അഗസ്റ്റിൻ പീറ്റർ അരശർകടവിൽ
ആലപ്പുഴ തെക്ക് സക്കറിയ വാർഡ് ദേവസ്വംപുരയിടത്തിൽ 1921-ൽ അഗസ്റ്റിന്റെ മകനായി ജനനം. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലും പൊതുപണിമുടക്കിലും പങ്കെടുത്തു. വലതുകാലിനു മുട്ടിനുതാഴെ വെടിയേറ്റു. അറസ്റ്റ് ചെയ്യപ്പെട്ട് 214 ദിവസം ആലപ്പുഴ സബ് ജയിലിൽ കിടന്നു. മൂന്ന് കേസുകളിൽ പ്രതിയായി. ഒന്നിൽ വെറുതേവിട്ടു. മറ്റൊന്നിൽ ജാമ്യമെടുത്തിറങ്ങി ഒളിവിൽപ്പോയി. 1939 മുതൽ 1946 വരെ മദ്രാസിൽ ഒളിവിൽ താമസിച്ചു. കെ.കെ. വാര്യർ 1938-ലെ സമരത്തിൽ പങ്കെടുത്തതിനെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. നാട്ടിൽ തിരിച്ചുവന്ന് പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്തു. 35 ദിവസം പൊലീസ് ലോക്കപ്പിൽ ക്രൂരമർദ്ദനത്തിനിരയായി. ക്ഷയരോഗം പിടിപെടുകയും ചെയ്തു.

