കുഞ്ഞന്‍ കൃഷ്ണന്
ആലപ്പുഴ തെക്ക് കളർകോട് വാരിയം പറമ്പില്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പറമ്പന്‍ എന്ന പേരിലറിയപ്പെട്ടിരുന്നു. പുന്നപ്ര സമരകാലത്ത് ആലപ്പി കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന് കണ്‍വീനറും വോളണ്ടിയർ ക്യാപ്റ്റനും ആയിരുന്നു. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു.അറസ്റ്റിലായി. 22 മാസം ആലപ്പുഴ സബ് ജയിലിൽ തടവിലായി. ഇതിൽ ഒൻപതുമാസം വി.എസ്. അച്യുതാനന്ദനോടൊപ്പം സഹതടവുകാരനായിരുന്നു. പൊലീസിന്റെ ഇരുമ്പുവടികൊണ്ടുള്ള മർദ്ദനത്തിൽ കൃഷ്ണന്റെ അസ്തിയൊടിഞ്ഞു വളഞ്ഞ സ്ഥിതിയിലായി. മാത്രമല്ല ഇരുമ്പ് പൈപ്പ് പഴുപ്പിച്ച് മുതുകിൽവച്ച് പീഡിപ്പിക്കുകയുമുണ്ടായി. സിനിമാ നടൻ സത്യൻ ഇൻസ്പെക്ടർ ആയിരിക്കുമ്പോൾ കുഞ്ഞൻ കൃഷ്ണനെക്കൊണ്ട് മൂത്രം കുടിപ്പിച്ചിട്ടുണ്ട്. ജയിലിലായിരുന്നപ്പോൾ വീട് പൊലീസ് വളയുകയും വീട്ടുസാധനങ്ങൾ നശിപ്പിക്കുകയും വീടിനു തീവയ്ക്കുകയും ചെയ്തുു. നാട്ടുകാർ പണവും സാധനങ്ങളും ശേഖരിച്ച് വീട് പുതുക്കിനിർമ്മിച്ചു. മർദ്ദനങ്ങളും പീഡനങ്ങളും കുഞ്ഞന്റെ സമരവീര്യത്തെ തളർത്താനായില്ല. 1964-നുശേഷം സിപിഐ(എം)ന്റെ പ്രവർത്തകനായി. മിച്ചഭൂമി സമരം, കുടികിടപ്പ് സമരം, പൊത്തുകെട്ട് സമരം എന്നിവയിലെല്ലാം സജീവപങ്കാളിയായി. അദ്ദേഹത്തിന്റെ വീടിനു സമീപമുള്ള റോഡിന് സമരസേനാനി റോഡ് എന്നാണു വിളിച്ചിരുന്നത്. 2002 ഒക്ടോബർ 27-ന് അന്തരിച്ചു.മകള്സുവര്ണ്ണ പുന്നപ്ര പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

