പി.എ. ജോർജ്ജ്
ആലപ്പുഴ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ മൂപ്പൻമാരുടെ ചൂഷണത്തിനും അക്രമണത്തിനുമെതിരായ ചെറുത്തുനില്പ്പിൽ നിന്നാണ് ആലപ്പുഴ തൊഴിലാളിക്കു സംഘടനാബോധത്തിന്റെ തിരിച്ചറിവുണ്ടാകുന്നത്. ആദ്യദശകങ്ങളിൽ വിശാലമനസ്കരായ കമ്പനി മൂപ്പൻമാർ വഹിച്ചപങ്കും യൂണിയൻ പ്രവർത്തനങ്ങളുടെ വളർച്ചയ്ക്ക് ബലമേകി. വാടപ്പുറം വാവ, സ്വാമി പത്മനാഭൻ, ആൻഡ്രൂസ് മൂപ്പൻ തുടങ്ങിയവർ ഈ ഗണത്തിൽപ്പെടുന്നു. ആൻഡ്രൂസ് മൂപ്പൻ എംപയർ കമ്പനിയിലെ സൂപ്പർവൈസർ (മൂപ്പൻ) ആയിരുന്നു. 1890-ൽ അർത്തുങ്കലിലാണു ജനിച്ചത്. ജോലിതേടി ആലപ്പുഴയിൽ വന്നു. ഇംഗ്ലീഷ് ഭാഷയിൽ പരിജ്ഞാനമുണ്ടായിരുന്നു. ഇത് ജോലിയിൽ സൂപ്പർവൈസർ എന്ന തസ്തികയിലേക്ക് എത്തുവാൻ അദ്ദേഹത്തെ സഹായിച്ചു. ആലപ്പുഴയിൽ നിന്നും ക്ലാരയെ വിവാഹംചെയ്ത് കലവൂരിൽ താമസമാക്കി. ഫാക്ടറിയിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ വീടെന്ന നിലയിൽ എകെജി അടക്കമുള്ള ഉയർന്ന പാർടി നേതാക്കൾക്കു പലപ്പോഴും സുരക്ഷിതതാവളമായി. തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ ആദ്യകാല പ്രവർത്തകനും സി.എസ്.പിയും കമ്മ്യൂണിസ്റ്റ് സെല്ല് രൂപീകരിച്ചപ്പോൾ അതിലെ പ്രധാന അംഗവുമായി. ജോർജ്ജ്, സ്റ്റെല്ല, ലെനിൻ, എലിസബത്ത്, സോളമൻ എന്നിവർ ആൻഡ്രൂസിന്റെ മക്കളാണ്. 1942-ൽ ജ്വരം ബാധിച്ചു മരിച്ചു. തുടർന്ന് കുടുംബം ചാത്തനാട്ടിലേക്കു താമസംമാറ്റി. ആൻഡ്രൂസിന്റെ മകനായ ജോർജ്ജ് 1998-ലാണ് ജനിച്ചത്. ചെറുപ്പകാലം മുതൽ തന്നെ അച്ഛനു തൊഴിലാളികളോടുള്ള സ്നേഹവും യൂണിയൻ പ്രവർത്തകരുമായിട്ടുള്ള അടുപ്പവും ജോർജ്ജിനെ സ്വാധീനിച്ചു. കമ്മ്യൂണിസ്റ്റ് പാർടിയുമായി ചേർന്നു പ്രവർത്തിക്കാൻ ജോർജ്ജിന് ഇതു പ്രേരണയായി. പാർടി നിരോധനകാലത്ത് സന്ദേശവാഹകനെന്ന ചുമതലയായിരുന്നു. പുന്നപ്ര സമരകാലത്ത് പൊലീസ് വീട് റെയ്ഡ് ചെയ്തു. പാർടി ലഘുലേഖകളോടും സാഹിത്യകൃതികളോടുംകൂടി ജോർജ്ജ് അറസ്റ്റ് ചെയ്യപ്പെട്ടു. ഒരുവർഷത്തിലേറെ ജയിലിലായിരുന്നു. പാർടിയുടെ ഉയർന്ന നേതാക്കൾ പങ്കെടുക്കുന്ന രഹസ്യയോഗങ്ങളിൽ നിന്നും പൊലീസിന്റെ ശ്രദ്ധതിരിക്കുന്നതിന് മുദ്രാവാക്യങ്ങൾ വിളിച്ചു കൊടിയും വീശി കളപ്പുരയ്ക്കലിൽ നിന്ന് പടിഞ്ഞാറോട്ട് ഓടിയ സംഭവം പ്രസിദ്ധമാണ്. ജോർജ്ജിനെ പിടിച്ച് ലോക്കപ്പിലിട്ടു ചോദ്യം ചെയ്തു. അപ്പോഴേക്കും രഹസ്യയോഗം കഴിഞ്ഞ് നേതാക്കാൾ പിരിഞ്ഞിരുന്നു.
വയലാർ സമരത്തിനുശേഷവും അറസ്റ്റ് ചെയ്യപ്പെട്ട് ഒരുവർഷത്തിലേറെക്കാലം ജയിലിൽ കഴിഞ്ഞു. 1958-ൽ വച്ചുചിറയിൽ നിന്നും പൊന്നമ്മയെ വിവാഹംചെയ്യുവാൻ തീരുമാനിച്ചു. അന്നത്തെ ഇടവക വികാരി വിവാഹം പള്ളിയിൽവച്ചു നടത്തുന്നതിനു ജോർജ്ജ് കമ്മ്യൂണിസ്റ്റ് പാർടിയിൽ നിന്നും രാജിവച്ച കത്ത് കൊണ്ടുവരണമെന്ന് ഉപാധിവച്ചു. ഇതിനെ നിഷേധിച്ച് ആലപ്പുഴ പാർടി ഓഫീസിൽവച്ച് റ്റി.വി. തോമസും ഗൗരിയമ്മയും അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിൽ വിവാഹം നടന്നു. പിന്നീട് ഈ വികാരി ബിഷപ്പായതും ജോർജ്ജുമൊന്നിച്ച് ഒരേവേദിയിൽ പ്രസംഗിച്ചതും ചരിത്രമാണ്. ആലപ്പുഴ ജില്ലയിലെ സിപിഐയുടെ പ്രധാനമുഖമായിരുന്നു. സിപിഐ അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി, ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറി മുതലായ ഉത്തരവാദിത്വങ്ങൾ വഹിച്ചു. 1992-ൽ അന്തരിച്ചു.