റ്റി.എസ്. മെത്രീഞ്ഞ്
ആലപ്പുഴ വടക്ക് തുമ്പോളി തൈയിൽ വീട്ടിൽ ലൂസെയുടെ മകനായി 1920-ൽ ജനിച്ചു. കയർ തൊഴിലാളിയിരുന്നു. കോൺഗ്രസ് പ്രവർത്തകനായിരുന്നു. 1931-ൽ കെ. കുമാറിന്റെ നേതൃത്വത്തിൽ നടന്ന വിദേശവസ്ത്ര ബഹിഷ്കരണത്തിൽ പങ്കെടുത്തു. വി.കെ. കൊച്ചുകുഞ്ഞിന്റെ തുണിക്കട പിക്കറ്റ് ചെയ്യുന്നവേളയിൽ ആനമരക്കാർ എന്ന ഗുണ്ട മർദ്ദിച്ച് അവശനാക്കി. രണ്ടുദിവസത്തെ ചികിത്സയ്ക്കുശേഷം വീണ്ടും സമരത്തിൽ പങ്കെടുത്തു. 1938-ലെ സ്റ്റേറ്റ് കോൺഗ്രസ് സമരത്തിലും പണിമുടക്കിലും പങ്കെടുത്തു. യൂണിയൻ സംഘടിപ്പിച്ച ചുവപ്പ് വോളണ്ടിയർമാരിൽ ഒരാളായി ഒക്ടോബർ 24-ലെ അക്കാമ്മ ചെറിയാൻ തിരുവനന്തപുരത്തു നയിച്ച ജാഥയുടെ മുന്നിൽ മാർച്ച് ചെയ്തു. മാർച്ച് ചെയ്ത 25 തൊഴിലാളി വോളണ്ടിയർമാരിൽ കാക്കിനിക്കറും ചുവപ്പു ഷർട്ടും ധരിച്ച് അക്കാമ്മ ചെറിയാനെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും അകമ്പടി സേവിച്ച് ആലപ്പുഴയിൽ തിരിച്ചെത്തിയപ്പോൾ വോളണ്ടിയർ ക്യാമ്പ് പൊലീസ് അടിച്ചു തകർത്തു. ട്രങ്കും വസ്ത്രങ്ങളും നഷ്ടപ്പെട്ടു. പി.ഇ.4/1114 നമ്പർ കേസിൽ പ്രതിയായതിനെത്തുടർന്ന് ആറുമാസത്തിലേറെ പള്ളിത്തോട്, അർത്തുങ്കൽ പ്രദേശങ്ങളിൽ ഒളിവിൽ കഴിഞ്ഞു. പുന്നപ്ര സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് പി.ഇ.7/1122 നമ്പർ കേസിൽ പ്രതിയായി കോഴിക്കോടും മറ്റുമായി ഒരുവർഷം ഒളിവിൽ കഴിഞ്ഞു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 1998-ൽ അന്തരിച്ചു.ഭാര്യ: ബ്രിജിറ്റ് (മറിയാമ്മ). മക്കൾ: മേരിക്കുട്ടി, പൊന്നി, ആലീസ്, സെബാസ്റ്റ്യൻ, ലൈസാമ്മ, ജസ്റ്റിൻ.