കെ. കുഞ്ഞുണ്ണി
വാടയ്ക്കൽ കണ്ണങ്കാട്ട് മാധവി പുരയിടത്തിൽ കൃഷ്ണന്റെ
മകനായി ജനനം. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു.
പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണ കേസിൽ
ഇൻസ്പെക്ടർ വേലായുധൻ നാടാരെ വെട്ടി വീഴ്ത്തിയത്
കുഞ്ഞുണ്ണിയാണ്. പി.കെ. ചന്ദ്രാനന്ദന്റെ വാക്കുകളിൽ:
“കുത്തേറ്റ വേലായുധൻ നാടാർ നിന്നു പുളയുകയാണ്.
തെങ്ങുകയറ്റ തൊഴിലാളിയായ കുഞ്ഞുണ്ണി പരവൻ തന്റെ
പണിയായുധവുമായി വേലായുധൻ നാടരുടെ മുന്നിൽ
നിമിഷനേരം സ്തംഭിച്ചു നിന്നതും വെട്ടടാ എന്നു
പറഞ്ഞുകൊണ്ടുള്ള അടിയും കുഞ്ഞുണ്ണി പരവൻ
ഇൻസ്പെക്ടറെ വെട്ടിയിട്ടതും ഒരുമിച്ചു കഴിഞ്ഞു”. 48/22
നമ്പർ കേസിൽ 14-ാം പ്രതിയായി. പൊലീസിനു
പിടികൊടുക്കാതെ ഒളിവിൽപോയി. 11 വർഷം കഴിഞ്ഞ്
1957-ലെ കമ്മ്യൂണിസ്റ്റ് സർക്കാർ അറസ്റ്റ് വാറണ്ട്
പിൻവലിച്ചശേഷമാണു പുറത്തുവന്നത്.