ദേവസ്യ ശീമോൻ
ആലപ്പുഴ തെക്ക് വട്ടയാൽ വാർഡ് വട്ടത്തില്‍ വീട്ടില്‍ ശീമോന്റെ മകനായി 1902-ല്‍ ജനനം. നാലാംക്ലാസുവരെ വിദ്യാഭ്യാസം. 16-ാം വയസിൽ മത്സ്യത്തൊഴിലാളിയായി. 1942-ൽ പട്ടാളത്തില്‍ ചേർന്നു. നാട്ടില്‍ തിരിച്ചെത്തുകയും മത്സ്യത്തൊഴിലാളി യൂണിയൻ പ്രവർത്തകനായി. പുന്നപ്ര സമരത്തിൽ ഐതിഹാസികമായ കഥാപാത്രങ്ങളിൽ ഒരാളാണ് ഡി.എസ്.പി എന്നു വിളിപ്പേരുള്ള ദേവസ്യ. തീവയ്പിനെ തുടർന്ന് സ്വയരക്ഷയ്ക്കായി മത്സ്യത്തൊഴിലാളികൾ കൂട്ടമായി താമസിക്കാൻ തുടങ്ങി. ഡി.എസ്.പി വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിൽ ഒരു സംഘം സായുധ പൊലീസ് സമരക്കാർ തമ്പടിച്ചിരുന്ന പ്രദേശത്തുകൂടി റോന്തുചുറ്റുവാൻ വന്നു. വി.കെ. ഭാസ്കരന്റെയും ദേവസ്യയുടെയും മറ്റും നേതൃത്വത്തിൽ ഒരു സംഘം മത്സ്യത്തൊഴിലാളികൾ പൊലീസ് സംഘത്തെ തടഞ്ഞു. ദേവസ്യ പട്ടാളമുറയിൽ ഹാൾട്ട് എന്നു വിളിച്ചുപറഞ്ഞപ്പോൾ പൊലീസ് സംഘം സ്തംഭിച്ചുനിന്നു. വൈദ്യനാഥ അയ്യർക്ക് കൈകൊടുത്ത് ദേവസ്യ വിശദീകരിച്ചു: സ്ത്രീകളും കുട്ടികളും താമസിക്കുന്ന സ്ഥലമാണിത്. അതിനാൽ നിങ്ങൾ കടപ്പുറംവഴി ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടർന്ന് പൊലീസുകാർ റൂട്ടുമാറ്റി. അന്നു മുതൽ ദേവസ്യ ഡി.എസ്.പിയാണ്. പി.ഇ.7/1122 നമ്പർ കേസിൽ അറസ്റ്റിലായി. ഒന്നരവർഷക്കാലം ആലപ്പുഴ ലോക്കപ്പിൽ ജയിൽവാസം അനുഭവിച്ചു. ദേവസ്യക്കു പ്രത്യേകമായ മർദ്ദനരീതിതന്നെ പൊലീസുകാർ ജയിലിൽ ആസൂത്രണം ചെയ്തിരുന്നു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. മകള്‍: മേരി