സി.ഒ. മാത്യു
ആലപ്പുഴ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലെ ഉജ്ജ്വലനേതാക്കളിൽ ഒരാളായിരുന്നു 1914-ൽ മൂവാറ്റുപുഴ തിരുവമ്പാടി പകുതിയിൽ ഉലഹന്നാന്റെ മകനായി ജനിച്ച മാത്യു. ചെറുപ്പകാലത്ത് കയർ ഫാക്ടറി ജോലിക്കായി ആലപ്പുഴയിൽ വന്നു. ശവക്കോട്ടപ്പാലത്തിനു സമീപം ഹർഷവിലാസത്തിലായിരുന്നു താമസം. തിരുവിതാംകൂർ ലേബർ യൂണിയന്റെ തൊഴിലാളി ബാലജനസഖ്യത്തിന്റെ നേതാവായിരുന്നു. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ 1938-ൽ രൂപീകരിച്ചപ്പോൾ ബാലജനസഖ്യത്തിന്റെ സ്വത്തും പ്രവർത്തനവും പുതിയ യൂണിയനിൽ ലയിപ്പിച്ചു. യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗമായി. 1938-ലെ പൊതുപണിമുടക്കിന്റെ സജീവപ്രവർത്തകനും ഒക്ടോബർ 23-ന്റെ സംഭവഗതികളുടെ നായകരിൽ ഒരാളുമായിരുന്നു. അന്നത്തെ സമ്മേളനങ്ങളിലെ പ്രാസംഗികനും പ്രകടനങ്ങളെ മുന്നിൽ നിന്നു നയിക്കുകയും ചെയ്തു.ബോംബെ കമ്പനിയുടെ മുന്നിൽ നടന്ന ലാത്തിച്ചാർജ്ജിനുശേഷംഅറസ്റ്റ് ചെയ്യപ്പെട്ടു. മജിസ്ട്രേട്ട് കോടതിയിൽ 4/114 നമ്പർ കേസിൽ പ്രതിയായി. സെഷൻസ് കോടതി 7/116 നമ്പർ കേസിൽ ശിക്ഷിച്ചു. 51-ാം പ്രതിയായ മാത്യു ഒന്നരവർഷം സെൻട്രൽ ജയിലിൽ കഠിനതടവ് അനുഭവിച്ചു.