കെ.കെ. ദാമോദരന്‍
ആലപ്പുഴ നോര്‍ത്ത് കൊമ്മാടി വാർഡിൽ നീലപറമ്പില് വീട്ടില്‍ 1924-ല്‍ ജനിച്ചു. അമ്മ കെ.വി. ധരിത്രി. കയര്തൊഴിലാളിയായിരുന്നു ഇദ്ദേഹം. എമ്പയര്‍ കമ്പനിയില്‍ കണ്‍വീനര്‍ ആയിരുന്നു. 1938-ലെ സ്വാതന്ത്ര്യസമരത്തിലും പൊതുപണിമുടക്കിലും സജീവമായിരുന്നു. പി.കെ. മാധവനോടു ബന്ധപ്പെട്ടാണു പ്രവർത്തിച്ചിരുന്നത്. ബോംബെ കമ്പനിയിലുണ്ടായ നിഷ്ഠൂരമായ മർദ്ദനത്തിൽ പ്രതിഷേധിച്ച് വാരിക്കുന്തവുമായി നടത്തിയ ജാഥയ്ക്കുനേരെ പൊലീസ് വെടിവച്ചു. രണ്ടുപേർ രക്തസാക്ഷികളായി. പുന്നപ്ര-വയലാർ സമരത്തിനു മുന്നോടിയായി തിരുവിതാംകൂര്‍ കയര്‍വര്‍ക്കേഴ്സ് യൂണിയന് മാനേജിംഗ് കമ്മിറ്റി യോഗത്തിനെത്തിയവരെ യൂണിയന് ഓഫീസില്‍ കയറി പോലീസ് കസ്റ്റഡിയില്‍ എടുത്തു. അവരില്‍ പ്രധാനിയായിരുന്നു കെ.കെ.ദാമോദരന്‍. ഇദ്ദേഹത്തിനേയും എ.കെ.കൊച്ചു വാവയേയും കഠിനമായി മര്‍ദ്ദിച്ചതിനുശേഷം ആലപ്പുഴയില്‍ തടവറയിലാക്കി. ലോക്കപ്പിലിട്ടും കോടതിയിലേക്കു കൊണ്ടുപോകും വഴിയും സ്വന്തം അമ്മയുടെ മുന്നിലിട്ടും പൊലീസ് ക്രൂരമായി മർദ്ദിച്ചു. പുന്നപ്ര- വയലാര്‍ സമരത്തില്‍ ഒളിവിലും ജയിലുമായി രണ്ടു വര്‍ഷത്തോളം കഴിഞ്ഞു. പൊലീസിന്റെ ക്രൂരമർദ്ദനം രോഗബാധിതനാക്കി. എമ്പയർ കമ്പനിയിലെ ജോലി നഷ്ടപ്പെട്ടു. 1997 ജൂലൈ 10-ന് അന്തരിച്ചു. മക്കള്‍: എച്ച്.ഡി. രാജേഷ്, രശ്മി ദാമോദരന്‍.