എ.ആർ. മുഹമ്മദ് ഇസ്മയിൽ
ആലപ്പുഴയിലെ ആദ്യകാല വ്യാപാരിയായ ആലി മുഹമ്മദിന്റെ മകൻ അബ്ദുൾ റഹീമിന്റെയും അയിഷു ഉമ്മയുടെയും മകനായി സക്കറിയ വാർഡിൽ ഫാത്തിമ മൻസിലിൽ ജനിച്ചു. സഖാവ് പൊടിയൻ എന്നാണ് അറിയപ്പെട്ടിരുന്നത്. വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിൽ പ്രവേശിച്ച് കമ്മ്യൂണിസ്റ്റ് പാർടി അംഗമായി. പുന്നപ്ര സമരത്തെത്തുടർന്ന് അറസ്റ്റിലാവുകയും ആലപ്പുഴ സബ് ജയിലിലും തിരുവനന്തപുരം സെൻട്രൽ ജയിലിലും 1950 വരെ തടവിലായിരുന്നു. ജയിൽകലാപത്തിൽ പങ്കെടുക്കുകയും കൊടിയമർദ്ദനം അനുഭവിക്കുകയും ചെയ്തു. ജയിൽമോചിതനായശേഷം സജീവരാഷ്ട്രീയ പ്രവർത്തകനായി. മുനിസിപ്പൽ കൗൺസിലറും ഒട്ടനവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിത്വവും വഹിച്ചു. റ്റി.വി. തോമസിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായും തെരഞ്ഞെടുപ്പുകളിൽ ചീഫ് ഇലക്ഷൻ ഏജന്റായും പ്രവർത്തിച്ചു. 1972-ൽ രാജ്യം താമ്രപത്രം നൽകി ആദരിച്ചു. 1987 നവംബർ 23-ന് നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: ഷഫീഖ്, മുഹമ്മദ് അഷറഫ്, മുഹമ്മദ് വയാം, മുഹമ്മദ് സാവി.