായി ബാധിച്ചു.
വിലക്കയറ്റമായിരുന്നു മറ്റൊരു പ്രശ്നം. 1939-നും 1944-നും ഇടയ്ക്കു വിലകൾ 200 ശതമാനത്തിലധികം ഉയർന്നപ്പോൾ ക്ഷാമബത്ത 75 ശതമാനമേ വർദ്ധിച്ചുള്ളൂ. ആലപ്പുഴയിൽ ഊണിന്റെ വില 9 പൈസയിൽ നിന്ന് 38 പൈസയായി വർദ്ധിച്ചു. ഭക്ഷണക്രമത്തിൽ കപ്പയുടേയും പിണ്ണാക്കിന്റെയും പ്രാധാന്യമേറി.
നാട്ടിൻപുറത്തു ക്ഷാമ സമാനമായ സ്ഥിതിവിശേഷം സംജാതമായി. 80-90 ശതമാനം കുട്ടികൾ ഉച്ചയ്ക്കു ഭക്ഷണം കഴിച്ചിരുന്നില്ല. പട്ടിണി മരണം വ്യാപകമായി. യുദ്ധവർഷങ്ങളിൽ ചേർത്തല താലൂക്കിൽ 30000-ത്തിലേറെ അധികമരണങ്ങൾ നടന്നു എന്നാണു സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ സർവ്വേ വെളിപ്പെടുത്തിയത്.
യുദ്ധത്തിന്റെ തുടക്കവർഷങ്ങളിൽ കൂലി വർദ്ധനയ്ക്കുവേണ്ടി സെലീറ്റാ സമരം പോലെ ഉശിരൻ പ്രക്ഷോഭം നടത്തിയ യൂണിയന് കമ്മ്യൂണിസ്റ്റ് പാർടി ജനകീയ യുദ്ധനയം സ്വീകരിച്ചതോടെ അത്തരം നിലപാടു തുടരാൻ കഴിയാതെ വന്നു. യുദ്ധാവശ്യങ്ങൾക്കുള്ള “ഉല്പാദന വർദ്ധന നയം” വ്യാപക അസംതൃപ്തി സൃഷ്ടിക്കേണ്ടതായിരുന്നു. ജനകീയ യുദ്ധലൈൻ കമ്മ്യൂണിസ്റ്റ് പാർടിയെ താത്കാലികമായിട്ടെങ്കിലും ദേശീയപ്രസ്ഥാനത്തിൽനിന്ന് ഒറ്റപ്പെടുത്തുകയും അണികളിൽ അസംതൃപ്തി സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ ആലപ്പുഴയിൽ മറിച്ചായിരുന്നു അനുഭവം.
ഇതിനുകാരണം ഉല്പാദന വർദ്ധന നയം യാന്ത്രികമായി നടപ്പാക്കുന്നതിനു പകരം ലാഭക്കൊത്തിയന്മാരായ മുതലാളിമാരെ തുറന്നുകാട്ടുന്നതിനും തൊഴിലാളി താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി 1938-ലെ സമരത്തിന്റെ ഫലമായി ആലപ്പുഴയിൽ രൂപംകൊണ്ട അനുരഞ്ജന സംവിധാനങ്ങളെയും ബഹുജന സമ്മർദ്ദ തന്ത്രങ്ങളേയും യൂണിയൻ ഫലപ്രദമായി ഉപയോഗപ്പെടുത്തി. യുദ്ധ ഓർഡറുകൾക്കു നിശ്ചയിക്കപ്പെട്ട കൂലി നിരക്കുകൾ പുതുക്കുന്നതിനും ഡിഎ 9 തവണ പുതുക്കുന്നതിനും അടിസ്ഥാനകൂലിയിൽ 25 ശതമാനം വർദ്ധന നേടുന്നതിനും വിജയിച്ചു. പുതിയ തൊഴിൽ നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കി. അന്യായ ഫൈനുകളും മൂപ്പൻമാരുടെ കൊള്ളരുതായ്മകളും അവസാനിപ്പിച്ചു. പ്രസവാനുകാല്യങ്ങൾ നടപ്പാക്കി.
1938-ലെ സമരത്തെതുടർന്ന് രൂപംകൊണ്ട ഫിഷറീസ് ആക്ട്, ട്രേഡ് യൂണിയൻ ആക്ട്, ട്രേഡ് ഡിസ്പ്യൂട്ട് ആക്ട്, വർക്ക് മെൻസ് കോമ്പൻസേഷൻ ആക്ട്, മറ്റേണിറ്റി ഫിറ്റ് ആക്ട് എന്നിവ തൊഴിലാളികളുടെ വിലപേശൽ കഴിവ് ഉയർത്തി. ആലപ്പുഴയിൽ ഇ.ഐ.ആർ.സി എന്ന ത്രികക്ഷി വ്യവസായബന്ധ കമ്മിറ്റി രൂപീകൃതമായി. വെള്ളക്കാരും അല്ലാത്തവരുമായ വൻകിട മുതലാളിമാർ ടി.സി.എം.എ.എ എന്നൊരു പുതിയ സംഘടനയിൽ യോജിച്ചതും മുതലാളി-തൊഴിലാളി ബന്ധങ്ങൾ വ്യവസ്ഥാപിതമാക്കുന്നതിനു സഹായകരമായി.
സാമ്പത്തിക ആവശ്യങ്ങൾ നേടാനായി അനുരഞ്ജന സമിതികളെ ഉപയോഗപ്പെടുത്തിയപ്പോൾ തന്നെ സാധാരണ അണികളെ പ്രവർത്തനോന്മുഖരാക്കുന്നതിൽ യൂണിയനുകൾ പ്രത്യേക ശ്രദ്ധ ചെലുത്തി. എല്ലാ ഫാക്ടറികളിലും ഫാക്ടറി കമ്മിറ്റികളും വലിയ ഫാക്ടറികളിൽ ഡിപ്പാർട്ട്മെന്റൽ കമ്മിറ്റികളും രൂപീകരിച്ചു. അവ സജീവമായതോടെ ഏറ്റവും വിശാലമായ ജനാധിപത്യ പങ്കാളിത്തം യൂണിയൻ പ്രവർത്തനങ്ങളിൽ ഉറപ്പുവരുത്തപ്പെട്ടു. ഫാക്ടറികളിലെ പൊതുയോഗങ്ങളുടെ എണ്ണം 1942-43-ൽ 56 ആയിരുന്നത് 1944-45-ൽ 1092 ആയി വർദ്ധിച്ചു. ഫാക്ടറിതല കമ്മിറ്റി യോഗങ്ങളുടെ എണ്ണം 468-ൽ നിന്ന് 1092 ആയി വർദ്ധിച്ചു. ഫാക്ടറി കമ്മിറ്റികൾ ഏറ്റെടുത്ത തൊഴിൽ തർക്കങ്ങൾ 439-ൽ നിന്ന് 708 ആയി ഉയർന്നു. അവയിൽ 90 ശതമാനവും ഫാക്ടറിക്കുള്ളിൽതന്നെ പരിഹരിക്കപ്പെട്ടിരുന്നു.
തൊഴിലാളികളുടെ വമ്പിച്ച രാഷ്ട്രീയവല്കരണത്തിന്റെ കാലമായിരുന്നു 1940-കൾ. 1938-ലെ സമരകാലത്തു രൂപംകൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി യൂണിയനുകൾ കമ്മ്യൂണിസ്റ്റ് പാർടി ഘടകങ്ങളായി. റാഡിക്കൽ ഗ്രൂപ്പിലെ അംഗങ്ങളും കമ്മ്യൂണിസ്റ്റ് പാർടിയിൽ ചേർന്നു. യൂണിയൻ അംഗത്വം 1939-ൽ 8309 ആയിരുന്നത് 1945-46-ൽ 18549 ആയി ഉയർന്നു. (ചേർത്തല – മുഹമ്മ – അരൂർ യൂണിയനുകളുടെ കുറവ് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല)
VIII
തൊഴിലാളി വർഗ്ഗ വിപ്ലവ സംസ്കാരത്തിന്റെ വളർച്ച
ആലപ്പുഴ തൊഴിലാളി പ്രസ്ഥാനത്തിന്റെ സവിശേഷത സാംസ്കാരിക പ്രവർത്തനങ്ങൾക്കു നല്കിയ പ്രാധാന്യമാണ്. തൊഴിലാളികളെ രാഷ്ട്രീയവല്കരിക്കുന്നതിനും പ്രക്ഷോഭകാരികളാക്കുന്നതിനും നിസ്തുലമായ പങ്കുവഹിച്ചിട്ടുള്ള മൂന്ന് സ്ഥാപനങ്ങളുണ്ട്. ഒന്നാമത്തേത്, 1924-ൽ ദ്വൈവാരികയും താമസിയാതെ വാരികയായും 1938-ൽ നിരോധിക്കുന്നതുവരെ പ്രസിദ്ധീകരിച്ചുവന്ന തൊഴിലാളി പത്രമാണ്. രണ്ടാമത്തേത്, യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടത്തിയിരുന്ന വായനശാലകളും നിശാപാഠശാലകളുമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയിരുന്ന തൊഴിലാളികളെ ഇംഗ്ലീഷും ഹിന്ദിയുമൊക്കെ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കിയത് ഈ പാഠശാലകളാണ്. പ്രസംഗ പരിശീലനവും ഇവിടെ ഉണ്ടായിരുന്നു. മൂന്നാമത്തേത്, പഠന കലാ കേന്ദ്രങ്ങളാണ്. 1943-ൽ യൂണിയൻ ഓഫീസിനോടനുബന്ധിച്ചുള്ള തൊഴിലാളി കലാ-സാംസ്കാരിക കേന്ദ്രം ഉദ്ഘാടനം ചെയ്തത് തകഴി ശിവശങ്കരപ്പിള്ള ആയിരുന്നു. ഈ കേന്ദ്രത്തിലെ 40-ൽപ്പരം കലാപ്രവർത്തകർ നാടകം, നൃത്തം, പാട്ട് എന്നിവ ആലപ്പുഴയിലെ യോഗങ്ങളിൽ മാത്രമല്ല കണ്ണൂരും മദിരാശിയിലുമെല്ലാം അവതരിപ്പിച്ചിട്ടുണ്ട്. മറ്റൊരു കേന്ദ്രം പി.കെ. പത്മനാഭന്റെ നേതൃത്വത്തിൽ കൊമ്മാടി പാലത്തിനു സമീപം 1936-ൽ ആരംഭിച്ച പഠനകേന്ദ്രമാണ്. കലാ പ്രവർത്തനങ്ങൾക്കൊപ്പം രാഷ്ട്രീയ പഠനവും ഈ കേന്ദ്രം ഏറ്റെടുത്തിരുന്നു.
1934-ൽ പി. കേശവദേവ് അസോസിയേഷന്റെ സെക്രട്ടറിസ്ഥാനവും തൊഴിലാളി പത്രാധിപസ്ഥാനവും ഏറ്റെടുത്തതോടെ തൊഴിലാളി പത്രത്തിന്റെ ചരിത്രത്തിൽ ഒരു പുതിയ ഘട്ടം ആരംഭിച്ചു. തൊഴിലാളിയുടെ പ്രചാരം 2000 ആയി വർദ്ധിച്ചു. “ശ്രീ പോക്രീസ് ഓഫ് പറവൂർ” എന്നു ദേവ് വിശേഷിപ്പിച്ച കെടാമംഗലം, രാമദാസ്, ദേവ് എന്നീ ത്രിമൂർത്തികൾ തൊഴിലാളി പത്രത്തിനു പുതിയൊരു ഭാവം പകർന്നു.
ആലപ്പുഴ തൊഴിലാളികൾ സമ്പന്നമായ ഒരു സാംസ്കാരിക പാരമ്പര്യത്തിന് ഉടമകളായിരുന്നു. ഈഴവ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന പുതിയ മലയാള സാഹിത്യം അവരിൽ വളരെയധികം സ്വാധീനം ചെലുത്തി. കെ. അയ്യപ്പന്റെയും കുമാരനാശാന്റെയും കവിതാരചനകൾ സംഘടിപ്പിക്കലായിരുന്നു ആർ. സുഗതൻ നല്കിയ യുവജന സംഘത്തിന്റെ മുഖ്യ പരിപാടികളിലൊന്ന്. മരണവീടുകളിൽ പുരാണ പാരായണത്തിനു പകരം വീണപൂവും പ്രരോദനവുമെല്ലാം പാരായണം ചെയ്യുന്ന സമ്പ്രദായത്തിന് ഇവർ തുടക്കംകുറിച്ചു. ഇത്തരം പാരമ്പര്യങ്ങൾ യൂണിയൻ പൊതുയോഗങ്ങളിലെ കവിത ചൊല്ലലായും പ്രകടനങ്ങളിലെ പടപ്പാട്ടുകളായും തുടർന്നു. കാട്ടൂർ ജോസഫും കൂട്ടരും പുലർച്ചെ ആലപ്പുഴയിലേക്കു ജോലിക്കു പോവുക പടപ്പാടുകളുടെ പ്രഭാതഭേരിയോടെയായിരുന്നു.
തൊഴിലാളികളുടെ ഇടയിൽനിന്നു കവികളും കഥാകൃത്തുക്കുളും ഉയർന്നുവന്നു. അവരുടെ കൃതികൾ തൊഴിലാളി പത്രത്തിലൂടെ വെളിച്ചംകണ്ടു. ഇത്തരം കവിതകൾ സമാഹാരങ്ങളായി അച്ചടിച്ചു പാടി നടന്നു വില്ക്കുക പതിവായിരുന്നു. വില്പനയിൽ നിന്നും കിട്ടുന്ന ആദായം തൊഴിലാളി യൂണിന്റെയോ മറ്റു സാമൂഹ്യ സംഘടനകളുടെയ ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്ന പതിവും സാധാരണമായിരുന്നു.
ഈ സാഹിത്യ പ്രവണതകളുടെ മുന്നിൽ നിന്നിരുന്ന കെടാമംഗലം പപ്പുക്കുട്ടിയായിരുന്നു. കേസരിയുടെ അഭിപ്രായത്തിൽ തൊഴിലാളിപക്ഷം മുറുകെ പിടിച്ചുകൊണ്ടുള്ള മലയാള കവിതാശാഖ ഉദ്ഘാടനം ചെയ്തത് 1931-ൽ കെടാമംഗലം തൊഴിലാളിയിൽ പ്രസിദ്ധീകരിച്ച മരുത സന്ദേശത്തോടെയാണ്. കെടാമംഗലത്തിന്റെ പ്രഥമ കവിതാസമാഹാരമായ ആശ്വാസ നിശ്വാസം പ്രസിദ്ധീകരിച്ചത് ആലപ്പുഴ ട്രേഡ് യൂണിയൻ പ്രവർത്തകരായിരുന്നു. 1935-ലെ വാർഷികത്തിൽ ആലപ്പുഴ തൊഴിലാളികൾ കെടാമംഗലത്തിനു സുവർണ്ണമുദ്ര സമ്മാനിച്ച് തൊഴിലാളിവർഗ കവിയായി ആദരിച്ചു.
ഈ പുതിയ സാഹിത്യവും കലയും സൃഷ്ടിച്ച സാംസ്കാരിക അന്തരീക്ഷത്തിലാണ് ആലപ്പുഴ തൊഴിലാളിയുടെയും വർഗബോധം ഉരുത്തിരിഞ്ഞു വന്നത്. തൊഴിലാളി പത്രത്തിൽ തുടർച്ചയായി മാർക്സിസ്റ്റ് വിപ്ലവസിദ്ധാത്തെക്കുറിച്ചും ധനശാസ്ത്രം സംബന്ധിച്ചും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ കടന്നുവരവോടെ ഇത്തരം ഇടതുപക്ഷ ലേഖനങ്ങൾ മാത്രമല്ല പഠനക്ലാസുകളും പതിവായി. അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ച് 1940-കളിൽ ആഴ്ചതോറും യൂണിയൻ കോമ്പൗണ്ടിൽ വി.എൽ. തോമസ് ക്ലാസ് എടുക്കുമായിരുന്നു. ഇവയൊക്കെ ആലപ്പുഴ തൊഴിലാളിക്ക് ഒരു വിശാല ലോകവീക്ഷണം പ്രദാനം ചെയ്തു.
IX
സ്ത്രീകൾ സമരരംഗത്ത്
ഇതോടൊപ്പം എടുത്തു പറയേണ്ടുന്ന ഒരു മാറ്റമാണ് വിപ്ലവ രാഷ്ട്രീയം തൊഴിലാളികളുടെ വീടുകളിലേക്കു കടന്നുചെന്നത്. ആലപ്പുഴയിലെ മഹിളാ പ്രസ്ഥാനത്തിന്റെ ആരംഭം ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ഭാഗമായി ആരംഭിച്ച മഹിളാസമാജത്തിൽ നിന്നാണ്. എന്നാൽ ഈ പ്രസ്ഥാനം ക്രമേണ ദുർബലമായി. അടുത്തഘട്ടം ആരംഭിക്കുന്നതു യൂണിയനുള്ളിൽ സ്ത്രീ തൊഴിലാളികളെ പ്രത്യേകമായി സംഘടിപ്പിക്കാൻ തുടങ്ങിയതോടെയാണ്. 1944-45-ൽ സ്ത്രീകളുടെ 30 ഫാക്ടറി കമ്മിറ്റികൾ ഉണ്ടായിരുന്നു. 794 ഫാക്ടറി കമ്മിറ്റി അംഗങ്ങളിൽ 125 പേർ സ്ത്രീകളായിരുന്നു. യൂണിയൻ വാർഷികങ്ങൾക്കൊപ്പം മഹിളാ സമ്മേളനങ്ങളും നടത്തുക പതിവായി. ഇത്തരമൊരു യോഗത്തിലാണ് 1944-ൽ അമ്പലപ്പുഴ താലൂക്ക് മഹിളാസംഘം രൂപീകൃതമായത്. ഇതാണു മഹിളാ പ്രസ്ഥാനത്തിന്റെ മൂന്നാംഘട്ടം. തൊഴിലാളി സ്ത്രീകളെ മാത്രമല്ല മറ്റു സ്ത്രീകളെയും സ്ത്രീകളുടെ സവിശേഷമായ പൊതുപ്രശ്നങ്ങളെ ആസ്പദമാക്കി സംഘടിപ്പിക്കുകയായിരുന്നു ഈ മഹിളാ സംഘത്തിന്റെ ലക്ഷ്യം.
ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും എതിരായ സമരങ്ങളിൽ സ്ത്രീകൾ അണിനിരന്നു. ജാപ്പ് വിരുദ്ധ പ്രചാരണത്തിലും കലാപരിപാടികളിലും സ്ത്രീകൾ സജീവമായിരുന്നു. സ്ത്രീകളുടെ രാഷ്ട്രീയവൽക്കരണം ക്ഷാമത്തിന്റെ കെടുതിയിലും പിന്നീടുവന്ന മർദ്ദനമാരണത്തിലും വിപ്ലവം ആവേശംകെടാതെ നിലനിർത്തിയതിൽ സുപ്രധാന പങ്കുവഹിക്കുകയുണ്ടായി.
X
നാട്ടിൻപുറത്തെ ജനസാമാന്യത്തിനുമേൽ തൊഴിലാളിവർഗ അധീശ്വത്വം
തൊഴിലാളി വർഗ്ഗത്തിന് ആലപ്പുഴയിലെ ഇതര കീഴാള വർഗ്ഗങ്ങളുടെമേൽ അധീശത്വം സ്ഥാപിക്കാൻ എങ്ങനെ കഴിഞ്ഞു?
ഒന്ന്, കയർ ഫാക്ടറികൾ നാട്ടിൻപുറങ്ങളിലേക്ക് വ്യാപിച്ചുകിടന്നതുകൊണ്ടും കയർ ഫാക്ടറി തൊഴിലാളികളിൽ മുഖ്യപങ്കും നാട്ടിൻപുറത്തായിരുന്നു താമസിച്ചിരുന്നത് എന്നതുകൊണ്ടും കയർ തൊഴിലാളികൾക്ക് ഗ്രാമീണ ജനതയുമായി ഗാഡബന്ധമുണ്ടായിരുന്നു. നാട്ടിൻപുറത്തെ പട്ടിണി പാവങ്ങളുടെ തൊഴിൽ സംഘടനകൾ കെട്ടിയുയർത്തുന്നതിന് നേതൃത്വം നൽകിയത് ഉശിരന്മാരായ കയർ ട്രേഡ് യൂണിയൻ പ്രവർത്തകരായിരുന്നു. മത്സ്യത്തൊഴിലാളികൾ, മരപ്പണിക്കാർ, കയറുപിരിക്കാർ, തെങ്ങുകയറ്റക്കാർ, ചെത്തുതൊഴിലാളികൾ എന്നിവരുടെയെല്ലാം പ്രത്യേക യൂണിയനുകൾ വളർത്തിയെടുത്തത് അവർ ആയിരുന്നു. ഇതിൽ അവർ പ്രകടിപ്പിച്ച ഉത്സാഹവും ത്യാഗമനോഭാവവും കയർ തൊഴിലാളികളെ ഗ്രാമീണ ജനതയുടെ നേതാക്കളാക്കി. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചത് സംബന്ധിച്ച് ഒരു വിവരണം വായിക്കൂ:
ഒരു സംഘടിത വിപ്ലവവിഭാഗം എന്ന നിലയിൽതന്നെ കയർ ഫാക്ടറി തൊഴിലാളികൾ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ നേരിട്ട് ഇടപെട്ടു. ഫാക്ടറിയിലെ പണി ഉപേക്ഷിച്ച് പാടങ്ങളിൽ സംഘടനാ പ്രവർത്തനത്തിനിറങ്ങിയ തൊഴിലാളികളും അവരുടെ പ്രവർത്തകരും മാത്രമല്ല ഫാക്ടറികളിൽ പണി ചെയ്തവരും ത്യാഗോജ്ജ്വലമായി പ്രവർത്തിക്കുകയുണ്ടായി. എന്തെങ്കിലും ഒരു ഡിപ്പാർട്ട്മെന്റിൽ നിന്ന് ഒന്നോ രണ്ടോ തൊഴിലാളികൾ പ്രവർത്തനത്തിനായി കുട്ടനാട്ടിലേക്കു പോയിട്ടുണ്ടെങ്കിൽ, ബാക്കി ഡിപ്പാർട്ട്മെന്റിലുള്ളവർ എല്ലാവരുംകൂടി ജോലി ചെയ്തുകിട്ടുന്ന കൂലി, പ്രവർത്തനത്തിനു പോയിട്ടുള്ള സഖാക്കളെയും ചേർത്ത് വീതിക്കുകയും ആ വീതമാവട്ടെ സഖാക്കളുടെ വീടുകളിൽ എത്തിക്കുകയും ചെയ്തു പോന്നു.
രണ്ട്. ഇങ്ങനെ ഗ്രാമീണ ജനങ്ങളുടെ സമരസംഘടനകൾ വളർത്തിയെടുക്കുന്നതിന് നേതൃത്വം നൽകുക മാത്രമല്ല അവരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് സമരം ചെയ്യുന്നതിനും കയർ തൊഴിലാളികൾ തയ്യാറായി. കയർപിരിക്കാരുടെ കയർ വിലയുടെ പ്രശ്നം, കേരകർഷകരുടെ സിലോൺ കൊപ്ര ഇറക്കുമതി പ്രശ്നം, കാർഷികോല്പന്നങ്ങളുടെ വില തുടങ്ങിയ പല പ്രശ്നങ്ങളും കയർ യൂണിയനുകൾ ഏറ്റെടുത്തു. നാട്ടിൻപുറത്തെ തൊഴിലില്ലാത്തവർക്ക് പൊതുമരാമത്ത് റിലീഫ് പണികൾ നടത്തുന്നതിനും റേഷൻ വിതരണത്തിലെ അപാകതകൾ നീക്കുന്നതിനും വേണ്ടി തൊഴിലാളികൾ പ്രത്യക്ഷസമരങ്ങൾ – പണിമുടക്കം – സംഘടിപ്പിച്ചു. പണിമുടക്കിന്റെ ഫലമായി സൗജന്യ നിരക്കിൽ സർക്കാർ വിതരണം ചെയ്തുതുടങ്ങിയ 7000 ഊണിന്റെ കൂപ്പണുകൾ യൂണിയൻ ആപ്പീസുകളിൽ നിന്നോ അല്ലെങ്കിൽ ഇതിനായി യൂണിയൻ പ്രത്യേക തുറന്ന ആഫീസുകളിൽ നിന്നോ ആയിരുന്നു പൊതുജനങ്ങൾക്കു വിതരണം ചെയ്തത്. യൂണിയൻ മുൻകൈയെടുത്ത് പിരിച്ചെടുത്ത റിലീഫ് ഉല്പന്നങ്ങളും പണവും തൊഴിലാളികൾ തനിച്ച് വീതിച്ചെടുക്കുകയല്ല ചെയ്തത്. മറിച്ച് മറ്റെല്ലാ ജനവിഭാഗങ്ങൾക്കുംകൂടി ആവശ്യാനുസരണം വീതിച്ചുകൊടുക്കുകയാണു ചെയ്തത്. നാട്ടിൻപുറത്തെ ജനകീയ മുന്നേറ്റത്തിനെതിരെ സ്വയം പ്രതിരോധിക്കാൻ ജനങ്ങളെ സജ്ജരാക്കുന്നതിനും നാട്ടിൻപുറങ്ങളിൽ ഉയർന്നുവന്ന സ്വയം പ്രതിരോധ വോളണ്ടിയർ ക്യാമ്പുകൾക്ക് നേതൃത്വം നൽകുന്നതിനും മുന്നോട്ടുവന്നത് കയർ തൊഴിലാളികൾ ആയിരുന്നു.
ചുരുക്കത്തിൽ ഗ്രാമീണ ജനങ്ങൾ കയർ തൊഴിലാളികളെ അവരുടെ വിമോചകരും നേതാക്കളുമായി വീക്ഷിക്കാൻ തുടങ്ങി. ഗ്രാമപ്രദേശത്തെ കുടുംബപരവും സ്വത്തുസംബന്ധവും എന്നുവേണ്ട ഒട്ടെല്ലാ സാമൂഹ്യ തർക്കങ്ങൾക്കും തീർപ്പുകല്പിക്കുന്ന ആർബിട്രേഷൻ വേദിയായി ട്രേഡ് യൂണിയൻ കമ്മിറ്റികൾ നാല്പതുകളിൽ രൂപാന്തരപ്പെട്ടത് യൂണിയൻ ആർജ്ജിച്ച ബഹുജനസമ്മതിയുടെയും വിശ്വാസത്തിന്റെയും ഉത്തമ നിദർശനമാണ്.
ഗ്രാമീണ ജനതയുടെമേൽ തൊഴിലാളിവർഗ്ഗം നേടിയ അധീനശത്വം വളരെ സുപ്രധാനമായ ഒരു സംഭവവികാസമായിരുന്നു. ഒരർത്ഥത്തിൽ ദേശീയ പ്രസ്ഥാനത്തിനുള്ളിൽ ബൂർഷ്വാ വർഗ്ഗവും തൊഴിലാളി വർഗ്ഗവും തമ്മിൽ നിരന്തരമായി നടത്തിവന്ന പോരാട്ടത്തിന്റെ കേന്ദ്രബിന്ദു കർഷക ജനസാമാന്യത്തിന്റെമേൽ അധീശത്വം നേടുന്നതിനുള്ള സമരമായിരുന്നു. ഇന്ത്യയിൽ മൊത്തത്തിൽ ഗാന്ധിയും അനുയായികളുമാണ് ഈ സമരത്തിൽ വിജയിച്ചതെങ്കിൽ ആലപ്പുഴ വിജയം കമ്മ്യൂണിസ്റ്റ് പാർടിക്കും തൊഴിലാളി വർഗ്ഗത്തിനുമായിരുന്നു. ഈ നേട്ടമായിരുന്നു സുപ്രസിദ്ധമായ പുന്നപ്ര-വയലാർ സമരത്തിന്റെ പശ്ചാത്തലം.
XI
നാട്ടിൻപുറത്തെ വർഗ്ഗസമരം മൂർച്ഛിച്ചപ്പോൾ
നാട്ടിൻപുറത്തെ പാവങ്ങളുടെ വർഗ്ഗസംഘടനകളുടെ ആവിർഭാവവും അവ അടിച്ചമർത്തപ്പെട്ടവർക്ക് നൽകിയ ആത്മാഭിമാനവും ആത്മവിശ്വാസവും തീഷ്ണമായ സാമൂഹ്യ സംഘർഷങ്ങൾക്കു രൂപം നൽകി. ഏറ്റവും പ്രധാനപ്പെട്ടത് കർഷകത്തൊഴിലാളി സംഘടനകളുടെ വളർച്ചയായിരുന്നു. കൂലി വർദ്ധനയ്ക്കുവേണ്ടി മാത്രമായിരുന്നില്ല. ജാതി അവശതകൾക്കെതിരായ പോരാട്ടത്തിന്റെ മുദ്രാവാക്യങ്ങൾകൂടി ഏറ്റെടുത്തു. “തമ്പ്രാനെന്നു വിളിക്കില്ല, അടിയാനെന്നു പറയില്ല, പാളയിൽ കഞ്ഞി കുടിക്കില്ല” എന്ന മുദ്രാവാക്യം ഉയർന്നു വന്നു. ജന്മിത്വം അതിന്റെ എല്ലാ ജാതിവൈകൃതത്തോടുംകൂടി നിലനിന്നിരുന്ന ഒരു പ്രദേശമായിരുന്ന ചേർത്തല താലൂക്കിൽ ഈ വെല്ലുവിളി പൊട്ടിത്തെറികളിലേക്കു നയിച്ചു. ഇതിൽ ചില ജന്മിമാർ റൗഡികളെയും പൊലീസിനെയും ഉപയോഗിച്ച് പുതിയ ഉണർവിനെ അടിച്ചമർത്താൻ ശ്രമിച്ചത് ഏറ്റുമുട്ടലിലേക്കു നയിച്ചു.
കടക്കരപ്പള്ളി പ്രദേശത്ത് കൊയ്ത്തുകാലത്ത് തീർപ്പ് സംബന്ധിച്ച തൊഴിൽ തർക്കം തൊഴിൽ നിഷേധത്തിലേക്കും ഏറ്റുമുട്ടലുകളിലേക്കും നയിച്ചു. കൊയ്ത്തിന്റെ അവസാനദിവസം പട്ടാള സഹായത്തോടെ ഏതാനും കർഷകത്തൊഴിലാളികളെ ബന്ധനസ്ഥരാക്കി മർദ്ദിച്ച് വെയിലത്ത് തെങ്ങിൽ കെട്ടിയിട്ടു. ഇവരെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി മർദ്ദിച്ചു. രാത്രി കർഷകത്തൊഴിലാളി വീടുകൾ റൗഡികൾ കൈയേറുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തു. നിവർത്തിയില്ലാതെ തൊഴിലാളികൾ തിരിച്ചടിച്ചു. ജന്മിമാരുടെ കാര്യസ്ഥരിൽ ഒരാൾ മരണമടഞ്ഞു. ഇതോടെ ചേർത്തല പട്ടാള-റൗഡിരാജിൽ അമർന്നു. ഒക്ടോബർ 13-ന് കർഷകത്തൊഴിലാളി യൂണിയൻ മാത്രമല്ല, മറ്റ് യൂണിയൻ ഓഫീസുകളും കൈയേറുകയും തൊഴിലാളി നേതാക്കളെ അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ മർദ്ദിക്കുകയും ചെയ്തു. ചേർത്തല ലോക്കപ്പിൽ നൂറുകണക്കിന് തൊഴിലാളികളാണ് നരകയാതന അനുഭവിച്ചത്. പൊലീസിൽ നിന്നും ഗുണ്ടകളിൽ നിന്നും രക്ഷനേടുന്നതിന് തൊഴിലാളികൾ കൂട്ടമായി താമസിക്കാൻ തുടങ്ങി. അങ്ങനെയാണ് ക്യാമ്പുകൾ രൂപംകൊണ്ടത്.
മറ്റൊരു സംഘർഷകേന്ദ്രം പുന്നപ്ര ആയിരുന്നു. ഇവിടെ മത്സ്യത്തൊഴിലാളികൾ സംഘടിതരായതോടെ പരമ്പരാഗത തരകന്മാരോടും ജന്മിമാരോടുമുള്ള എതിർപ്പ് ശക്തിപ്പെട്ടു. യൂണിയനെ തകർക്കുന്നതിനുള്ള മുതലാളിമാരുടെ ഗൂഡശ്രമങ്ങൾക്കു ദിനംതോറും ശക്തിയേറുകയും കള്ളക്കേസുകൾ ചുമത്തി പൊലീസ് മർദ്ദനം അഴിച്ചുവിടുകയും ചെയ്തു. അപ്പോഴാണ് നാല് മത്സ്യത്തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തത് അവരെ ഭീകരമായി മർദ്ദിച്ചു. മറ്റു പലരെയും തേടിവന്നു. ഈ സന്ദർഭത്തിലാണ് എറ്റിറ്റിയുസിയുടെ സൂചനാ പൊതുപണിമുടക്ക് ആഹ്വാനമുണ്ടായത്. മത്സ്യത്തൊഴിലാളി മേഖലയിൽ പണിമുടക്ക് പൂർണ്ണമായിരുന്നു. ഉച്ചകഴിഞ്ഞ് സംഘടിച്ച തൊഴിലാളികൾ മുതലാളിമാരുടെ ഓഫീസുകൾ ആക്രമിച്ചു. കൂടങ്ങൾക്കു തീയിട്ടു. പ്രാണരക്ഷാർത്ഥം മുതലാളിമാർ ഓടി. ചിലരുടെ വീടുകൾ തൊഴിലാളികൾ തകർത്തു. പൊലീസ് സംഘം വന്നപ്പോഴാണു ലഹള ശമിച്ചത്. ഇതിനെത്തുടർന്ന് അപ്ലോൺ അവറോജിന്റെ വീട്ടിൽ സ്പെഷ്യൽ പൊലീസ് ക്യാമ്പ് ആരംഭിച്ചു. പ്രവർത്തകർക്ക് ഒളിവിൽ പോകേണ്ടി വന്നു.
പുന്നപ്ര മേഖലയിൽ ചെത്തുതൊഴിലാളികളുടെ നേരെയും ആക്രമണം നടന്നു. യൂണിയനെ തകർക്കാൻ കോൺട്രാക്ടർമാരും എക്സൈസ് ഉദ്യോഗസ്ഥരും കള്ളക്കേസുകൾ സൃഷ്ടിക്കാൻ തുടങ്ങി. ഇതിന്റെ തുടർച്ചയായി യൂണിയന്റെ പ്രവർത്തനങ്ങൾ നിരോധിച്ചു.
ഇതിനെല്ലാറ്റിനും പുറമേ യുദ്ധാവസാനം ആലപ്പുഴയിലെ ജനങ്ങളുടെ സാമ്പത്തികാവസ്ഥ ഏറെ വഷളായി. യുദ്ധ ഓർഡറുകൾ അവസാനിച്ചത് വ്യവസായത്തിൽ പ്രതിസന്ധിയുണ്ടാക്കി. പല ഫാക്ടറികളും ലേഓഫ് ആയി. വിലക്കയറ്റവും ക്ഷാമസാഹചര്യം രൂക്ഷമായി. പൊതുവിതരണ സമ്പ്രദായത്തിനും അടിയന്തര സഹായത്തിനും വേണ്ടി യൂണിയനുകളുടെ സംയുക്തപ്രക്ഷോഭവും പണിമുടക്കും നടന്നു. ഇവയെല്ലാം ചേർന്ന് വളരെ സംഘർഷഭരിതമായ അന്തരീക്ഷമാണ് ആലപ്പുഴയിൽ രൂപംകൊണ്ടത്.
ഇതിനെ നേരിടുന്നതിന് സർക്കാർ ചില അനുരജ്ഞന സംഭാഷണങ്ങൾ യൂണിയനുകളുമായി ആരംഭിച്ചെങ്കിലും സമാന്തരമായി പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള കർക്കശ നടപടികൾക്ക് തുടക്കംകുറിക്കുകയും ചെയ്തു. പട്ടാളത്തെ ആലപ്പുഴയിലേക്ക് വിന്യസിച്ചു. ജന്മിമാരും മുതലാളിമാരുമായും പുതിയ സ്ഥിതിവിശേഷത്തെ നേരിടുന്നതിനുള്ള ചർച്ചകൾ നടത്തി. പ്രധാന യൂണിയൻ നേതാക്കളിൽ പലരെയും അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി. ജനങ്ങൾ വീട് വിട്ട് കൂട്ടമായി താമസിക്കാൻ തുടങ്ങി. ആലപ്പുഴ അനിവാര്യമായ ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണെന്നു വ്യക്തമായിരുന്നു.
XII
1938-ലെ സമരത്തിന്റെ പുത്തൻപതിപ്പ്
1938-ലെ ഉത്തരവാദിത്വഭരണ പ്രക്ഷോഭത്തെക്കുറിച്ച് സാമാന്യം വിശദമായിതന്നെ പ്രതിപാദിക്കുകയുണ്ടായല്ലോ. ആ മുന്നേറ്റത്തെ സ്റ്റേറ്റ് കോൺഗ്രസ് നേതൃത്വവുമായി ഒത്തുതീർപ്പിൽ എത്തിക്കൊണ്ട് തടയിടുന്നതിൽ ദിവാൻ വിജയിച്ചു. രണ്ടാംലോക മഹായുദ്ധത്തിന്റെ പര്യവസാനത്തോടെ സ്റ്റേറ്റ് കോൺഗ്രസ് വീണ്ടും ഉത്തരവാദിത്വഭരണ മുദ്രാവാക്യം ഉയർത്താൻ തുടങ്ങി. ഇതിനു ബദലായി ദിവാൻ ചില പരിഷ്കാരങ്ങൾ നിർദ്ദേശിച്ചു. രാജാവിനു കീഴിൽ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുണ്ടാകും. പക്ഷേ, നിയമസഭയോട് ഉത്തരവാദിത്വപ്പെട്ട എക്സിക്യുട്ടീവ് ആയിരിക്കില്ല, മറിച്ച്, ദിവാന്റെ നേതൃത്വത്തിലുള്ള മാറ്റമില്ലാത്ത ഒരു എക്സിക്യുട്ടീവ് ആയിരിക്കും. അതിൽ മന്ത്രിമാരായി ചില നിയമസഭാ അംഗങ്ങളും ഉണ്ടാകും. വിസ്മയകരമെന്നു പറയട്ടെ സ്റ്റേറ്റ് കോൺഗ്രസിലെ പട്ടം താണുപിള്ള നേതൃത്വത്തിന് ഈ പരിഷ്കാരം പരീക്ഷിച്ചുനോക്കണമെന്ന അഭിപ്രായമാണ് ഉണ്ടായിരുന്നത്. ഇതിനെ കർശനമായി എതിർക്കുന്ന യുവാക്കളുടെ ഒരു നിരയും ഉണ്ടായി. കമ്മ്യൂണിസ്റ്റ് പാർടിയാണ് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ “അമേരിക്കൻ മോഡൽ അറബിക്കടലിൽ” എന്ന മുദ്രാവാക്യം ഉയർത്തിയത്.
ഇതോടൊപ്പം രാഷ്ട്രം സ്വാന്ത്ര്യത്തിന്റെ പടിവാതിക്കലിലേക്കു നീങ്ങുന്ന വേളയിൽ ദിവാൻ സ്വതന്ത്ര തിരുവിതാംകൂർ എന്ന നിലപാടും ഉയർത്താൻ തുടങ്ങി. ഇതിനുവേണ്ടി മറ്റുചില രാജാക്കന്മാരും ഭാവി പാകിസ്ഥാൻ അധികാരികളും ബ്രട്ടീഷ് സർക്കാരുമായി ചർച്ചകളും തുടങ്ങി.
ചുരുക്കത്തിൽ ഉത്തരവാദിത്വഭരണത്തിനു പകരം ഇന്ത്യൻ യൂണിയനിൽ നിന്നു സ്വതന്ത്രമായി അമേരിക്കൻ മോഡൽ ഭരണപരിഷ്കാരമാണ് ദിവാൻ മുന്നോട്ടുവച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു. 1938-ലെപോലെ ഒരു ദേശീയപ്രക്ഷോഭത്തിനു സാഹചര്യം രൂപംകൊള്ളുകയായിരുന്നു. ഈ പുതിയ സമരത്തിനു പണിമുടക്കിലൂടെ തൊഴിലാളികൾ നേതൃത്വം നൽകാനായിരുന്നു കമ്മ്യൂണിസ്റ്റ് പാർടിയുടെ പരിപാടി. സ്റ്റേറ്റ് കോൺഗ്രസിന്റെ ഉല്പതിഷ്ണുക്കളായ പ്രമുഖനേതാക്കൾ അത്തരമൊരു സമരത്തിനു പിന്തുണയും പ്രഖ്യാപിച്ചു. തൊഴിലാളി വർഗമായിരിക്കും മുന്നണി പോരാളികൾ. അതുകൊണ്ടാണ് ഈ പ്രക്ഷോഭത്തിന് “1938-ന്റെ പുതിയ പതിപ്പ്” എന്നു നാമകരണം ചെയ്തത്.
അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കൗൺസിൽ ഇത്തരമൊരു സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. അതോടൊപ്പം തൊഴിലാളികളുടെ അടിയന്തര ആവശ്യങ്ങളെക്കുറിച്ച് ദിവാൻ വിളിച്ചുചേർത്ത ത്രികക്ഷി സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു. തൊഴിലാളികളുടെ സാമ്പത്തിക ആവശ്യങ്ങൾ വലിയൊരു പരിധിവരെ അംഗീകരിക്കാൻ തയ്യാറായ ദിവാൻ ഉത്തരവാദിത്വഭരണം സംബന്ധിച്ച് ഒരു ഒത്തുതീർപ്പിനും തയ്യാറായില്ല. ഈ പശ്ചാത്തലത്തിൽ തിരുവിതാംകൂറിൽ 55 യൂണിയനുകൾ ടി.വി. തോമസിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. സി. കേശവനും പങ്കെടുത്തു. സ്റ്റേറ്റ് കോൺഗ്രസ് സമര പ്രഖ്യാപനം പ്രതീക്ഷിച്ച് പൊതുപണിമുടക്ക തീരുമാനം പരസ്യപ്പെടുത്തിയില്ല.
സമരത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്ന വേളയിലും ഔപചാരികമായ പ്രഖ്യാപനം അവസാനനിമിഷംവരെ വച്ചുതാമസിപ്പിച്ചത് സി. കേശവൻ അടക്കമുള്ള സ്റ്റേറ്റ് കോൺഗ്രസ് നേതാക്കളിൽ ഒരു ശക്തമായ വിഭാഗത്തിന്റെ അഭ്യർത്ഥനമൂലമാണ്. അതിനുള്ളിൽ ഉത്തരവാദിത്വ ഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം ആരംഭിക്കുമെന്ന ഉറപ്പാണ് അവർ നൽകിയത്.
ഇതിനിടയിൽ കമ്മ്യൂണിസ്റ്റ് പാർടിയുടെ നയസമീപനത്തിലും മാറ്റം വരാൻ തുടങ്ങിയിരുന്നു. 1946 ആഗസ്റ്റ് ആയപ്പോഴേക്കും കമ്മ്യൂണിസ്റ്റ് പാർടി ഇന്ത്യയിൽ അവിടെയിവിടെയായി പൊട്ടിപ്പുറപ്പെടാൻ തുടങ്ങിയിരുന്ന ഭാഗീക സായുധസമരങ്ങളെ കൂട്ടിയോജിപ്പിച്ച് രാഷ്ട്രീയ അധികാരത്തിനുവേണ്ടിയുള്ള മുന്നേറ്റമാക്കി മാറ്റുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു തുടങ്ങിയിരുന്നു. ഇതായിരുന്നു പുന്നപ്ര-വയലാർ സമരത്തിന്റെ രാഷ്ട്രീയപശ്ചാത്തലം.
അടുത്തതായി നമുക്ക് വളരെ ചുരുക്കി സമരത്തിന്റെ സംഘടനാരൂപം പരിശോധിക്കാം. സമരത്തിനു നേതൃത്വം നൽകിയത് കെ.വി. പത്രോസ്, കെ.സി. ജോർജ്ജ്, പി.ജി. പത്മനാഭൻ, കെ.കെ. കുഞ്ഞൻ, സി.ജി. സദാശിവൻ എന്നിവരടങ്ങുന്ന കേന്ദ്ര ആക്ഷൻകൗൺസിലാണ്. ആലപ്പുഴ പട്ടണത്തിനടുത്ത് ആര്യാട് കേന്ദ്രീകരിച്ച് രഹസ്യമായി പ്രവർത്തിക്കുന്നതായിരുന്നു ഈ ആക്ഷൻകൗൺസിൽ. റ്റി.വി. തോമസ് പരസ്യമായി നഗരത്തിൽ തന്നെ സമരകാലത്തു പ്രവർത്തിക്കണമെന്നും ധാരണയായി. ഇതുകൂടാതെ മുഹമ്മയിലും ചേർത്തലയിലും പ്രാദേശിക ആക്ഷൻകൗൺസിലുകളും ഉണ്ടായിരുന്നു. സി.ജി. സദാശിവൻ, സി.കെ. കുമാരപ്പണിക്കർ, സി.കെ. ഭാസ്ക്കരൻ എന്നിവരായിരുന്നു ചേർത്തല ആക്ഷൻകൗൺസിൽ അംഗങ്ങൾ. സി.കെ. കരുണാകരപ്പണിക്കർ, എൻ.കെ. അയ്യപ്പൻ, കെ. ദാമോദരൻ എന്നിവർ ആയിരുന്നു മുഹമ്മ ആക്ഷൻകൗൺസിൽ അംഗങ്ങൾ.
പുന്നപ്ര-വയലാർ സമരത്തിന്റെ അടിസ്ഥാനസംഘടനാരൂപം 54 വാർഡുകളിലായി രൂപീകരിക്കപ്പെട്ട ട്രേഡ് കൗൺസിലുകളാണ്. ആ പ്രദേശത്തു പ്രവർത്തിക്കുന്ന എല്ലാ ട്രേഡ് യൂണിയനുകളുടെയും പൊതുസമരവേദിയായിരുന്നു ട്രേഡ് കൗൺസിൽ – വിപ്ലവ റഷ്യയിലെ സോവിയറ്റുകളെപ്പോലെ. ഇതിനുപുറമേ സമര വോളന്റിയർമാരുടെ ക്യാമ്പുകളും ഉണ്ടായിരുന്നു.
ഈ ക്യാമ്പുകൾ, പ്രത്യേകിച്ചു ചേർത്തല താലൂക്കിലെ ക്യാമ്പുകൾ, ജനകീയ പ്രതിരോധത്തിന്റെ ഭാഗമായി സ്വയം ഉയർന്നുവന്നവയാണ്. നാട്ടിൻപുറത്ത് കർഷകത്തൊഴിലാളികൾക്കും യൂണിയൻ പ്രവർത്തകർക്കുമെതിരെ ജന്മിമാരും ഗുണ്ടകളും പിന്നീട് പൊലീസും ചേർന്നു നടത്തിയ ക്രൂരമർദ്ദനങ്ങളിൽനിന്നു രക്ഷനേടുന്നതിനു പാവപ്പെട്ടവർ ഒന്നിച്ചുചേർന്നു താമസിക്കാൻ തുടങ്ങിയതാണ് ക്യാമ്പുകളായി രൂപപ്പെട്ടത്. ഈ ക്യാമ്പുകളെ പിന്നീട് ഒരു സമരസംഘടനാ രൂപമായി അംഗീകരിച്ച് വ്യാപിപ്പിച്ചു.
പുന്നപ്ര, വണ്ടാനം, വട്ടയാൽ, പരവൂർ, വാടയ്ക്കൽ, കളർകോഡ് എന്നിവിടങ്ങളിലായിരുന്നു അമ്പലപ്പുഴ താലൂക്കിലെ പ്രധാനപ്പെട്ട ആറ് ക്യാമ്പുകൾ. വയലാർ, വയലാർ വടക്ക്, ഒളതല, മേനാശ്ശേരി, വെട്ടുകാൽ, മുഹമ്മ, പുത്തനങ്ങാടി, കവളംകോടം, വരേക്കാട്, മാരാരിക്കുളം എന്നിവയായിരുന്നു ചേർത്തല താലൂക്കിലെ പ്രധാനപ്പെട്ട പത്ത് ക്യാമ്പുകൾ. പ്രധാന ക്യാമ്പുകളിൽ ആളുകളുടെ എണ്ണം പരിധിവിട്ട് ഉയർന്നപ്പോൾ പലയിടങ്ങളിലും ഉപക്യാമ്പുകളും രൂപംകൊണ്ടു.
പട്ടാളത്തിൽ നിന്നും പിരിഞ്ഞുവന്ന എക്സ് സർവ്വീസ് മെൻമാർ ആയിരുന്നു വോളന്റിയർമാർക്കു പരിശീലനം നൽകിയിരുന്നത്. ചിട്ടയായി മാർച്ച് ചെയ്യുന്നതിനും വെടിവയ്പ്പുണ്ടായാൽ നിലത്ത് കമിഴ്ന്നുകിടന്ന് നീന്തി പട്ടാളക്കാരെ എതിർത്ത് കീഴ്പ്പെടുത്തുന്നതിനുമുള്ള പരിശീലനമാണ് നൽകിയത്. വാരിക്കുന്തം ആയിരുന്നു പ്രധാന ആയുധം. കായിക പരിശീലനത്തിനു പുറമേ രാഷ്ട്രീയ പഠനവും ക്യാമ്പ് ദിനചര്യയുടെ പ്രധാന ഭാഗമായിരുന്നു. ഇവയെല്ലാം വോളന്റിയർമാരുടെ ആത്മവിശ്വാസവും ആവേശവും വലിയതോതിൽ ഉയർത്തുന്നതിനു പര്യാപ്തമായിരുന്നു.
XIII
സമരത്തിന്റെ ആറ് ദിനങ്ങൾ – 1946 ഒക്ടോബർ 22-27 (തുലാം 5 – 10)
പൊതുപണിമുടക്കം (ഒക്ടോബർ 22, 1946, തുലാം 5)
1946 ഒക്ടോബർ 22-ന് പൊതുപണിമുടക്കം ആരംഭിച്ചു. അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കൗൺസിലിന്റെ (എ.റ്റി.റ്റി.യു.സി) ആഹ്വാനം അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ പൂർണ്ണമായിരുന്നു. എന്നാൽ മറ്റു വ്യവസായ മേഖലകളിൽ ദുർബല പ്രതികരണമായിരുന്നു. നിരോധനാജ്ഞ ലംഘിച്ചുള്ള പ്രകടനങ്ങൾ നടന്നെങ്കിലും പൊതുവിൽ പണിമുടക്കം സമാധാനപരമായിരുന്നു. ഡി.എസ്.പി വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിൽ പുന്നപ്ര കടപ്പുറത്ത് ജനവാസ കേന്ദ്രത്തിലൂടെയുള്ള പട്ടാള റൂട്ട് മാർച്ച് ജനങ്ങൾ തടഞ്ഞു. അവസാനം റൂട്ട് മാറ്റി ആലപ്പുഴ പട്ടണത്തിലേക്കു പോകേണ്ടി വന്നു. സമരമേഖലകളിലാകെ വലിയ ആവേശം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു ഇത്.
ഒക്ടോബർ 23-ന് പണിമുടക്കം പൂർണ്ണമായി തന്നെ തുടർന്നു. ഒരിടത്തും പിക്കറ്റിംഗ് പോലും വേണ്ടിവന്നില്ല. അന്നു രാത്രി ട്രേഡ് യൂണിയൻ കൗൺസിലിന്റെ കൺവീനർമാരുടെ നിർണ്ണായക യോഗം ആര്യാട് ചേർന്നു. പുന്നപ്രയിൽ ആരംഭിച്ച പുതിയ പൊലീസ് ക്യാമ്പ് ബലപ്രയോഗത്തിലൂടെ പിരിച്ചുവിടുവിച്ച് തോക്കുകൾ പിടിച്ചെടുക്കാൻ ആക്ഷൻകൗൺസിൽ തീരുമാനിച്ചു. രാജാവിന്റെ ജന്മദിനമായ ഒക്ടോബർ 24 (തുലാം 7) ആണ് ഇതിനായി തെരഞ്ഞെടുത്തത്. സായുധരായ തൊഴിലാളികൾ മൂന്നുപ്രകടനങ്ങളായി ക്യാമ്പ് വളയുന്നതിനായിരുന്നു പരിപാടി. ഇതേസമയം ആലപ്പുഴ പട്ടണത്തിൽ നിന്ന് പുന്നപ്രയിലേക്കുള്ള പട്ടാളനീക്കം കാറ്റാടി മരങ്ങൾ വെട്ടിയിട്ടും എക്സ് സർവ്വീസ് മെൻ ജാഥകൊണ്ടും തടയണമെന്നും തീരുമാനിച്ചു. ആക്രമണ സമയത്ത് പൊലീസ് ശ്രദ്ധ ആലപ്പുഴ ടൗണിൽ കേന്ദ്രീകരിക്കുന്നതിനുവേണ്ടി അവിടെ രണ്ട് ജാഥകൾ സംഘടിപ്പിക്കുന്നതിനും തീരുമാനമായി.
പുന്നപ്രയിലെ കടന്നാക്രമണം (ഒക്ടോബർ 24, തുലാം 7)
പൊലീസ് ക്യാമ്പ് വളയുന്നതിന് മൂന്ന് ജാഥകളായിട്ടാണ് പതിനായിരത്തോളം ജനങ്ങൾ എത്തിച്ചേർന്നത്. വണ്ടാനം പ്രദേശത്തുനിന്നുള്ള ജാഥ പൊലീസ് ക്യാമ്പിന്റെ തെക്കുവശത്തും പുന്നപ്ര, പറവൂർ പ്രദേശങ്ങളിൽ നിന്നുള്ള ജാഥ കിഴക്കുവശത്തും എത്തിച്ചേർന്നു. ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തിയിലെത്തി. കുമാരവൈജയന്തി വായനശാലയ്ക്കു സമീപം കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്തു രണ്ടും എത്തിച്ചേർന്നു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ ക്യാമ്പ് വളഞ്ഞു. നേതാക്കൾ ഇൻസ്പെക്ടർ നാടാരുമായി വാഗ്വാദം നടത്തുന്നതിനിടയിൽ വെടിപൊട്ടി. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു. കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു.
ഇൻസ്പെക്ടർ വേലായുധൻ നാടാർ അടക്കം മൂന്നു പൊലീസുകാർ വെട്ടും കുത്തുമേറ്റു മരിച്ചു. വെടിയുണ്ടകളും ബയണറ്റുകളുംകൊണ്ട് ചീറ്റിയ രക്തം ആ ചൊരിമണലിൽ തളംകെട്ടി.
പൊലീസ് ക്യാമ്പ് ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽ പുന്നപ്രയിൽ മരണസംഖ്യ ചെറുതായിരുന്നു. എന്നാൽ വെടിയുണ്ട തീർന്നപ്പോൾ പൊലീസ് വീടിനുള്ളിലേക്കു പിൻവാങ്ങി. ഇതു മനസിലാക്കി വീടിനുള്ളിലേക്ക് ഇരച്ചുകയറാനുള്ള ശ്രമത്തിലാണ് കൂടുതൽ അപകടമുണ്ടായത്. വെടിയുണ്ട തീർന്നതു ശരിയായിരുന്നെങ്കിലും വീടിനുള്ളിൽ മറ്റൊരു പെട്ടി തിരയുണ്ടായിരുന്നു. ജനാലകൾ വഴി പൊലീസ് സമരക്കാർക്കു നേരെ വെടിയുതിർത്തു. ഇതു കനത്ത ആൾനഷ്ടമുണ്ടാക്കി. കുന്തംകൊണ്ട് വീടിനുള്ളിൽ മറഞ്ഞിരിക്കുന്നവരെ ആക്രമിക്കാനാകില്ലായെന്ന സ്ഥിതിയുണ്ടായപ്പോൾ കിട്ടിയ തോക്കുകളും പരിക്കേറ്റുകിടന്ന ഒട്ടേറെ പേരുമായി സമരയോദ്ധാക്കൾ പിൻവാങ്ങി.
പട്ടണത്തിൽ നിന്നു പുന്നപ്ര ക്യാമ്പിലുള്ളവരെ സഹായിക്കാൻ നടത്തിയേക്കാവുന്ന പട്ടാള നീക്കത്തെ തടയുന്നതിനു വേണ്ടി എക്സ് സർവ്വീസ് മെൻമാരുടെ ജാഥ തിരുവമ്പാടിയിൽ വച്ച് പട്ടാളവുമായി ഏറ്റുമുട്ടി. രണ്ട് പേർ കൊല്ലപ്പെട്ടു. തുടർന്നു പട്ടാളം പിൻവാങ്ങി. ഈ മാർഗ്ഗതടസ്സം ഉണ്ടായിരുന്നില്ലെങ്കിൽ പുന്നപ്രയിലെ ആൾനാശം എത്രയോ വലുതാകുമായിരുന്നു.
രാത്രി പത്തരയോടെയാണു ആലപ്പുഴയിൽ നിന്നും ഡി.എസ്.പി വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിൽ പട്ടാളം പൊലീസ് ക്യാമ്പിൽ എത്തിച്ചേർന്നത്. മരിക്കാതെ കിടന്നിരുന്ന സമരഭടന്മാരെ തോക്കിന്റെ പാത്തികൊണ്ട് തല്ലിച്ചതച്ചുകൊന്നു. പിറ്റേന്ന് ശവശരീരങ്ങൾ വാനിൽ കയറ്റി വലിയചുടുകാട്ടിൽ കൊണ്ടുപോയി കൂമ്പാരംകൂട്ടി. പെട്രോൾ ഒഴിച്ച് തീ കൊടുത്തു. അടുത്ത ദിവസങ്ങളിൽ കാട്ടൂർ, മാരാരിക്കുളം രക്തസാക്ഷികളെയും ഇവിടെകൊണ്ടിട്ടാണ് ദഹിപ്പിച്ചത്.
പുന്നപ്ര രക്തസാക്ഷികളുടെ ലിസ്റ്റ് സംബന്ധിച്ച ആധികാരികമായരേഖ സമരസേനാനി കെ.എസ്. ബെന്നിന്റേതാണ്. അലോഷ്യസ് ഫെർണാണ്ടസ് അച്ചൻ പ്രസിദ്ധീകരിച്ച ഓറ മാസികയിലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. അതുപ്രകാരം മരിച്ചവരുടെ എണ്ണം 29 ആണ്. എന്നാൽ പൈതൃക പദ്ധതി ഡയറക്ടറിയിലെ ലിസ്റ്റ് പ്രകാരം പുന്നപ്ര സമരഭൂമിയിൽ 35 പേർ രക്തസാക്ഷികളായിട്ടുണ്ട്.
മാരാരിക്കുളത്തെ പ്രതിരോധം
പുന്നപ്രയിലെ ക്യാമ്പ് ആക്രമണം കഴിഞ്ഞാൽ മറ്റു ക്യാമ്പുകൾക്കുനേരെ പട്ടാളനീക്കം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇതു തടയാൻ ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയ്ക്കുള്ള പ്രധാന റോഡുകളിലെ ഏതാണ്ട് എല്ലാ കലിങ്കുകളും പാലങ്ങളും പൊളിക്കുന്നതിനു തീരുമാനമുണ്ടായി. മുഹമ്മ ആക്ഷൻ കമ്മിറ്റിയാണ് ഇതിനു നേതൃത്വം നൽകിയത്. ഒക്ടോബർ 24 തുലാം 7-ന് രാത്രി മായിത്തറ കലിങ്ക് പൊളിച്ചുകൊണ്ടിരിക്കുമ്പോൾ പട്ടാളം എത്തി വെടിയുതിർത്തു. പട്ടാളത്തിനു പിൻവാങ്ങേണ്ടി വന്നു. മാരാരിക്കുളം, മുഹമ്മ പടിഞ്ഞാറ്, സംസ്കൃത ഹൈസ്കൂൾ എന്നിവിടങ്ങളിലെ പാലങ്ങളും പൊളിക്കപ്പെട്ടു. ടെലിഫോൺ കമ്പികൾ വ്യാപകമായി വിച്ഛേദിക്കപ്പെട്ടു.
ഒക്ടോബർ 25 തുലാം 8-ന് അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ പട്ടാള ഭരണം നടപ്പാക്കി പ്രഖ്യാപനം വന്നു. രണ്ട് പട്ടാള മേജർമാരെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളുടെ അഡ്മിനിസ്ട്രേറ്റർമാരായി നിയമിച്ചു. തിരുവിതാംകൂർ പട്ടാളത്തിന്റെ മേധാവി (ജി.ഒ.സി) ഒരു ഡിവിഷൻ പട്ടാളവുമായി ആലപ്പുഴയിൽ ക്യാമ്പ് തുറന്നു. പട്ടാളം റോന്ത് ചുറ്റൽ ആരംഭിച്ചു. ഇങ്ങനെ റോന്ത് ചുറ്റിയ പട്ടാള സ്ക്വാഡിന്റെ വെടിയേറ്റ് കാട്ടൂരിൽ കുന്തം ജോസഫ് ഉൾപ്പെടെ 2 പേർ രക്തസാക്ഷികളായി.
ഏറ്റവും പ്രധാനപ്പെട്ട ഏറ്റുമുട്ടൽ നടന്നത് മാരാരിക്കുളത്ത് ആയിരുന്നു. ആലപ്പുഴ – ചേർത്തല റൂട്ടിലെ മാരാരിക്കുളത്ത് ഉണ്ടായിരുന്ന പാലം 24-ാം തീയതി പൊളിച്ചിരുന്നു. പിറ്റേന്ന് പട്ടാള സഹായത്തോടെ ഗർഡറുകളിൽ പാലം പുനസ്ഥാപിച്ചു. അത് 25-ാം രാത്രി പൊളിച്ചു. പുനർനിർമ്മിച്ചതു മൂന്നാംവട്ടം പൊളിക്കാൻ സന്നദ്ധഭടന്മാർ വന്നപ്പോഴാണു മറഞ്ഞിരുന്ന പട്ടാളം ഒക്ടോബർ 26-നു വെടിവച്ചത്. 8 പേർ രക്തസാക്ഷികളായി എന്നതായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ പൈതൃക പദ്ധതി ഡയറക്ടറിയിലെ പ്രകാരം 13 സമരഭടന്മാർ രക്തസാക്ഷികളായിട്ടുണ്ട്. ഇവരുടെയെല്ലാം പേരുകൾ സംബന്ധിച്ചു പൂർണ്ണവ്യക്തതയുണ്ട്.
വയലാറിലേക്ക്
ഇതിനിടയിലുണ്ടായ ഒരു സംഭവവികാസം ക്യാമ്പുകൾ പിരിച്ചുവിടുന്നതു സംബന്ധിച്ച തീരുമാനമാണ്. ഈ തീരുമാനം സംബന്ധിച്ച് പൂർണ്ണവ്യക്തത രേഖകളിൽ ഇല്ല. എങ്കിലും പുന്നപ്ര സമരത്തിലെ വലിയ ആൾനാശം ക്യാമ്പുകൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രതിരോധ സമരത്തെക്കുറിച്ച് ആശങ്ക സൃഷ്ടിച്ചു. ക്യാമ്പുകൾ പിരിച്ചുവിടുന്നതു സംബന്ധിച്ച് എടുത്ത തീരുമാനം ചേർത്തല ആക്ഷൻ കൗൺസിലിനു കിട്ടിയത് ഒക്ടോബർ 27-ാം തീയതി വൈകിട്ട് മാത്രമാണ്. ഇതിനിടെ ഇതുസംബന്ധിച്ച് ഒരു ചർച്ച ചേർത്തല ആക്ഷൻ കൗൺസിൽ തുടങ്ങിവച്ചെങ്കിലും അണികളിൽ നിന്നുള്ള ശക്തമായ എതിർപ്പുമൂലം തീരുമാനമെടുക്കാൻ കഴിഞ്ഞില്ല.
പാലങ്ങൾ പൊളിച്ചതു പട്ടാളനീക്കത്തെ കുറച്ചൊക്കെ തടസ്സപ്പെടുത്തിയെങ്കിലും പട്ടാളം ബോട്ട് മാർഗ്ഗേണ വയലാർ പ്രദേശത്തേക്കു നീങ്ങുന്നതിനു തീരുമാനമായി. 26-ാം തീയതി രാത്രി ഇതിനുള്ള ശ്രമം വയലാർ ക്യാമ്പിലെ അംഗങ്ങൾ പരാജയപ്പെടുത്തി. എന്നാൽ 27-ാം തീയതി ഉച്ചയ്ക്ക് നാന്നൂറോളം പട്ടാളക്കാർ നാലഞ്ച് ബോട്ടുകളിലായി വയലാറിലേക്കു നീങ്ങി. സാധാരണ ഉപയോഗിക്കുന്ന കടവുകളിൽ അടുപ്പിക്കാതെ പട്ടാളക്കാരെ കരയ്ക്കിറക്കി.
മേനാശ്ശേരി, ഒളതല, വയലാർ ക്യാമ്പുകളെ വളഞ്ഞ് വെടിവയ്ക്കുകയായിരുന്നു ലക്ഷ്യം. ഇവിടുത്തെ ക്യാമ്പുകളിൽ സമീപപ്രദേശങ്ങളിൽ നിന്നെല്ലാം ഒട്ടേറെ കർഷകത്തൊഴിലാളികളും പാവപ്പെട്ടവരും സമരത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ എത്തിച്ചേർന്നിരുന്നു. സാധാരണഗതിയിൽ ക്യാമ്പിൽ ഉള്ളവരുടെ പേരുവിവരങ്ങൾ കൃത്യമായി സൂക്ഷിക്കുമായിരുന്നു. ഒക്ടോബർ 16-ന് ഈ ചേർത്തല ക്യാമ്പുകളിൽ 2300-ൽപ്പരം വോളണ്ടിയർ ഉണ്ടായിരുന്നു. എന്നാൽ അതിനുശേഷം പുതിയതായി എത്തിച്ചേർന്നവരുടെ പേരുവിവരം കൃത്യമായി അറിയില്ല.
ഒളതല
മൂന്ന് ക്യാമ്പുകളിലെയും കൊല്ലപ്പെട്ടവരുടെ എണ്ണം പരിശോധിക്കുമ്പോൾ ഒളതല ക്യാമ്പ് വയലാറിൽ നിന്നും മേനാശ്ശേരിയിൽ നിന്നും വളരെ വ്യത്യസ്തപ്പെട്ടു നിൽക്കുന്നതായി കാണാം. ഒളതല ക്യാമ്പിനുചുറ്റും കിടങ്ങുകൾ കുഴിച്ച് പ്രതിരോധം തീർത്തിരുന്നു. പട്ടാളം വെടിവയ്പ്പ് തുടങ്ങിയപ്പോൾ സമരസേനാനികളെല്ലാം കിടങ്ങിൽ സുരക്ഷിതമായി ഒളിച്ചു. വോളണ്ടിയർ ക്യാപ്റ്റൻ വലിയൊരു മാവിന്റെ മറവിൽനിന്ന് ഒരാളും തലപൊക്കരുത്, കിടങ്ങിനു പുറത്തുള്ളവർ നിലത്തു കമിഴ്ന്നുതന്നെ കിടക്കണമെന്നു വിളിച്ചു കൂവിക്കൊണ്ടിരുന്നു. ഈ ആഹ്വാനം കേൾക്കാതിരുന്നവർക്കാണു വെടിയേറ്റത്. നാലുമണിക്കൂർ നേരത്തെ വെടിവയ്പ്പിനുശേഷം തിരകൾ തീർന്നപ്പോൾ പട്ടാളം പിൻവാങ്ങി. ഈ സന്ദർഭത്തിൽ സമരപോരാളികൾ അവരെ പിന്തുടർന്ന് ആക്രമിച്ചു. ഒരാൾ കൈയിലിരുന്ന വാരിക്കുന്തംകൊണ്ട് പട്ടാളക്കാരനെ കുത്തി. പട്ടാളക്കാരന്റെ ബയണറ്റ് ചാർജ്ജിൽ വോളണ്ടിയർ മരിച്ചുവീണു. ഒളതലയിൽ 15 പേർ രക്തസാക്ഷികളായിട്ടുണ്ട്. അതിൽ 9 പോരാളികളുടെ വിവരങ്ങൾ ശേഖരിക്കാനായി.
മേനാശ്ശേരി
പൊന്നാംവെളി ചന്തയിൽ നിന്നും ഒരുകിലോമീറ്റർ ദൂരെ പടിഞ്ഞാറുവശത്തായിരുന്നു ഈ ക്യാമ്പ്. മറ്റു ക്യാമ്പുകളിൽ ആളുകളുടെ എണ്ണം ക്രമാതീതമായി ഉയർന്നപ്പോഴാണ് വോളണ്ടിയർമാരുടെ സംഘം ഈ പുതിയ ക്യാമ്പ് ആരംഭിച്ചത്. മേനാശ്ശേരിയിൽ കിടങ്ങുകൾ കുഴിക്കുന്ന പ്രവർത്തനം തുടങ്ങിയിരുന്നുവെങ്കിലും പൂർത്തീകരിച്ചിരുന്നില്ല.
ഒക്ടോബർ 27-ന് ഉച്ചയ്ക്ക് 12 മണിയോടെ പൊന്നാംവെളി തോടിനു സമീപം പട്ടാളം വന്നിറങ്ങി. തോടിന്റെ ചിറയിലൂടെ ക്യാമ്പിലേക്ക് മാർച്ച് ചെയ്തു. ക്യാമ്പ് വളയാനുള്ള നീക്കത്തെ തടയുന്നതിന് ഒരുസംഘം വോളണ്ടിയർമാർ വാരിക്കുന്തങ്ങളുമായി വടക്കോട്ടു നീങ്ങി. അതോടെ വെടിവയ്പ്പ് ആരംഭിച്ചു. വലിയ ആൾനാശമുണ്ടായി.
പട്ടാളം ക്യാമ്പിനെ പൂർണ്ണമായും കീഴ്പ്പെടുത്തി. അതിനുമുമ്പ് പുറകോട്ടുനീങ്ങി ഓടിയവർക്കേ മരണത്തിൽ നിന്നു രക്ഷപ്പെടാൻ കഴിഞ്ഞുള്ളൂ. കുറേയധികം സമരവോളണ്ടിയർമാർ ക്യാമ്പായി പ്രവർത്തിച്ചിരുന്ന മാളികവീടിന്റെ അറയിൽ അഭയംപ്രാപിച്ചു. നിലവറയിലേക്ക് വെടിവച്ച് 2 പേരെ ഒഴികെ മുഴുവൻ പേരെയും പട്ടാളം കൊന്നു. വീടിനു തീയിടുകയും ചെയ്തു. മേനാശ്ശേരി ക്യാമ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 130 നും 180 നും ഇടയിൽവരും. 33 രക്തസാക്ഷികളുടെ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
വയലാർ
ഒക്ടോബർ 27-ലെ പട്ടാളനീക്കത്തിന്റെ യഥാർത്ഥ ഉന്നം വയലാർ ക്യാമ്പ് ആയിരുന്നു. ഏറ്റവും വലിയ ക്യാമ്പ് ആയിരുന്നുവെന്ന് മാത്രമല്ല, സുശക്തമായ പരിശീലനം കിട്ടിയ വോളണ്ടിയർ സേനയും ശക്തമായ നേതൃനിരയും ഉണ്ടായിരുന്നു. മറ്റ് ക്യാമ്പുകളുടെ നേർക്ക് പട്ടാളം നടത്തിയ ആക്രമണം അവിടെ നിന്നും വോളണ്ടിയർമാർ വയലാറിലേക്കു നീങ്ങുന്നതു തടയാനായിരുന്നു.
വയലാറിൽ പട്ടാളം ഇറങ്ങിയപ്പോൾ ക്യാമ്പിൽ ഉച്ചഭക്ഷണത്തിനുള്ള തയ്യാറെടുപ്പായിരുന്നു. ബോട്ടുകളുടെ ഇരമ്പൽ കേട്ടപ്പോൾ തന്നെ തലേന്ന് രാത്രിയിലെ പോലെ അവരെ കരയ്ക്കിറങ്ങുന്നതു തടയാൻ തീരുമാനമായി. എന്നാൽ തലേദിവസത്തെ അനുഭവംവച്ചുകൊണ്ട് വയലാർ ദ്വീപിന്റെ കടവുകളിൽ നിന്നു മാറി ഒരു ബോട്ട് ക്യാമ്പിന്റെ തെക്കുവശത്തും മറ്റൊന്ന് കിഴക്കും കുറേയകലെ വടക്ക്-കിഴക്കുമായി കരയ്ക്കടുത്തു. ഒരു ബോട്ട് കായലിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ വെടിവയ്ക്കാൻ കായലിൽ റോന്ത് ചുറ്റി.
ബോട്ടുകളിൽ നിന്നും നാന്നൂറോളം പട്ടാളക്കാർ കരയ്ക്കിറങ്ങി. സ്ത്രീകളെയും കുട്ടികളെയും ക്യാമ്പിൽ നിന്ന് പടിഞ്ഞാറുഭാഗത്തേക്കു നീക്കി. പട്ടാളം പൊസിഷനെടുത്ത് നിരന്നു. വെടിവയ്പ്പ് ആരംഭിച്ചതോടെ വോളണ്ടിയർമാർ നിലത്ത് കമിഴ്ന്ന് കിടന്നുകൊണ്ട് മൂന്നോട്ടേക്ക് ഇഴഞ്ഞു നീങ്ങി. പട്ടാളം സാധാരണ ഉപയോഗിക്കുന്ന റൈഫിൾ തോക്കുകൾക്കു പകരം യന്ത്രത്തോക്കുകളുമായാണ് അവരെ നേരിട്ടത്. വെടിയേറ്റവർ പിന്നിൽ നിൽക്കുന്നവരോട് മുന്നേറാൻ ആജ്ഞാപിച്ചശേഷമാണ് വീണത്. ചില ധീരർ എഴുന്നേറ്റ് നിന്ന് പട്ടാളക്കാരോട് അഭ്യർത്ഥിക്കുന്നതിനിടയിൽ വെടിയേറ്റു വീണു. വെടിവയ്പ്പിൽ ചിതറിയെങ്കിലും വോളണ്ടിയർമാർ തോടുകളിലും കുളങ്ങളിലും കിടന്നുകൊണ്ട് ശത്രുക്കളെ നേരിടുന്നതിനു തയ്യാറായി. തോക്കുകൾക്കു മുന്നിൽ അവർക്കു പിടിച്ചുനിൽക്കാനായില്ല. ചിലർ പടിഞ്ഞാറേക്കു നീങ്ങി തോടുകളിലൂടെ നീന്തി കായൽവഴി രക്ഷപ്പെട്ടു. പരിക്കേറ്റു കിടന്ന പലരെയും വെടിവച്ചും ബയണറ്റ് ചാർജ്ജ് ചെയ്തും മർദ്ദിച്ചും കൊലപ്പെടുത്തി.
പട്ടാളം ക്യാമ്പിൽ എത്തുംമുമ്പ് പിൻവാങ്ങിയവർക്കും തോട്ടിലെ പോളകളിൽ മറഞ്ഞിരുന്നു നീന്തി വെടിവയ്പ്പു പ്രദേശത്തിനു പുറത്തു കടക്കാൻ കഴിഞ്ഞവർക്കുമേ രക്ഷപ്പെടാനായുള്ളൂ. രാത്രിക്കു മുമ്പ് പട്ടാളം പിൻവാങ്ങിയെങ്കിലും ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ വീണ്ടും അവർ പെട്രോമാസ്കും മറ്റുമായി തിരിച്ചുവന്നു. ഗുരുതരമായ പരിക്കേറ്റു കിടന്നവരെ കൊലപ്പെടുത്തി. ബാക്കിയുള്ള കുറച്ചുപേരെ ബോട്ടിൽ കയറ്റി ചേർത്തലയിലേക്ക് കൊണ്ടുപോയി.
ഒക്ടോബർ 29-ന് പട്ടാള ബോട്ടുകൾ വീണ്ടും വയലാറിൽ എത്തി. മൃതദേഹങ്ങളെല്ലാം പെറുക്കിക്കൂട്ടി രണ്ട് കുളങ്ങളിലേക്കു വലിച്ചെറിഞ്ഞു. കുളങ്ങൾ ശവങ്ങളെക്കൊണ്ട് കുത്തിനിറയ്ക്കുകയായിരുന്നു. എന്നിട്ടും കൊള്ളാതെ മൃതദേഹങ്ങൾ കുളങ്ങൾക്കു മുന്നിൽ കൂമ്പാരമായി. ഈ കബന്ധക്കൂമ്പാരം മണ്ണിട്ടുമൂടി. അങ്ങനെ ചെറിയൊരു കുന്ന് രൂപംകൊണ്ടു. അതിന് വെടിക്കുന്ന് എന്ന പേര് വീഴുകയും ചെയ്തു.
ഏറ്റവും കൂടുതൽ പേർ രക്തസാക്ഷികളായത് വയലാറിലാണ്. 600 വരെ സംഖ്യ പറയുന്നവരുണ്ട്. രക്തസാക്ഷികളുടെ എണ്ണം 180-നും 250-നും ഇടയ്ക്ക് വരുമെന്നാണ് ഞങ്ങളുടെ മതിപ്പുകണക്ക്. 68 രക്തസാക്ഷികളുടെ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഒക്ടോബർ 27-ാം തീയതി രാത്രി മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ചേർത്തല ആക്ഷൻ കൗൺസിൽ അംഗങ്ങൾ കളവംകോട് മങ്കന്തേക്കാട്ടിൽ യോഗം ചേർന്നു. ഈ നേതൃയോഗം ചേർത്തല ക്യാമ്പുകൾ ഔപചാരികമായി പിരിച്ചുവിടാനും നേതാക്കൾ ഒളിവിൽ പോകുന്നതിനും തീരുമാനിച്ചു. ഒക്ടോബർ 30-ന് ഔപചാരികമായി പണിമുടക്കം പിൻവലിക്കപ്പെട്ടു. ടി.വി. തോമസ് അറസ്റ്റ് ചെയ്യപ്പെട്ടു. എ.റ്റി.റ്റി.യു.സി.യും 60 യൂണിയനുകളും നിയമവിരുദ്ധമാക്കപ്പെട്ടു.
XIV
ഭരണകൂട ഭീകരതയും ചെറുത്തുനിൽപ്പും
പുന്നപ്ര-വയലാർ സമരം ഒരാഴ്ചകൊണ്ട് അടിച്ചമർത്തപ്പെട്ടു. ആക്ഷൻകമ്മിറ്റിയുടെ തീരുമാനപ്രകാരം 28-ന് പകൽ മുതൽ സമര വോളണ്ടിയർമാർ ഒളിവിൽ പോകാൻ തുടങ്ങി. അത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. സമര നേതൃത്വത്തെ എങ്ങനെയും വളഞ്ഞുപിടിക്കാനുള്ള എല്ലാ ഏർപ്പാടുകളും പൊലീസ് സജ്ജമാക്കിയിരുന്നു. അമ്പലപ്പുഴ, ചേർത്തല താലൂക്കുകളുടെയും തിരുവിതാംകൂറിന്റെയും അതിർത്തികളിൽ സുശക്തമായ പൊലീസ് ബന്ധവസ് തയ്യാറാക്കിയിരുന്നു.
മൂന്ന് റൂട്ടുകളിലൂടെയാണ് മുഖ്യമായും സമരക്കാർ രക്ഷപ്പെട്ടത്. ഒന്ന്, തീരദേശം വഴി കടന്ന് കൊച്ചിയിലേക്കും അവിടെ നിന്നും മലബാറിലേക്കും പോവുക. രണ്ട്, വള്ളം വഴി കായൽ കടന്ന് വൈക്കത്തേക്കും കുട്ടനാട് വഴി ചങ്ങനാശ്ശേരി ഭാഗത്തേക്കും അവിടെ നിന്നും മധ്യതിരുവിതാംകൂറിലേക്കോ മലബാറിലേക്കോ നീങ്ങുക. മൂന്ന്, തീരദേശം വഴിയും അല്ലാതെയും തെക്കോട്ട് പോയി ചെങ്ങന്നൂർ, പന്തളം ഭാഗത്തേക്കും പോവുക. പ്രധാനപ്പെട്ട നേതാക്കന്മാരെല്ലാം ഇങ്ങനെ പുറത്ത് ഒളിവിൽ പോയി. കുറച്ചുപേർ ആലപ്പുഴ പ്രദേശത്ത് തന്നെ തങ്ങി ചെറുത്തുനില്പിന് നേതൃത്വം നൽകി. പുറത്ത് ഒളിവിൽ പോയവർ തന്നെ മാസങ്ങൾ കഴിഞ്ഞപ്പോൾ നാട്ടിൽ ഒളിവിൽ പ്രവർത്തിക്കാൻ തിരിച്ചുവന്നു.
പട്ടാളവും പൊലീസും ദിവസക്കൂലിക്കാരായ ഗുണ്ടകളും സമരക്കാരെ വേട്ടയാടി. പലപ്പോഴും തെരഞ്ഞെടുത്ത പ്രദേശങ്ങൾ ഇവർ ചുറ്റിവളഞ്ഞ് വീടുകൾതോറും പരിശോധിച്ച് സംശയമുള്ളവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ഒരാൾപോലും മർദ്ദനമേൽക്കാതെ രക്ഷപ്പെട്ടിട്ടില്ല. ആദ്യമാസങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടവർക്കായിരുന്നു ഏറ്റവും ക്രൂരമായ മർദ്ദനമേൽക്കേണ്ടി വന്നത്.
ചേർത്തല, ആലപ്പുഴ ലോക്കപ്പുകളിലും സബ് ജയിലിലും ആയിരുന്നു മഹാഭൂരിപക്ഷം വിചാരണ തടവുകാരും. സ്ഥലസൗകര്യത്തിന്റെ അഞ്ചും പത്തും മടങ്ങുവരെ തടവുകാർ പലപ്പോഴും ഉണ്ടായിരുന്നു. വയലാർ ക്യാമ്പിൽ നിന്നും പരിക്കേറ്റവരും അല്ലാത്തവരുമായ തടവുകാരെ മുഴുവൻ അതിനകം നിറഞ്ഞുകവിഞ്ഞിരുന്ന ചേർത്തല ലോക്കപ്പിൽ കുത്തിനിറയ്ക്കുകയാണു ചെയ്തത്. എല്ലാ തടവുകാർക്കും ഒരേസമയം കിടക്കാനുള്ള സ്ഥലസൗകര്യം ഉണ്ടായിരുന്നില്ല. ഏറ്റവും ഭീകരമായിരുന്നത് മർദ്ദനമായിരുന്നു. മർദ്ദനം ഒരു ദിനചര്യയായിരുന്നു.
ജയിലിലോ ജലിൽ ആശുപത്രിയിലോ കിടന്നു മരിച്ചവരുടെ 7 പേരുകളേ ലഭിച്ചിട്ടുള്ളൂ. ഇതിൽ ഏറ്റവും പ്രമുഖൻ സെൻട്രൽ ജയിലിൽ മർദ്ദനമേറ്റു മരിച്ചു മുഹമ്മ അയ്യപ്പനാണ്. 1949-ലെ വയലാർ ദിനത്തിൽ ആലപ്പുഴ പൊലീസ് സ്റ്റേഷൻ മാർച്ചിൽ വെടിയേറ്റു മരിച്ച ജനാർദ്ദനന്റെ പേരും ഇവിടെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ഡയറക്ടറിയിലെ സ്വാതന്ത്ര്യസമര സേനാനികളിൽ മഹാഭൂരിപക്ഷവും ജയിലിൽ കിടക്കുകയും മർദ്ദനമേൽക്കുകയും ചെയ്തിട്ടുള്ളവരാണ്. പലരും കിരാതമായ രീതിയിൽ പീഡിപ്പിക്കപ്പെട്ടു. ലോക്കപ്പ് മർദ്ദനത്തിൽ മരണത്തിന്റെ വക്കിലെത്തുവരെ തുറന്നുവിടുക എന്നൊരു നയമാണ് പൊതുവിൽ സ്വീകരിച്ചിരുന്നത്. അവരിൽ പലരും ജീവശവങ്ങളായി മരണമടയുകയാണുണ്ടായിട്ടുള്ളത്. ഇവരെക്കൂടി ഉൾപ്പെടുത്തി ജയിലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കണക്കാക്കിയിരിക്കുന്നത് 25 എന്നാണ്. ഇത് തികച്ചും യാഥാസ്ഥികമായ ഒരു മതിപ്പുകണക്കാണ്.
ആകെ എത്രപേർ രക്തസാക്ഷികളായിക്കാണും? 1919-ലെ ജാലിയൻവാലാബാഗ് വെടിവയ്പ്പാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല. പ്രതിഷേധിക്കാൻ ഒത്തുകൂടിയ ജനങ്ങളെ വളഞ്ഞിട്ട് വെടിയുണ്ട തീരുന്നവരെയും ബ്രിട്ടീഷ് പട്ടാളം നിറയൊഴിച്ചു. മരിച്ചവരുടെ മതിപ്പുകണക്ക് 379 മുതൽ 1500 വരെയാണ്. 1200 പേർക്ക് പരിക്കുമേറ്റു. അതുപോലൊരു കൂട്ടക്കൊലയാണ് പുന്നപ്ര-വയലാറിലും നടന്നത്.
ജാലിയൻവാലാബാഗിനെപോലെ തന്നെ പുന്നപ്ര-വയലാർ സമരത്തിൽ രക്തസാക്ഷികൾ ആയവരുടെ എണ്ണത്തിൽ കൃത്യമായ കണക്കുകൾ ഇല്ല. ശേഖരിക്കാനുള്ള ശ്രമവും ഉണ്ടായിട്ടില്ല. ഇനിയിപ്പോൾ 75 വർഷം പിന്നിട്ടശേഷം പൂർണ്ണ വിവരശേഖരണം അത്രത്തോളം സാധ്യവുമല്ല. എങ്കിലും പട്ടിക (1) ൽ ഓരോ സമരകേന്ദ്രത്തിലെയും ഔദ്യോഗിക മരണസംഖ്യയും കെ.സി. ജോർജിന്റെ മതിപ്പുകണക്കും പൈതൃക ഡയറക്ടറി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള രക്തസാക്ഷികളുടെ എണ്ണവും ഇവയുടെയെല്ലാം എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ തയ്യാറാക്കിയ മതിപ്പുകണക്കും നൽകിയിരിക്കുന്നു. പൈതൃക ഡയറക്ടറി ലിസ്റ്റിനോടൊപ്പം ചേർത്തല ഭാഗത്തെ വെടിവയ്പ്പുകളെയും മർദ്ദനങ്ങളെയും കുറിച്ചും വിവിധ വിവരണങ്ങളെ ആസ്പദമാക്കിയാണ് ഞങ്ങളുടെ മതിപ്പുകണക്ക് തയ്യാറാക്കിയിട്ടുള്ളത്. 400-നും 500-നും ഇടയ്ക്ക് സമരപോരാളികൾ രക്തസാക്ഷികളായിട്ടുണ്ടെന്നാണ് ഞങ്ങളുടെ മതിപ്പ്കണക്ക്.
പട്ടിക 1
പുന്നപ്ര-വയലാർ സമരത്തിൽ രക്തസാക്ഷികളായവരുടെ മതിപ്പുകണക്കുകൾ
ക്രമ നം |
സ്ഥലം |
തീയതി |
ഔദ്യോ ഗികം |
കെ.സി. ജോർജ് |
പൈതൃക ഡയറക്ടറി ലിസ്റ്റിലെ പേരുകൾ |
പുതിയ മതിപ്പു കണക്ക് |
1 |
പുന്നപ്ര |
1946 ഒക്ടോബർ 23 |
27 |
27 |
35 |
35 |
2 |
തിരുവമ്പാടി |
1946 ഒക്ടോബർ 23 |
1 |
2 |
2 |
2 |
3 |
കാട്ടൂർ |
1946 ഒക്ടോബർ 26 |
– |
2 |
2 |
2 |
4 |
മാരാരിക്കുളം |
1946 ഒക്ടോബർ 26 |
4 |
6 |
13 |
13 |
5 |
മേനാശ്ശേരി |
1946 ഒക്ടോബർ 27 |
– |
120 |
33 |
130-180 |
6 |
ഒളതല |
1946 ഒക്ടോബർ 27 |
– |
10 |
9 |
15 |
7 |
വയലാർ |
1946 ഒക്ടോബർ 27 |
72 |
150 |
68 |
180-250 |
8 |
മറ്റുള്ളവ |
|
86 |
– |
– |
– |
9 |
ജയിൽ |
|
– |
– |
8 |
25 |
|
ആകെ |
|
190 |
317 |
170 |
400-500 |
ഇത്ര ഭീകരമായ കൂട്ടക്കൊലയിൽനിന്നും മർദ്ദനത്തിൽനിന്നും കാൽനൂറ്റാണ്ടുകാലത്തേക്കെങ്കിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉയർത്തെഴുന്നേൽക്കില്ലയെന്നാണ് ഭരണാധികാരികൾ കരുതിയിരുന്നത്. പാർട്ടി മാത്രമല്ല, എല്ലാ ട്രേഡ് യൂണിയനുകളും നിരോധിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകളിൽ നിന്നും രാജിവച്ച് കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ യൂണിയനുകളിൽ ചേർന്നാലേ തൊഴിൽ ലഭിക്കൂവെന്നതായിരുന്നു അവസ്ഥ. ആലപ്പുഴ ട്രേഡ് യൂണിയൻ ഓഫീസ് കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ ഓഫീസായി.
എന്തുകൊണ്ട് തിരിച്ചടി?
പ്രതീക്ഷിച്ചതുപോലെ അല്ല കാര്യങ്ങൾ നീങ്ങിയത്. ആലപ്പുഴയിലെ പ്രസ്ഥാനത്തെ വളഞ്ഞിട്ട് ആക്രമിച്ചു കീഴ്പ്പെടുത്തുന്നതിനു തിരുവിതാംകൂർ പട്ടാളത്തിനു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനകാരണം തൊഴിലാളികൾക്കു നൽകിയ ഉറപ്പ് സ്റ്റേറ്റ് കോൺഗ്രസ് നേതാക്കൾ പാലിക്കാൻ തയ്യാറായില്ലായെന്നതാണ്. സമരത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്ന വേളയിലും ഔപചാരികമായ പ്രഖ്യാപനം അവസാനനിമിഷംവരെ വച്ചുതാമസിപ്പിച്ചത് സ്റ്റേറ്റ് കോൺഗ്രസ് നേതാക്കളിൽ ഒരു ശക്തമായ വിഭാഗത്തിന്റെ അഭ്യർത്ഥനമൂലമാണ്. അതിനുള്ളിൽ ഉത്തരവാദിത്വ ഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം ആരംഭിക്കുമെന്ന ഉറപ്പാണ് അവർ നൽകിയത്. എന്നാൽ സമരത്തെ വഞ്ചിച്ചുകൊണ്ട് അവരെല്ലാവരും പിൻവാങ്ങി.
അതുപോലെതന്നെ അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കൗൺസിലാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്. എന്നാൽ നേതാക്കളായ ശ്രീകണ്ഠൻ നായരെപ്പോലുള്ളവർ കൊല്ലം മേഖലയിൽ പണിമുടക്കിനു നേതൃത്വം നൽകാൻ വിസമ്മതിച്ചു. ആലപ്പുഴയിലെ തൊഴിലാളികൾ ഒറ്റപ്പെട്ടു.
പുന്നപ്ര-വയലാർ സമരപോരാളികളുടെ സൈനിക അടവുകളും പരിശോധിക്കേണ്ടതുണ്ട്. ഗറില്ലാ യുദ്ധതന്ത്രങ്ങൾ സ്വീകരിക്കാതിരുന്നതിനെക്കുറിച്ച് വിമർശനപരമായി തെലുങ്കാന സഖാക്കൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കെ.വി. പത്രോസ് അടക്കമുള്ള തിരുവിതാംകൂറിൽ നിന്നുള്ള ഒരു ചെറുസംഘം രണ്ടാംലോക മഹായുദ്ധക്കാലത്ത് പൂനെയിൽ സൈനിക പരിശീലനം നേടിയിരുന്നു. എക്സ് സർവ്വീസുകാരുടെ സേവനം വ്യാപകമായി ഉപയോഗപ്പെടുത്തുകയും ചെയ്തു.
എന്നാൽ പുന്നപ്ര കടന്നാക്രമണത്തിലെ അപ്രതീക്ഷിതമായ ആൾനാശവും പട്ടാളനീക്കങ്ങളും പരിഭ്രാന്തി സൃഷ്ടിച്ചൂവെന്നുവേണം കരുതാൻ. പിടിച്ചെടുത്ത തോക്കുകൾ ഉപയോഗപ്പെടുത്തുന്നതിനായില്ല. പുന്നപ്ര ഏറ്റുമുട്ടലിനുശഷം ക്യാമ്പുകൾ പിരിച്ചുവിടുന്നതിന് ആക്ഷൻ കൗൺസിൽ തീരുമാനിച്ചെങ്കിലും അറിയിപ്പ് തക്കസയമത്ത് ചേർത്തലയിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടു. മുകളിൽ നിന്നുള്ള നിർദ്ദേശം ഇല്ലാതെതന്നെ ക്യാമ്പുകൾ പിരിച്ചുവിടുന്നതിനു വയലാർ പ്രദേശത്ത് കുമാരപണിക്കർ മുന്നോട്ടുവന്നെങ്കിലും അണികൾ ശക്തമായി അതിനെ എതിർക്കുകയായിരുന്നു. മാരാരിക്കുളത്തെ വെടിവയ്പ്പിനുശേഷം പകരം ചോദിക്കണമെന്ന വാശിയിലായിരുന്നു ക്യാമ്പ് അംഗങ്ങൾ.
സ്റ്റേറ്റ് കോൺഗ്രസിലെ വഞ്ചനമൂലം തിരുവിതാംകൂർ പൊതുരാഷ്ട്രീയം നിശബ്ദമായിരുന്നു. ഇതു തന്റെ സേനയെ ആലപ്പുഴയിൽ കേന്ദ്രീകരിക്കാൻ ദിവാനു സഹായകരമായി. വഞ്ചിച്ചവർ പിന്നീട് “വഞ്ചിക്കപ്പെട്ട വേണാട്” വ്യാഖ്യാനവുമായി രംഗപ്രവേശനം ചെയ്തു. ദിവാനാകട്ടെ ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇനി തലപൊക്കില്ലെന്നും അഹങ്കരിച്ചു.
മർദ്ദനങ്ങളെയെല്ലാം അതിജീവിച്ച് 1947 ഒക്ടോബർ 23-ന് പുന്നപ്ര-വയലാർ സമരത്തിന്റെ ഒന്നാംവാർഷികത്തിന് രണ്ട് ഗംഭീര ഘോഷയാത്രകൾ കിടങ്ങാംപറമ്പിൽ എത്തി 50000 പേരുടെ പൊതുയോഗം നടത്തി. ഒളിയാക്രമണത്തിൽ വെട്ടേറ്റ സർ സിപി ദിവാൻ പദവി ഉപേക്ഷിച്ച് നാടുവിട്ടു.
വർഗ്ഗബോധമുള്ള തൊഴിലാളികൾ “ആലപ്പുഴ കയർ ഫാക്ടറി തൊഴിലാളി കമ്മിറ്റി” എന്ന പേരിൽ 1951 ജനുവരിയിൽ പ്രവർത്തിക്കാൻ തുടങ്ങി. പുതിയ കമ്മിറ്റിക്ക് ഓഫീസ് സൗകര്യം കിട്ടാൻ നന്നേ വിഷമിക്കേണ്ടിവന്നു. താമസംവിന മിക്ക കമ്പനികളിലും ഫാക്ടറി കമ്മിറ്റികൾ പുനരുജ്ജീവിപ്പിച്ചു. ഏപ്രിൽ മാസത്തിൽ തിരു-കൊച്ചിയിലെ ഇടതുപക്ഷ ട്രേഡ് യൂണിയൻ പ്രതിനിധികളുടെ സമ്മേളനം യൂണിയൻ ഓഫീസിൽ ചേരുകയും തിരു-കൊച്ചി ട്രേഡ് യൂണിയൻ ഐക്യ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
നേതാക്കളെ മോചിപ്പിക്കുന്നതിന് ഒരു ഡിഫൻസ് കമ്മിറ്റി രൂപീകരിച്ചു. ഹൈക്കോടതി ഡിഫൻസ് കമ്മിറ്റിയുടെ കേസ് തള്ളിയെങ്കിലും അപ്പീലിൽ 1951 മെയ് മാസത്തിൽ സുപ്രിംകോടതി കരുതൽതടങ്കൽ നേതാക്കളെ മുഴുവൻ മോചിപ്പിക്കാൻ ഉത്തരവിട്ടു. 1952-ലെ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നും റ്റി.വി. തോമസും പി.റ്റി. പുന്നൂസും വിജയിച്ചതോടെ ഒരു അരണ്ടകാലഘട്ടത്തിനു തിരശ്ശീല വീണു.
XV
പുന്നപ്ര-വയലാർ സമരത്തിന്റെ ചരിത്ര പ്രാധാന്യം
പുന്നപ്ര-വയലാർ സമരം സംബന്ധിച്ച ഈ ആമുഖ കുറിപ്പിനെ ഇങ്ങനെ സംഗ്രഹിക്കാം: ആലപ്പുഴ ഗ്രാമപ്രദേശങ്ങളിൽ മൂർച്ഛിച്ചുകൊണ്ടിരുന്ന വർഗസംഘർഷങ്ങളെയും ജനങ്ങളുടെ സ്വയം പ്രതിരോധസന്നാഹങ്ങളെയും 1946-ലെ പുതിയ രാഷ്ട്രീയ ലൈനിനനുസൃതമായി ദിവാൻ ഭരണത്തിനെതിരായുള്ള അവസാന കടന്നാക്രമണ യുദ്ധവുമായി ബന്ധപ്പെടുത്തുന്നതിനു കമ്മ്യൂണിസ്റ്റ് പാർടി പ്ലാനിട്ടു. ദിവാൻ സ്വപ്നംകണ്ട സ്വതന്ത്ര തിരുവിതാംകൂർ ഭരണഘടനയിൽനിന്നും സ്റ്റേറ്റ് കോൺഗ്രസ് നേതൃത്വം പ്രകടിപ്പിച്ച ഒത്തുതീർപ്പ് ചാഞ്ചാട്ടങ്ങളിൽ നിന്നും ദേശീയ താല്പര്യങ്ങളെ സംരക്ഷിക്കുന്നതിന് പാർട്ടി മുന്നിറങ്ങി. 1938-ലെ പോലെ ദേശവ്യാപകമായ ഒരു പ്രക്ഷോഭം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ 1938-ൽ നിന്ന് നിന്ന് വ്യത്യസ്തമായി ദേശവ്യാപകമായ ഒരു പൊതു പണിമുടക്കിലൂടെ തൊഴിലാളികളായിരിക്കും ഈ സമരത്തെ നയിക്കുക. സ്റ്റേറ്റ് കോൺഗ്രസ് നേതൃത്വത്തിന്റെ എതിർപ്പും വഞ്ചനയുംമൂലം ദേശവ്യാപകമായ സമരം രൂപംകൊണ്ടില്ല. ഒറ്റപ്പെട്ടുപോയ ആലപ്പുഴ തൊഴിലാളികളെ പട്ടാളശക്തി ഉപയോഗിച്ച് നിഷ്ഠൂരമായി അടിച്ചമർത്തുന്നതിന് ദിവാന് കഴിഞ്ഞു.
1938-ലെ പണിമുടക്കിൽ ഒരു സ്വതന്ത്ര രാഷ്ട്രീയവർഗ്ഗശക്തിയായി പിച്ചവെച്ചുതുടങ്ങിയ തൊഴിലാളിവർഗ്ഗം- തിരുവിതാംകൂറിലെ ദേശീയ സമരത്തിന്റെ നേതൃത്വത്തിലേക്ക് ഉയർന്നു. ഈ ഉയർച്ചയുടെ മൂന്നു സുപ്രധാന ഘട്ടങ്ങൾ നമ്മൾ പരിശോധിച്ചു. ജാതിബോധത്തിൽനിന്നും ബൂർഷ്വാദേശീയതയിൽനിന്നും തൊഴിലാളിവർഗ – ജാതിവിരുദ്ധ – ദേശീയ നിലപാടിലേക്കുള്ള പരിവർത്തനം, രണ്ടാം ലോകമഹായുദ്ധകാലത്തെ ഏറ്റവും ദുഷ്കരമായ സാഹചര്യത്തിൽപ്പോലും ഈ ബോധം നിലനിന്നതും ദൃഡമായതും, അവസാനമായി ആലപ്പുഴയിലെ ഗ്രാമീണ ജനതിയുടെമേൽ അധീശത്വം നേടാൻ തൊഴിലാളിവർഗ്ഗത്തിനു കഴിഞ്ഞതും. ഇവയോരോന്നിലും തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന്റെ വിജയത്തിനടിസ്ഥാനം ബോധപൂർവ്വമുള്ള പ്രവർത്തനം. അതായത്, പാർട്ടിയുടെ ബോധപൂർവ്വമായ ഇടപെടലായിരുന്നു.
എങ്ങനെയാണ് ജാതിവിരുദ്ധ സമരത്തെയും തൊഴിലാളിവർഗ രാഷ്ട്രീയത്തെയും സംയോജിപ്പിക്കുകയെന്നുള്ളതിന് ഒരു സാധനപാഠമാണ് ആലപ്പുഴ തൊഴിലാളിവർഗ ചരിത്രം. തൊഴിലാളി വർഗബോധം എങ്ങനെയാണ് രൂപംകൊള്ളുന്നതെന്നും അതിന്റെ സാംസ്കാരികമാനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ഈ ചരിത്രം അടിവരയിടുന്നു. തൊഴിലാളിവർഗം ജനസാമാന്യത്തിന്റെ നേതാവായിട്ട് എങ്ങനെയാണ് ഉയരുക എന്നതിന്റെയും ചൂണ്ടുപലകയാണ് ഈ ചരിത്രം. തൊഴിലാളിവർഗം ആശയപരമായിട്ടു മാത്രമല്ല കായികമായിട്ടുതന്നെ ഗ്രാമീണജനതയുടെ വിപ്ലവസമരത്തിന് നേതൃത്വം നൽകിയ ഇന്ത്യയിലെ അപൂർവ്വ സന്ദർഭങ്ങളിൽ ഒന്നാണ് പുന്നപ്ര-വയലാർ സമരം.
പുന്നപ്ര-വയലാർ സമരവും വടക്കേ മലബാറിലെ കാർഷിക കലാപങ്ങളും കമ്മ്യൂണിസ്റ്റ് പാർടിയെ കേരളത്തിലെ ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് ഉയർത്തി. ഈ നേതൃത്വപദവി തുടർന്നുള്ള ദശകത്തിൽ പ്രസ്ഥാനത്തിന്റെ അഭൂതപൂർവ്വമായ വളർച്ചയ്ക്ക് അടിത്തറയിട്ടു. ദേശീയ വിമോചനസമരങ്ങളിൽ എവിടെയെല്ലാമാണോ നേതൃത്വത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടുള്ളത് അവിടങ്ങളിലാണ് വിപ്ലവങ്ങൾ രൂപംകൊണ്ടത്.
ഈയൊരു അനുഭവത്തിന്റെ അടിസ്ഥാനത്തിൽവേണം 1950-കളിൽ കമ്മ്യൂണിസ്റ്റ് പാർടിക്കുണ്ടായ അഭൂതപൂർവ്വമായ ജനപിന്തുണ വർദ്ധനയെ മനസിലാക്കാൻ. 1950-കളുടെ ആദ്യംപോലും 10 ശതമാനത്തിൽ താഴെ പിന്തുണയുണ്ടായിരുന്ന പാർടിക്ക് 1956-ൽ 40 ശതമാനത്തോളം വോട്ട് ലഭിച്ചു. പുന്നപ്ര-വയലാർ രക്തസാക്ഷികളും പോരാളികളും അവരുടെ ഹൃദയരക്തംകൊണ്ടാണ് ഈ മുന്നേറ്റത്തിനു അടിത്തറ ഉറപ്പിച്ചത്.