പി.വി. തോമസ്
ആലപ്പുഴ വടക്ക് സീവ്യൂ വാർഡിൽ വലിയ തൈയിൽ വീട്ടിൽ 1925-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കാളിയായിരുന്നു. ബയണറ്റ് ചാർജ്ജിൽ ഇടതുകാലിന്റെ മുട്ടിനു പരിക്കേറ്റു. അറസ്റ്റ് ചെയ്യപ്പെട്ട് പി.ഇ.9/1122 നമ്പർ കേസിലും പി.ഇ.5/9 നമ്പർ കേസിലും പ്രതിയായി. ആദ്യത്തെ കേസിൽ 14 മാസം ആലപ്പുഴ സബ് ജയിലിലും രണ്ടാമത്തെ കേസിൽ അഞ്ചുവർഷം തിരുവനന്തപുരം സെൻട്രൽ ജയിലിലും ശിക്ഷ അനുഭവിച്ചു. 1950 ഡിസംബറിൽ ജയിലിലെ പീഡനംമൂലം തിരുവനന്തപുരത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടിവന്നു. തോക്കിന്റെ പാത്തികൊണ്ട് മർദ്ദിച്ചതിന്റെ ഫലമായി അവസ്ഥ ഗുരുതരമാവുകയും നാഗർകോവിലെ ആശുപത്രിയിലേക്ക് പിന്നീട് മാറ്റുകയും ചെയ്തു. 1950-ൽ ജയിൽ മോചിതനായി. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. രാജ്യം താമ്രപത്രം നൽകി ആദരിച്ചു.

