എ.കെ. രാമൻകുട്ടി
രാമൻകുട്ടി ഡാറാസ്മെയിൽ കമ്പനിയിലെ ഫാക്ടറി
കമ്മിറ്റി കൺവീനർ ആയിരുന്നു. നേതാക്കൾ അവരവരുടെ
വാർഡുകളിൽ ട്രേഡ് കൗൺസിലുകൾ രൂപീകരിക്കുന്നതിനും
ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും നിർദ്ദേശിക്കപ്പെട്ടു.
അങ്ങനെ രാമൻകുട്ടി കൊമ്മാടി പടിഞ്ഞാറുള്ളപുളിച്ചുവടു ക്യാമ്പിന്റെ സംഘാടകനായി. നവോദയം
വായനശാല കേന്ദ്രീകരിച്ചുള്ള യുവാക്കളായിരുന്നു ഈ
ക്യാമ്പിന്റെ പ്രവർത്തകർ. ഇവർ പുന്നപ്ര-വയലാർ
സമരത്തിനുശേഷവും ഒരു സംഘമായി പാർടി
യോഗങ്ങൾക്കു സംരക്ഷണം നൽകുന്നതിനും ഗുണ്ടകളെ
പ്രതിരോധിക്കുന്നതിനും തുടർന്നു പ്രവർത്തിച്ചു. കളപ്പുര
ശ്മശാനവും മാലിന്യകേന്ദ്രവും പാർക്കാക്കാൻ
തീരുമാനിച്ചപ്പോൾ എത്രയോനാളായി മാലിന്യംകൊണ്ട്
മൂടിക്കിടന്നിരുന്ന ട്രോളി പാളങ്ങൾ ഇവർ വീണ്ടെടുത്തു
വിറ്റു. അതുകൊണ്ട് ഒരു ഡസൻ പ്രവർത്തകർക്കു കാക്കി
നിക്കറും ചുവപ്പു ഷർട്ടും യൂണിഫോം തയ്പ്പിച്ചു
നൽകിയിരുന്നു. ഇവർ യൂണിഫോമിൽ ഒക്ടോബർ 23-ന്റെ
ജാഥയ്ക്കു മുന്നിൽ അണിനിരന്നു. ക്യാമ്പിൽ
വോളണ്ടിയർമാർ കുറവായിരുന്നെങ്കിലും പ്രദേശത്തെ
ജനങ്ങൾ ഏതാണ്ട് മുഴുവൻപേരും പ്രകടനത്തിൽ
പങ്കാളികളായി.