ലോലൻ മൈക്കിൾ
ആലപ്പുഴ വടക്ക് പൊലീസ് സ്റ്റേഷനു സമീപം കരിത്തറയിൽ വീട്ടിൽ 1908-ൽ ജനനം. കയർ ഫാക്ടറി തൊഴിലാളി. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്തു. രാജാവിന്റെ ജന്മദിനമായ 1938 ഒക്ടോബർ 24-ന് നിരോധനം ലംഘിച്ച് തൊഴിലാളികൾ നടത്തിയ ജാഥയുടെ മുൻനിരയിൽ മൈക്കിൾ ഉണ്ടായിരുന്നു. പ്രകടനം ശവക്കോട്ട പാലത്തിനു സമീപം എത്തിയപ്പോൾ പൊലീസ് വെടിവച്ചു. മൈക്കിളിന്റെ വലതു കാലിനു വെടിയേറ്റു. കാല് മുറിച്ചു മാറ്റേണ്ടിവന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട കേസിൽ 40-ാം പ്രതിയായിരുന്നു. കാല് നഷ്ടപ്പെട്ടതുകൊണ്ടാകാം കോടതി നാലുമാസം വെറും തടവിനു ശിക്ഷിച്ചു. ആലപ്പുഴ സബ് ജയിലിലായിരുന്നു ശിക്ഷാ കാലയളവ് പൂർത്തിയാക്കിയത്. വലതു കൈയുടെ മുട്ടിനും വെടിയേറ്റിരുന്നു. തൊഴിൽ ചെയ്യാനുള്ളശേഷി പൂർണ്ണമായും നഷ്ടപ്പെട്ടു.

