പി.കെ. സുകുമാരന്
പുന്നപ്ര വടക്ക് പറവൂർ കൂനാഞ്ഞലിക്കല് വീട്ടിൽ ചിരുതയുടെ മകനായി 1914-ൽ ജനനം. കയർ തൊഴിലാളിയായിരുന്നു. സജീവയൂണിയൻ പ്രവർത്തകനും. എസ്എൻഡിപിയിലും പ്രവർത്തിച്ചിരുന്നു. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലും പൊതുപണിമുടക്കിലും സജീവപങ്കാളിയായി. കേസിൽ ഒൻപതുമാസം തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. പുന്നപ്ര സമരത്തിലെ നായകരിൽ ഒരാളായിരുന്നു: “ഞാൻ ഉൾപ്പെട്ട ജാഥ പനയ്ക്കുളങ്ങര സ്കൂളിൽ നിന്ന് ആരംഭിച്ച് തെക്കോട്ടു സഞ്ചരിച്ച് അറവുകാട് ഹൈസ്കൂൾ മൈതാനത്തിലൂടെ പടിഞ്ഞാറേക്കുപോയി. ഉച്ചഭക്ഷണത്തിനു ശേഷമാണ് ജാഥ ആരംഭിച്ചത്. ചുവപ്പു നിക്കറും ബനിയനുമായിരുന്നുു വേഷം…. ഞങ്ങൾ ഇതിനകം തന്നെ ഒരു സായുധ പോരാട്ടത്തിനു മാനസികമായി തയ്യാറെടുത്തു കഴിഞ്ഞിരുന്നു. തിരിച്ചുവരാൻ കഴിയുമെന്ന് അല്പംപോലും പ്രതീക്ഷ ഇല്ലായിരുന്നിട്ടും മനസ് അല്പംപോലും പതറിയില്ല. കാരണം നാട്ടിലെ സ്ഥിതി അത്രയ്ക്കേറെ മോശമായിരുന്നു… പിരിഞ്ഞു പോകണമെന്ന ബാനർ ഉയർന്നു… നിങ്ങൾ കീഴടങ്ങണമെന്ന ബദൽ നിർദ്ദേശം ഞങ്ങൾവച്ചു. ഇതു നിരസിച്ചു നാടാർ തന്റെ തൊപ്പി പുറകോട്ട് ഇട്ടുകൊണ്ട് ആക്രണത്തിനു നിർദ്ദേശം നൽകുന്നതാണു കണ്ടത്… ആദ്യത്തെ ആക്രമണം പ്രധാനിയായ നാടാരുടെ നേർക്കു തന്നെ നടത്തി. വാരിക്കുന്തം ഉയർത്തി നാടാരുടെ കഴുത്തിനു കുത്തി. പിന്നെ അരയിൽ കരുതിയിരുന്ന കഠാര നാടാരുടെ വയറ്റിൽ കുത്തി…” സുകുമാരന്റെ ഇടതുകൈയുടെ മുട്ടിനു മുകളിലും വലതുകാലിന്റെ മുട്ടിനും താഴെയും വെടികൊണ്ടു. രക്ഷപ്പെട്ടുവെങ്കിലും പൊലീസ് ദിവസങ്ങൾക്കുള്ളിൽ അറസ്റ്റ് ചെയ്തു. പിഇ.9/122 നമ്പർ കേസിൽ മൂന്നുവർഷം വിചാരണ തടവുകാരനായി ആലപ്പുഴ സബ് ജയിലിൽ കിടന്നു. ഭീകരമായ മർദ്ദനം തുടർച്ചയായി നടന്നു. കോടതി ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചു. എട്ടുവർഷം തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞപ്പോൾ പട്ടം താണുപിള്ളയുമായി സർക്കാർ കേസുകൾ പിൻവലിച്ചതോടെ എല്ലാ തടവുകാരോടുമൊപ്പം ജയിൽമോചിതനായി. ഇന്ത്യാ സർക്കാർ താമ്രപത്രം നൽകി ആദരിച്ചു. രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. 1964-നുശേഷം സിപിഐ(എം)ൽ സജീവമായി പ്രവർത്തിച്ചു. മക്കൾ: ശാർങ്ധരൻ, ശാന്തമ്മ, ഭാർഗ്ഗവൻ.

