വി.കെ. സദാനന്ദൻ
കയർ ഫാക്ടറി തൊഴിലാളിയും യൂണിയൻ പ്രവർത്തകനുമായിരുന്നു. പാർടി പ്രവർത്തകനെന്ന നിലയിൽ ആറാട്ടുവഴി ക്യാമ്പിൽ കുന്തം ഉപയോഗിക്കുന്നതിനുള്ള പരിശീലനം നേടി. ഒക്ടോബർ 23-ന് കളപ്പുര മൈതാനത്തുനിന്നും അഞ്ഞൂറ് തൊഴിലാളികളുടെ ജാഥ പുറപ്പെട്ടു. മൈലാപ്പൂർ പട്ടരെ വേണമോ നാട്ടാരേ… വേണ്ടായേ വേണ്ടായേ ഞങ്ങൾക്കു വേണ്ടായേ… എന്നു പാട്ടുപാടി മുന്നോട്ടുപോയി. ശവക്കോട്ട പാലത്തിന്റെ വടക്കേക്കര വഴി തുമ്പോളി പള്ളിയുടെ അടുത്തുചെന്നു പിരിഞ്ഞു. അപ്പോഴേക്കും പുന്നപ്രയിലെ വെടിവയ്പ്പിന്റെ വിവരം ലഭിച്ചു. രാത്രി എസ് സഹോദരന്മാരും മറ്റുചില യൂണിയൻ പ്രവർത്തകരും വീട്ടിൽ യൂണിയൻ റെക്കോർഡുകളും മൈക്ക് സെറ്റുമായി വന്നു. അവ മൂത്രപ്പുരയിൽ കുഴിച്ചിട്ടു. ഏതാനും ദിവസം കഴിഞ്ഞ് പൊലീസ് റെയ്ഡ് ചെയ്തു. കുഴിച്ചിട്ടവ പുറത്തെടുത്ത് പൊലീസിനെ ഏൽപ്പിക്കേണ്ടിവന്നു. തൊണ്ടിമുതലുമായി ബസിൽ കയറ്റി ലോക്കപ്പിൽ അടച്ചതുമുതൽ മർദ്ദനത്തിന്റെ കാഠിന്യം കൂടിക്കൂടി വന്നു. പിഇ.7/1122 നമ്പർ കേസിൽ പ്രതിയായി ഒൻപതുമാസം ആലപ്പുഴ ലോക്കപ്പിലും സബ് ജയിലിലുമായി കഴിയേണ്ടിവന്നു.

