ഇട്ടിയാതി ദാമോദരൻ
ആലപ്പുഴ വാടയ്ക്കൽ നിലവേട്ടുവേലി വീട്ടിൽ ഇട്ടിയാതിയുടെ മകനായി 1915-ൽ ജനിച്ചു. കയർതൊഴിലാളി ആയിരുന്നു. 1938-ലെ പൊതുപണിമുടക്കിന്റെ സജീവപ്രവർത്തകനായിരുന്നു. ഒക്ടോബർ 23-ലെ പ്രകടനത്തിലും പങ്കെടുത്തു.വൈകിട്ട് വലിയൊരുകൂട്ടം തൊഴിലാളികൾ കൊമേഴ്സ്യൽ കനാലിന്റെ വടക്കുതീരത്തുകൂടി പ്രകടനമായി നീങ്ങി. കമ്പനിയിലെ കരിങ്കാലി പണിക്കാർക്കെതിരെ ബലപ്രയോഗം നടത്തി. ഡാറാസ്മെയിൽ കമ്പനി വാതിൽ പൊളിക്കാൻ ശ്രമിക്കുകയും വള്ളങ്ങളിലെ ചരക്ക് നശിപ്പിക്കുകയും ചെയ്തു. പട്ടാളം എത്തിയപ്പോൾ തൊഴിലാളികൾ മുന്നോട്ടു നീങ്ങി. വോൾക്കാർട്ട് ബ്രദേഴ്സിന്റെ കമ്പനി പടിക്കൽ നിന്നും എതിർവശമുള്ള പൊലീസ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞു. ബോംബെ കമ്പനി പടിക്കലിലെ വള്ളങ്ങൾ ആക്രമിച്ചു. വള്ളക്കരെ പിടിച്ച് റോഡിൽ കൊണ്ടുവന്നു പ്രഹരിച്ചു. കമ്പനി ഗേറ്റുകൾ പൊളിക്കാൻ ശ്രമിക്കുകയും പട്ടാളത്തിനുനേരെ കല്ലെറിയുകയും ചെയ്തു. തുടർന്ന് ലാത്തിചാർജ്ജുണ്ടായി. അവിടെവച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. മജിസ്ട്രേട്ട് കോടതിയിൽ 4/114 നമ്പർ കേസിൽ പ്രതിയായി. സെഷൻസ് കോടതി 7/116 നമ്പർ കേസിൽ ശിക്ഷിച്ചു. രണ്ടാം പ്രതിയായ ദാമോദരൻ ഒൻപതുമാസം സെൻട്രൽ ജയിലിൽ കഠിനതടവ് അനുഭവിച്ചു.