സിറിൾ തയ്യിൽ
ആലപ്പുഴ തെക്ക് വാടയ്ക്കൽ തയ്യിൽ വീട്ടിൽ 1916-ൽ ജനനം. മത്സ്യത്തൊഴിലാളിയും യൂണിയൻ പ്രവർത്തകനുമായിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്ത് 48/22 നമ്പർ കേസിൽ 57-ാം പ്രതിയായി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു.ജോൺകുട്ടിയും കാക്കിരിയിൽ കരുണാകരനുമൊപ്പം ഒരുമിച്ചാണു നീങ്ങിയത്. വെടിവയ്പ്പിൽ നിന്നു രക്ഷപ്പെട്ടു സിറിൾ നാട്ടിൽതന്നെ ഒളിവിൽ കഴിഞ്ഞു. ഒക്ടബോർ 30-ന് വള്ളമിറക്കാനെന്ന ഭാവത്തിൽ കടപ്പുറത്ത് ഒരു കൂറ്റൻ വള്ളത്തിന്റെ പുറകിൽ നിന്നിരുന്ന സിറിളിനെ ഒരു ഒറ്റുകാരൻ തിരിച്ചറിഞ്ഞു. പൊലീസ് വളഞ്ഞ് അറസ്റ്റ് ചെയ്തു. കൈകൾ കൂട്ടിക്കെട്ടി പുന്നപ്ര ക്യാമ്പിലേക്കു നടത്തിക്കൊണ്ടുപോയി. പോകുന്ന വഴിനീളെ മർദ്ദിച്ചു. ക്യാമ്പിൽ കൂട്ടമർദ്ദനമായിരുന്നു. ലോക്കപ്പിൽ തല്ലാൻ ഒരു കേഡിയെ തയ്യാറാക്കി നിർത്തിയിരുന്നു. പി.ഇ-9/122 നമ്പർ കേസിൽ വിചാരണ തടവുകാരനായി ഒരുവർഷവും മൂന്നുമാസവും ആലപ്പുഴ സബ് ജയിലിൽ കിടന്നു. ഭീകരമർദ്ദനത്തിനിരയായി. 2 വർഷവും 9 മാസവും സെൻട്രൽ ജയിലിൽ തടവിൽ കിടന്നശേഷമാണ് സിറിൾ പുറത്തുവന്നത്. ജയിൽ മോചിതനായി നാട്ടിലെത്തിയപ്പോൾ ആദ്യംകിട്ടിയ ചുമതലകളിലൊന്ന് ഗംഗാധരൻ കമ്പനിയിലെ സമരമായിരുന്നു. കമ്പനി പടിക്കൽ ആസിഡ് ഒഴിച്ചിരുന്നത് അറിയാതെ മലർന്നുകിടന്നു പിക്കറ്റ് ചെയ്തപ്പോൾ ശരീരത്തിൽ പൊള്ളലേറ്റു. പൊള്ളൽ സിറിളിന്റെ ജീവിതാവസാനം വരെ ഉണ്ടായിരുന്നു.