എം.എസ്. ഫ്രാൻസിസ്
ആലപ്പുഴ വടക്ക് ആറാട്ടുവഴി മങ്കിയിൽ വീട്ടിൽ സെബാസ്റ്റ്യന്റെയും ഏലിയാമ്മയുടെയും മകനായി 1921-ൽ ജനിച്ചു. ഡാറാസ്മെയിൽ കമ്പനിയിൽ ജോലിക്കു പോയി. ഇടതുപക്ഷ കോൺഗ്രസുകാരനായിരുന്നു. 1938-ലെ സമരത്തിൽ പങ്കെടുത്തു. ഒരു ഫാക്ടറിയിൽ നിന്നും രണ്ടുപേർ വീതം ആനമുട്ടം ഗോപാലന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ജാഥയിൽ പങ്കെടുക്കാൻ പോയി. 1942- ൽ പട്ടാളത്തിൽ ചേർന്നു. മണിപ്പൂർ കിഴക്കേ അതിർത്തിയിൽ സേവനമനുഷ്ഠിച്ചു. 1946-ൽ പട്ടാളത്തിൽ നിന്നും പിരിഞ്ഞുപോന്നു. ഡാറാസ്മെയിലിൽ വീണ്ടും ജോലിക്കു കയറി. കൊമ്മാടി പുളിമരച്ചോട്ടു ക്യാമ്പിലെ പരിശീലകനായി. കളരിമുറകൾ അറിയാവുന്നതുകൊണ്ട് പ്രാഞ്ചിയാശാൻ എന്നാണു വിളിച്ചിരുന്നത്. ചെന്താപറമ്പിൽ അപ്പച്ചൻ, അവലൂക്കുന്ന് ദയാനന്ദൻ എന്നിങ്ങനെ മറ്റ് രണ്ട്എക്സ് സർവ്വീസ് മെൻമാർകൂടി ക്യാമ്പിൽ പരിശീലകരായി ഉണ്ടായിരുന്നു. പരിശീലനത്തിന് ആളുകൾ കുറവായിരുന്നെങ്കിലും നാടുമുഴുവൻ 23-ന്റെ ജാഥയിൽ പങ്കെടുത്തു. സി.കെ. കേശവന്റെ നിർദ്ദേശപ്രകാരം തലേന്നു രാത്രി പുന്നപ്രയിലേക്കു പോയി. മറ്റു കുറച്ചു പരിശീലനം കിട്ടിയവർകൂടി അറപ്പപൊഴിയിലൂടെ അടുത്തുള്ള ചായക്കടയിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് വീടുകളിൽ നിന്നും ഊണ് കഴിച്ച് ശീമോന്റെ നേതൃത്വത്തിൽ പരിശീലനം കിട്ടിയ സ്ക്വാഡ് പൊലീസ് ക്യാമ്പിലേക്കു നീങ്ങി. അവിടെ എത്തുംമുമ്പ് വെടിവയ്പ്പായി. മുന്നേറാൻ നിർവ്വാഹമില്ലാത്ത സാഹചര്യമായതിനാൽ കടപ്പുറത്തേക്കു പിൻവാങ്ങി. വടക്കോട്ടു നടന്നു. നഗരത്തിൽ എത്തിച്ചേർന്നു. ആര്യാട് രാത്രി കഴിച്ചുകൂട്ടി. പൊലീസ് അന്വേഷിച്ചു വന്നപ്പോൾ ബോട്ടിൽ തേവരയിലേക്കു പോയി. അവിടെ ആദ്യം ഒരു ചായക്കടയിലും പിന്നീട് കാൾടെക്സിലും ജോലി ചെയ്തു. വീട്ടിൽ രഹസ്യമായി വന്നപ്പോൾ പൊലീസ് പിടിയിലായി. ലോക്കപ്പ് മർദ്ദനത്തിനിരയായി. 1947 സെപ്തംബറിലാണ് ജയിൽ മോചിതനായത്. 2009-ൽ അന്തരിച്ചു. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ജോൺ, എൽസി.