എ.കെ. കേശവന്
പുന്നപ്ര വടക്ക് ആഞ്ഞിലിക്കാത്തറ വീട്ടില് 1926-ൽ ജനനം. ആസ്പിൻവാൾ കമ്പനിയിലെ മൂപ്പനായിരുന്നു. തൊഴിൽ ചെയ്തുകിട്ടിയ പണം പൊതുകാര്യങ്ങൾക്കായി വിനിയോഗിച്ചുകൊണ്ടിരുന്നു. പറവൂർ എസ്എൻഡിപി വൈഎംഎയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. അറവുകാട് ക്ഷേത്രയോഗത്തിൽ സജീവമായിരുന്നു. ക്ഷേത്രത്തിന്റെ പടയണി നടത്തുമ്പോൾ നേതാവായി മുന്നിൽ നിന്നു നയിച്ചതും നേതൃത്വം നൽകുന്നതും കേശവൻ ആയിരുന്നു. ഇതിനെത്തുടർന്നാണ് പടയണി വാപ്പൻ എന്ന പേരുവീണത്. 1938-ലെ സമരത്തിൽ പങ്കെടുത്തു. എസ്.സി.17/116 നമ്പർ കേസിൽ ആലപ്പുഴ ലോക്കപ്പിലടച്ചു. ക്രൂരമായ പൊലീസ് മർദ്ദനമേറ്റു. സെഷൻസ് കോടതി ഒരുവർഷത്തെ തടവിനു വിധിച്ചു. എം.ടി. ചന്ദ്രസേനന്റെ ജ്വലിക്കുന്ന അധ്യായം എന്ന പുസ്തകത്തിൽ ഇദ്ദേഹത്തെക്കുറിച്ചു വിവരിച്ചിട്ടുണ്ട്. പുന്നപ്ര സമരത്തിൽ ഓളോത്തറ കൃഷ്ണൻ, തറയിൽ വാസു, രവീന്ദ്രൻ, കണ്ടാരപ്പള്ളി കൃഷ്ണൻ, വി.കെ. കരുണാകരൻ എന്നിവർക്കൊപ്പം പനയ്ക്കൽ ക്യാമ്പിലെ സംഘാടകരിൽ ഒരാളായിരുന്നു. 1977 ജൂൺ 30-ന് അന്തരിച്ചു. കുടുംബാംഗങ്ങൾ പടയണി കേശവൻ മെമ്മോറിയൽ കുടുംബയോഗം രൂപീകരിച്ചിട്ടുണ്ട്. ഭാര്യ: കെ.കെ. കൊച്ചുകാളി.

