വി.എ. കരുണാകരന്
ആലപ്പുഴ നോര്‍ത്ത് പൂന്തോപ്പ് വാര്‍ഡ് കൊമ്മാടി വെളിയില്‍ വീട്ടില്‍ 1918-ൽ ജനിച്ചു. പി.എല്‍ കമ്പനിയിലെ തൊഴിലാളിയായിരുന്നു. 1938-ല്‍ അക്കാമ്മ ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന അഖില തിരുവിതാംകൂര്‍ കോണ്‍ഗ്രസിന്റെ ജാഥയില്‍ പങ്കെടുക്കുവാന്‍ ആലപ്പുഴയില്‍ നിന്നു പുറപ്പെട്ട ചുവപ്പു വോളണ്ടിയർ സംഘത്തിലെ അംഗമായിരുന്നു. കാക്കിനിക്കറും ചുവപ്പുഷർട്ടുമായിരുന്നു യൂണിഫോം. ഇവ ഒളിപ്പിച്ചുവച്ച് കൊല്ലം വരെ ബോട്ടിൽ യാത്ര ചെയ്തു. പിന്നീട് ട്രെയിനിൽ തിരുവനന്തപുരത്തേക്കു പോയി. ഇതേ ട്രെയിനിലാണ് അക്കാമ്മ ചെറിയാനും യാത്ര ചെയ്തിരുന്നത്. റെയിൽവേ സ്റ്റേഷൻ മുതൽ അക്കാമ്മ ചെറിയാന്റെ കാറിന് അകടമ്പി സേവിച്ചു. ഇരുവശത്തുമായി റെഡ് വോളണ്ടിയമാർ മാർച്ച് ചെയ്തു. പിന്നീട് എംഎൽഎ ആയ കുഞ്ഞുണ്ണി നായരായിരുന്നു ജാഥാ ക്യാപ്റ്റൻ. ചിട്ടയായ മാർച്ചും അവർ പാടിയിരുന്ന പാട്ടുകളും പട്ടാള അധിപന്റെ മുന്നിൽ വെല്ലുവിളിച്ചും നിലയെടുത്തും സമരജനാവലിയിൽ വലിയ മതിപ്പുണ്ടാക്കി. എന്നാൽ ആലപ്പുഴയിൽ തിരിച്ചുവന്നപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ലോക്കപ്പിൽ ആറുമാസക്കാലം കിടന്നു. ഭീകരമായി മർദ്ദിച്ച് അവശനാക്കി. കേസ് ചാർജ്ജ് ചെയ്യാതെ വിട്ടയച്ചു. ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ ജോലി നഷ്ടപ്പെട്ടിരുന്നു. അനാരോഗ്യവും അസംതൃപ്തിയുംമൂലം നാടുവിട്ടു. 30 വർഷക്കാലം പലയിടുത്തുമായി ജോലി ചെയ്തു. 1972 മുതൽ നാട്ടിൽ സ്ഥിരതാമസമാക്കി.

