കുഞ്ഞന്‍ തമ്പി
ആലപ്പുഴ തെക്ക് കുതിരപ്പന്തി വാർഡ് വെളിയില്‍ വീട്ടില്‍ 1904-ൽ ജനനം. 1938-ലെ പ്രായപൂര്‍ത്തി വോട്ടവകാശത്തിനും ഉത്തരവാദ ഭരണത്തിനും വേണ്ടിയുള്ള പൊതുപണിമുടക്കില്‍ പങ്കെടുത്തു. ജനറല്‍ സപ്ലൈ ഏജന്‍സിയിലെ പായ് നെയ്ത്ത് തൊഴിലാളിയായിരുന്നു. സമരത്തെ തുടര്‍ന്നു ജോലി നഷ്ടമായി. പ്രസ്തുത കമ്പനിയിലെ സ്ട്രൈക്ക് കമ്മിറ്റി കണ്‍വീനറായിരുന്നു. പുന്നപ്ര സമരത്തിൽ സജീവമായിരുന്നു. ബോംബെ കമ്പനി ഫാക്ടറി കമ്മിറ്റി കണ്‍വീനറായും പ്രവർത്തിച്ചു. പുന്നപ്ര സമരത്തിൽ വാർഡ് കൗൺസിലിന്റെ കൺവീനറായി പ്രവർത്തിച്ചതുമൂലം ബോംബെ കമ്പനിയിൽ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. പൊലീസ് വീട് വളയുകയും പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടതിന്റെ അരിശം തീർക്കുവാൻ വീട്ടുസാധനങ്ങളും മറ്റും പൊലിസ് തല്ലിത്തകർത്തു. ഒരുമാസത്തിനുശേഷം വട്ടയാലുള്ള ഒളിവുസങ്കേതത്തിൽ നിന്നും തമ്പിയെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂരമായ മർദ്ദനത്തിനിരയായ തമ്പിയുടെ കാൽമുട്ടിനു മുകളിലുണ്ടായ വലിയ മുറിവ് മർദ്ദനത്തിന്റെ ആഘാതം എത്രമാത്രമായിരുന്നുവെന്നതു സൂചിപ്പിക്കുന്നതാണ്. 1979 നവംബർ 11-ന് അന്തരിച്ചു. ഭാര്യ: കുഞ്ഞമ്മ ദേവകി

