കറുത്തകുഞ്ഞ് വേലായുധൻ
വാടയ്ക്കൽ തൈപ്പറമ്പിൽ കറുത്തകുഞ്ഞിന്റെ മകനായി ജനനം. മത്സ്യത്തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് എത്തിച്ചേർന്ന ജാഥയിലെ അംഗമായിരുന്നു വേലായുധൻ. ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു. കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു.48/22 നമ്പർ കേസിൽ 95-ാം പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടു. ക്രൂരമർദ്ദനത്തിനിരയായി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ പ്രത്യേകം സജ്ജീകരിച്ച കോടതിയിലായിരുന്നു വിചാരണ.