ജോസഫ് ലൂയിസ്
വാടയ്ക്കൽ വെട്ടിയൊഴിക്കൽ വീട്ടിൽ ജോസഫിന്റെ മകനായി ജനനം. തുറമുഖ തൊഴിലാളി. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്തു. പുന്നപ്ര പൊലീസ്ക്യാമ്പ് ആക്രമണത്തിൽ പങ്കാളിയായി. ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് എത്തിച്ചേർന്ന ജാഥയിലെ അംഗമായിരുന്നു ലൂയിസ്. ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ്വളഞ്ഞു. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു. കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു. 48/22 നമ്പർ കേസിൽ 67-ാംപ്രതിയായി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവിലായി.

