പി.കെ. കൃഷ്ണൻകുട്ടി
ആലപ്പുഴ വടക്ക് കൊമ്മാടിയിൽ പൊഴിക്കൽ വീട്ടിൽ കുഞ്ഞുകണ്ടയുടെയും കൊച്ചുകുറുമ്പിന്റെയും മകനായി 1924-ൽ ജനിച്ചു. തുമ്പോളി സെന്റ് തോമസ് സ്കൂളിൽ ഏഴാംക്ലാസുവരെ പഠിച്ചു. 17-ാം വയസിൽ എമ്പയർ കയർ വർക്സിൽ ജോലിക്കു പോയി. പായ നെയ്ത്തുകാരനായി. യൂണിയൻ പ്രവർത്തകനും ഫാക്ടറി കമ്മിറ്റി കൺവീനറും ആയിരുന്നു. കൊമ്മാടിയിലെ കൊടംപുളി മരച്ചുവട്ടിൽ കൊപ്ര ഉണക്കാൻ ഉപയോഗിക്കുന്ന രണ്ട് തട്ടികൾ പൊക്കിവച്ചതായിരുന്നു പുളിമരച്ചുവട് ക്യാമ്പ്. വാരിക്കുന്തം എടുത്തുകൊണ്ട് നിലത്തു കമിഴ്ന്നുകിടന്നു പറ്റേ മുന്നോട്ടു നീങ്ങാൻ
പ്രാഞ്ചിയാശാൻ പരിശീലനം നൽകി. ബയണറ്റ് ചാർജ്ജ് ചെയ്താൽ ഒഴിഞ്ഞുമാറാനും തോക്കുപിടിക്കാനും പരിശീലനം ഉണ്ടായിരുന്നു. പ്രമാണിമാർ എല്ലാ വീടും വിട്ടുപോയി ബനിയന്മാരുടെ പാണ്ടികശാലയിൽ അഭയം പ്രാപിച്ചു. ഒക്ടോബർ 23-ന് ചെറുചെറു ജാഥകളായി ആലപ്പുഴയിലേക്കു പ്രവഹിച്ചു. കൃഷ്ണൻകുട്ടിയുടെ വേഷം കാക്കി ട്രൗസറും ചുവപ്പു ഷർട്ടുമായിരുന്നു. കഠാരയും കാറ്റബെൽറ്റുമുണ്ടായിരുന്നു ആയുധങ്ങൾ. ജാഥ
ശവക്കോട്ടപ്പാലത്തിൽ നിന്ന് പടിഞ്ഞാറോട്ടു തിരിഞ്ഞ് ബീച്ചിൽ എത്തി പിരിഞ്ഞു. പുന്നപ്ര വെടിവയ്പ്പിനുശേഷം മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരം ക്യാമ്പ് പിരിച്ചുവിട്ടു. പകൽ വീടിനടുത്തുള്ള കാട്ടിൽ ഒളിച്ചുതാമസിച്ചു. പിന്നെ മാരാരിക്കുളത്ത് ഒളിവിൽ താമസിച്ചു. അവിടെവച്ച് അറസ്റ്റിലായി. പി.ഇ.7/1122 നമ്പർ കേസിൽ 10 മാസംജയിലിൽ കിടന്നു. ഭാര്യ: ബേബി. മക്കൾ: രാജീവൻ,സുഷമ.