കേശവൻ കരുണാകരൻ
ആലപ്പുഴ തെക്ക് ആറാട്ടുവഴി വാർഡ് സ്രാമ്പിക്കൽ വീട്ടിൽ കേശവന്റെ മകനായി 1919-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം നേടി. കയർ തൊഴിലാളിയായിരുന്നു. ചെറുപ്പകാലം മുതൽ യൂണിയൻ പ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു. 1930-ലെ വിദേശവസ്ത്ര ബഹിഷ്കരണം, 1936-ലെ പണിമുടക്ക്, 1938-ലെ പൊതുപണിമുടക്ക് എന്നിവയിൽ പങ്കെടുത്തു. അറസ്റ്റ് ചെയ്യപ്പെടുകയും ഒൻപത് മാസം തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷയനുഭവിച്ചു. തുലാം എട്ടാം തീയതിയിലെ കുന്തക്കേസ് എന്നറിയപ്പെടുന്ന സ്റ്റേഷൻ ആക്രമണത്തിലും പങ്കെടുത്തു. ഇടതുകാലിന്റെ മുട്ടിനു താഴെയും കണ്ണിനു താഴെയും പരിക്കേറ്റു. പുന്നപ്ര സമരത്തിൽ വോളണ്ടിയർ ക്യാപ്റ്റനായിരുന്ന കരുണാകരൻ അറസ്റ്റ് ചെയ്യപ്പെട്ട് ആറുമാസം ആലപ്പുഴ ലോക്കപ്പിൽ മർദ്ദനമനുഭവിച്ചു. പൊലീസ് കരുണാകരന്റെ പലചരക്കുകട കൊള്ളയടിച്ചു. മർദ്ദനമേറ്റ് ഏറെ അവശനായാണ് ജയിൽമോചിതനായത്. സ്വാതന്ത്ര്യത്തിനുശേഷവും കാഞ്ഞിരംചിറയിൽ കരുണാകരൻ ചെറിയൊരു കട നടത്തിയിരുന്നു. ഉസ്താദ് എന്നായിരുന്നു നാട്ടുകാർ വിളിച്ചിരുന്നത്.