സി.എ. പീറ്റർ
വാടയ്ക്കൽ – വട്ടയാൽ – കുതിരപ്പന്തി വാർഡുകളിലെ എക്സ് സർവ്വീസ് മെൻകാർക്ക് ഒരു കമ്മിറ്റി ഉണ്ടായിരുന്നു. ഇവരുടെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത് സി.എ. പീറ്ററിനെയാണ്. പുന്നപ്രക്കാരൻ സുഗതൻ ആയിരുന്നു സെക്രട്ടറി. ഒക്ടോബർ 22-ന് വൈകുന്നേരം ഷൺമുഖവിലാസം ഭജനമഠത്തിനു സമീപം പി.കെ. ചന്ദ്രാനന്ദൻ എക്സ് സർവ്വീസുകാരുടെ യോഗം വിളിച്ചുചേർത്ത് പിറ്റേന്നത്തെ ജാഥ ആസൂത്രണം ചെയ്തു. ഒക്ടോബർ 23-ന് കൊല്ലം – ആലപ്പുഴ റോഡിലൂടെ പട്ടാളവേഷം ധരിച്ച് മാർച്ച് ചെയ്ത് ആലപ്പുഴ ലത്തീൻ പള്ളി വഴി തെക്കോട്ടു വട്ടയാൽ സ്കൂളിനു സമീപംവന്ന് പിരിയാനായിരുന്നു തീരുമാനം. “ഞങ്ങളെ തല്ലിയാൽ ഞങ്ങളും തല്ലും” എന്ന ബാനർ പിടിച്ചായിരുന്നു ജാഥ.തിരുവമ്പാടിയിൽവച്ച് ഡി.എസ്.പി വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിൽവന്നപട്ടാളവണ്ടി തടഞ്ഞു. രണ്ട് എക്സ് സർവ്വീസുകാർ രക്തസാക്ഷികളായെങ്കിലും പട്ടാളം പിന്തിരിയാൻ നിർബന്ധിതരായി. ഇവർ പുന്നപ്ര പൊലീസ് ക്യാമ്പിൽ എത്തിയിരുന്നെങ്കിൽ കനത്ത ആൾനാശം ഉണ്ടാകുമായിരുന്നു.

