കെ.കെ. കൃഷ്ണൻകുട്ടി
കായംകുളം പേരുവള്ളിഭാഗം മുറിയിൽ 1912-ൽ ജനിച്ചു. വിദ്യാർത്ഥി ആയിരിക്കുമ്പോൾ വിദേശവസ്ത്ര ബഹിഷ്കരണ സമരത്തിൽ പങ്കാളിയായി. കോൺഗ്രസ് നേതാവ് കുമാറാണ് വിദ്യാർത്ഥിയായ കൃഷ്ണൻകുട്ടി എന്ന പ്രക്ഷോഭകാരിയെ കണ്ടെത്തിയത്. നിവർത്തന പ്രക്ഷോഭത്തിലും പങ്കെടുത്തു. 1934-ൽ ആലപ്പുഴയിൽ കയർ ഫാക്ടറി തൊഴിലാളിയായി യൂണിയൻ പ്രവർത്തനം ആരംഭിച്ചു. കോൺഗ്രസിലും തുടർന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലും, 1940-ൽ കമ്മ്യൂണിസ്റ്റ് പാർടിയിലും അംഗമായി. 1938-ലെ പൊതുപണിമുടക്കിൽ ശവക്കോട്ടപ്പാലം വെടിവയ്പ്പിൽ രക്തസാക്ഷികളായവർ കെ.കെ.യുടെ കൈകളിൽ കിടന്നാണ് അന്ത്യശ്വാസം വലിച്ചത്. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു മരണത്തിൽ നിന്നും തലനാഴിരയ്ക്കാണു രക്ഷപ്പെട്ടത്. ഇരുപതുമാസത്തോളം വിവിധ ജയിലുകളിലായി ശിക്ഷ അനുഭവിക്കുകയും ക്രൂരമർദ്ദനത്തിന് ഇരയാവുകയും ചെയ്തു. പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. ഭാര്യ: പി.കെ. ലക്ഷ്മി.

