ഔസേപ്പ് ഗ്രിഗറി
ആലപ്പുഴ പുളിക്കൽ ഔസേപ്പിന്റെ മകനായി 1916-ൽ ജനനം.. മത്സ്യത്തൊഴിലാളി. യൂണിയൻ പ്രവർത്തകനായിരുന്നു. യൂണിയന്റെ ആവിർഭാവം തൊഴിലാളികളിൽ വലിയ ഉണർവുണ്ടാക്കി. അവർ പ്രമാണിമാരുടെ അനീതിയെ ചോദ്യം ചെയ്യുവാൻ തുടങ്ങി. അന്യായമായ പങ്കുവയ്പ്പ് സംബന്ധിച്ച തർക്കങ്ങളുണ്ടായി. അതു പ്രമാണിമാർക്കു സഹിക്കുന്നതിനുമപ്പുറമായിരുന്നു. കള്ളക്കേസിൽ കുടുക്കി യൂണിയൻ പ്രവർത്തകരെ മർദ്ദിച്ച് ഒതുക്കുകയെന്ന നയമാണ് അവർ സ്വീകരിച്ചത്. നാല് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു ലോക്കപ്പിലിട്ടു ക്രൂരമായി മർദ്ദിച്ചു. അവരെ പിന്നീട് ഒന്നരവർഷം കഠിനതടവിനു ശിക്ഷിച്ചു. കള്ളപ്പരാതികളുടെ അടിസ്ഥാനത്തിൽ കൂടുതൽ യൂണിയൻ പ്രവർത്തകരെ പൊലീസ് അന്വേഷിച്ച് എത്തിയതോടെ സംഘർഷം രൂക്ഷമായി. തുടർന്ന് അന്തപ്പൻ മുതലാളിയുടെ ഓഫീസും കൂടങ്ങളും പ്രമാണിമാരുടെ വീടുകളും ആക്രമിക്കപ്പെട്ടു. കേസിൽ ഗ്രിഗറി 1-ാം പ്രതി ആയിരുന്നു. ജയിലിൽ ക്രൂരമർദ്ദനം ഏറ്റുവാങ്ങി. 1949 ഡിസംബർ 8-ന് ആലപ്പുഴ സെഷൻസ് കോടതി ആറുവർഷവും ഏഴുമാസവും കഠിനതടവിനു ശിക്ഷിച്ചു. 500 രൂപ പിഴയടക്കാനും വിധിയായി.

