കെ. ശ്രീധരന്
ആലപ്പുഴ തെക്ക് കുതിരപ്പന്തി മുട്ടത്തുപറമ്പ് വീട്ടില് കേശവന്റെയും ജാനകിയുടെയും മകനായി 1925-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. 12-ാം വയസിൽ ആസ്പിൻവാൾ കമ്പനിയിൽ വണ്ടിചുറ്റൽ ജോലിക്കു കയറി. കുതിരപ്പന്തി കുമാരനാശാൻ സ്മാരക വായനശാല ക്യാമ്പിലെ വോളണ്ടിയർ ആയിരുന്നു. പൊലീസ് ക്യാമ്പിലേക്കുള്ള പ്രകടനത്തിൽ ഉണ്ടായിരുന്നു. പരിശീലനം ലഭിച്ചിരുന്നുവെങ്കിലും വെടിവയ്പ്പ് ആരംഭിച്ചപ്പോൾ അവയൊന്നും പ്രായോഗികമാക്കുവാൻ കഴിഞ്ഞിരുന്നില്ല. ക്യാമ്പിലെ സഹവാസിയായിരുന്ന കാക്കിരിയിൽ കരുണാകരൻ വെടിയേറ്റു മരിച്ചു. ആലിശ്ശേരി പരമേശ്വരൻ പണിക്കർക്കും സി.കെ. ഭൈരവന്റെ അനുജൻ ഭാമനും വെടികൊണ്ടു. കമിഴ്ന്നു കിടന്നു പുറകോട്ടു നീങ്ങി കടപ്പുറം വഴി വീട്ടിലെത്തി. ഒളിവിലും തെളിവിലുമായി കഴിഞ്ഞുകൂടി. 1953-ലാണ് പാർടി അംഗത്വം ലഭിക്കുന്നത്. ട്രാൻസ്പോർട്ട് സമരത്തിൽ പങ്കെടുക്കുകയും ക്രൂരമർദ്ദനത്തിനിരയാവുകയും ചെയ്തു. രണ്ട് കാതുകളും തകർന്നുപോയി. ഒരു കാതിന്റെ കേൾവിശക്തി ഭാഗീകമായി ഇല്ലാതായി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ഭാര്യ: സരസമ്മ. മക്കൾ: സുധാകരൻ, സുഷമ, മണിയൻ, സുരേഷ്.