എം.കെ. ലക്ഷ്മണൻ (പി.കെ. ലക്ഷ്മണൻ)
വാടയ്ക്കൽ തൈപ്പറമ്പിൽ പപ്പുവിന്റെ മകനായി ജനനം. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന ലക്ഷ്മണൻ ഇടയ്ക്ക് ഡാറാസ്മെയിൽ കമ്പനിയിൽ മുടിമാടൽ പണിക്കും പോകുമായിരുന്നു. 1944-ൽ തെങ്ങുകയറ്റ തൊഴിലാളി യൂണിയൻ സംഘടിപ്പിക്കുന്നതിൽ മുൻകൈയെടുത്തു. പൊതുയോഗ പ്രസംഗങ്ങൾ ലക്ഷ്മണനെ പൊലീസിന്റെ നോട്ടപ്പുള്ളിയാക്കി. റ്റിവിയുടെ അധ്യക്ഷതയിൽ മൂന്ന് യോഗങ്ങൾ ചേർന്നശേഷമാണ് പണിമുടക്ക് തീയതി നിശ്ചയിച്ചത്. ആ യോഗങ്ങളിൽ യൂണിയനെ പ്രതിനിധീകരിച്ചു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ചിറ്റപ്പനായ കുഞ്ഞുണ്ണി ഇൻസ്പെക്ടറെ വെട്ടിയപ്പോൾ ലക്ഷ്മണൻ ഹെഡ്കോൺസ്റ്റബിൾ കൃഷ്ണൻനായരെയും വെട്ടി. കമിഴ്ന്നികിടന്നു നീന്തി വെടിവയ്പ്പിൽ നിന്നും രക്ഷപ്പെട്ടു. ഒളിവിൽ പോയി. ഒരുമാസം കഴിഞ്ഞ് വീട്ടിൽ തിരിച്ചുവന്നപ്പോൾ പൊലീസ് വീട് വളഞ്ഞ് അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ സത്യൻ മർദ്ദിച്ചു ബോധംകെടുത്തി. അരയ്ക്കും കാലിനും ചങ്ങലയിട്ടു. പത്രക്കാർക്കു മുന്നിൽ കുന്തവും അരുവയും പിടിച്ച് പ്രദർശിപ്പിച്ചു. “നാടാർ ഘാതകൻ അറസ്റ്റിൽ” എന്ന് പത്രവാർത്തയും വന്നു. 48/122 നമ്പർ കേസിൽ 9-ാം പ്രതിയായി. സ്പെഷ്യൽ കോടതി രണ്ട് ജീവപര്യന്തവും പിഴയും ശിക്ഷിച്ചു. പട്ടം സർക്കാരുമായുള്ള രാഷ്ട്രീയ ഒത്തുതീർപ്പിന്റെ ഭാഗമായി മോചിപ്പിക്കപ്പെടുന്നതുവരെ ഏതാണ്ട് ഒരുദശാബ്ദം ജയിലിൽ തടവുകാരനായി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ഒരു യുപി സ്കൂളിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി ജോലി ചെയ്തു.