പി.കെ. ബാവ
കാഞ്ഞിരംചിറയിൽ കങ്കാളിയുടെയും പാപ്പിയുടെയും മകനായി ജനിച്ചു. പി.കെ. മേദനിയുടെ ജ്യേഷ്ഠനാണ്. മുളകുപൊടി ബാവ എന്നാണ് അറിയപ്പെടുന്നത്. 1948-ൽ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ മുളകുപൊടിയുടെ പൊതിയും കഠാരയും കൈവശമുണ്ടായിരുന്നു. അറസ്റ്റ് ചെയ്യാൻ വരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ മുളകുപൊടി എറിഞ്ഞ് കണ്ണ് ചിമ്മിക്കുക, കഠാര ഉപയോഗിച്ച് ആക്രമിക്കുക തുടങ്ങിയവയായിരുന്നു ബാവയുടെ പ്രതിരോധ തന്ത്രം. പക്ഷേ, പൊലീസ് കീഴ്പ്പെടുത്തി എട്ടുമാസം ലോക്കപ്പിലിട്ടു. ക്രൂരമർദ്ദനമാണ് ബാവയ്ക്കു നേരിടേണ്ടിവന്നത്. എൻ.പി. തണ്ടാരുടെ തിരുമൽ ചികിത്സ ഒന്നുകൊണ്ടു മാത്രമാണ് ജീവൻ നിലനിർത്താനായത്. പുന്നപ്ര സമരകാലത്ത് ബാവ കുട്ടനാട്ടിലായിരുന്നു. അവിടെ ഒളിവിൽ കഴിഞ്ഞിരുന്ന നേതാക്കളെ ഒരു കേന്ദ്രത്തിൽ നിന്നും മറ്റൊരു കേന്ദ്രത്തിലേക്ക് സ്റ്റഡിക്ലാസിനും മറ്റും വേണ്ടി കൊണ്ടുപോകുന്നതിനുള്ള ചുമതലയിലായിരുന്നു. കുട്ടനാട്ടിൽ നിന്നും അറസ്റ്റിലായി. സിപിഐ(എം) കളർകോട് ലോക്കൽ കമ്മിറ്റി ആദ്യകാല സെക്രട്ടറി ആയിരുന്നു. ബാവയെക്കുറിച്ച് വി.കെ. ഭാസ്കരൻ 1989-ലെ നവയുഗം വിശേഷാൽ പതിപ്പിൽ എഴുതിയിട്ടുണ്ട്.

